ഹൈദരാബാദ്: പ്രധാന ഒടിടി പ്ലാറ്റ്‌ഫോമുകള്‍ താല്‍പര്യം കാണിക്കാത്ത സാഹചര്യത്തില്‍ സ്വന്തം വെബ് സീരീസ് എക്‌സിലൂടെ പുറത്തുവിട്ട് നടനും സംവിധായകനും നിർമ്മാതാവുമായ രക്ഷിത് ഷെട്ടി. തന്‍റെ ഏറ്റവും പുതിയ സീരീസായ 'എകം' ആണ് താരം സ്വന്തം പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്‌തത്. താരത്തിന്‍റെ വെബ് സീരീസ് സ്വന്തമാക്കാൻ പ്രധാനപ്പെട്ട ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഒന്നും തന്നെ തയ്യാറായിരുന്നില്ല.
2020ല്‍ ചിത്രീകരണം ആരംഭിച്ച 'ഏകം' നാല് വര്‍ഷത്തിന് ശേഷമാണ് പ്രക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. 2021 ഒക്‌ടോബറോടെ തന്നെ ഇതിന്‍റെ ഫൈനല്‍ കട്ട് റെഡിയായിരന്നുവെന്നും തുടര്‍ന്ന് റിലീസിനായി ഒടിടി പ്ലാറ്റ്‌ഫോമുകളെ കണ്ടെത്താനാണ് കൂടുതല്‍ പരിശ്രമിക്കേണ്ടി വന്നതെന്നും രക്ഷിത് ഷെട്ടി വ്യക്തമാക്കി. സീരീസ് വാങ്ങാൻ മറ്റ് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഒന്നും താല്‍പര്യം കാണിക്കാതെ വന്ന സാഹചര്യത്തിലാണ് താരം സ്വന്തമായി തന്നെ ഇത് പുറത്ത് വിടാൻ നിര്‍ബന്ധിതനായത്. തങ്ങള്‍ പുറത്തുവിട്ട സീരിസിന്‍റെ മൂല്യം പ്രേക്ഷകര്‍ മനസിലാക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
'ഓരോ ഉള്ളടക്കങ്ങളുടെയും മൂല്യം തീരുമാനിക്കാനുള്ള അവകാശം പ്രേക്ഷകര്‍ക്കാണെന്നാണ് ഞങ്ങള്‍ കരുതുന്നത്. അതുകൊണ്ടാണ് ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ ഏകം നിങ്ങളിലേക്ക് എത്തിക്കാൻ തീരുമാനിച്ചത്. നിങ്ങള്‍ക്കിത് ഇഷ്‌ടപ്പെടുകയും ഇഷ്‌ടപ്പെടാതിരിക്കുകയും ചെയ്യാം. എന്നാല്‍, ഞങ്ങളുടെ ഈ ശ്രമത്തെ നിങ്ങള്‍ക്ക് അവഗണിക്കാനാകില്ല. ഞങ്ങളെ പോലും നിങ്ങളും ഈ സീരീസ് ആസ്വദിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു'- രക്ഷിത് ഷെട്ടി അഭിപ്രായപ്പെട്ടു.
777 ചാർലി, സപ്‌ത സാഗരദാച്ചേ എല്ലോ - സൈഡ് എ, സപ്‌ത സാഗരദാച്ചേ എല്ലോ - സൈഡ് ബി തുടങ്ങിയ ബാക്ക്-ടു-ബാക്ക് ഹിറ്റുകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ള താരമാണ് രക്ഷിത് ഷെട്ടി. 2010ലാണ് അദ്ദേഹം ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്.
ALSO READ: ദര്‍ശനയും റോഷനും ഒന്നിക്കുന്ന 'പാരഡൈസ്': ശ്രദ്ധേയമായി 'അകലെയായി' ഗാനം