തെലുഗു സൂപ്പർ സ്റ്റാർ രാംചരൺ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'ഗെയിം ചേഞ്ചർ'. പ്രശസ്‌ത സംവിധായകൻ ഷങ്കർ ആണ് ഈ സിനിമ അണിയിച്ചൊരുക്കുന്നത്. ഇപ്പോഴിതാ 'ഗെയിം ചേഞ്ചറി'ലെ രാംചരണിന്‍റെ ലുക്കാണ് ഏവരുടെയും ചർച്ചാവിഷയം. കഴിഞ്ഞ ദിവസം പുറത്തുവന്ന താരത്തിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ഇതുവരെ കാണാത്ത, വേറിട്ട ലുക്കിലാണ് രാംചരൺ. സിനിമ സെറ്റിൽ നിന്നുള്ള താരത്തിൻ്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. താരത്തിൻ്റെ ആരാധക പേജിലൂടെയാണ് ഫോട്ടോ പുറത്തുവന്നത്. നിമിഷങ്ങൾക്കകം തന്നെ ആരാധകർ ചിത്രം ഏറ്റെടുത്തു.
ഫോർമൽ ഔട്ട്‌ഫിറ്റിൽ 'ജെന്‍റിൽമാൻ' ലുക്കിലാണ് രാംചരൺ. പൂർണമായും ഷേവ് ചെയ്‌ത ലുക്ക് ആഘോഷമാക്കുകയാണ് ആരാധകർ. ഐഎഎസ് ഓഫിസറുടെ വേഷമാണ് ഈ പാൻ - ഇന്ത്യൻ ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത് എന്നാണ് വിവരം.
അതേസമയം പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായ 'ഗെയിം ചേഞ്ചർ' സിനിമയുടെ അവസാന ഭാഗത്തിൻ്റെ ചിത്രീകരണം ആന്ധ്രാപ്രദേശിലെ വിശാഖിൽ പുരോഗമിക്കുകയാണ്. ബോളിവുഡിന്‍റെ പ്രിയ താരം കിയാര അദ്വാനിയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. കിയാരയുടെ ആദ്യത്തെ പാൻ - ഇന്ത്യൻ ചിത്രം കൂടിയാണ് 'ഗെയിം ചേഞ്ചർ'.
കൂടാതെ ഇത് രണ്ടാം തവണയാണ് കിയാരയും രാംചരണും ഒരു ചിത്രത്തിനായി കൈകോർക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ 'വിനയ വിധേയ രാമ' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് വേഷമിട്ടത്. 2019ൽ ആയിരുന്നു 'വിനയ വിധേയ രാമ' സിനിമയുടെ റിലീസ്.
ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവും സിരീഷും ചേർന്നാണ് ആക്ഷൻ ത്രില്ലർ ചിത്രം 'ഗെയിം ചേഞ്ചർ' നിർമിക്കുന്നത്. നിലവിലെ രാഷ്‌ട്രീയം ഉൾക്കൊള്ളുന്ന ആക്ഷൻ ഡ്രാമയായിട്ടാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തെലുഗുവിന് പുറമെ തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ ഈ ചിത്രം റിലീസ് ചെയ്യും.
അതേസമയം ജാൻവി കപൂറും കന്നഡ നടൻ ശിവരാജ്‌കുമാറും അഭിനയിക്കുന്ന തൻ്റെ അടുത്ത വലിയ പ്രോജക്‌ടായ 'RC16' എന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പിൽ കൂടിയാണ് രാം ചരൺ. ഒരു പാൻ-ഇന്ത്യൻ പ്രോജക്റ്റ് എന്ന് പറയപ്പെടുന്ന ഈ ചിത്രം 'ഉപ്പേന' എന്ന ബ്ലോക്ക്ബസ്‌റ്റർ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച യുവ സംവിധായകൻ ബുച്ചി ബാബു സനയാണ് സംവിധാനം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് അവതരിപ്പിക്കുന്ന, 'RC16' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം വെങ്കട സതീഷ് കിലാരു ആണ് വൃദ്ധി സിനിമയുടെ ബാനറിൽ നിർമിക്കുന്നത്.
ALSO READ: രാം ചരൺ-ബുച്ചി ബാബു സന ചിത്രം 'ആര്‍സി 16' ; നായിക ജാൻവി കപൂർ