ബോളിവുഡിലെ മിന്നുംതാരം രാജ്‌കുമാർ റാവു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ശ്രീകാന്ത്'. കാഴ്‌ചപരിമിതിയുള്ള, വെല്ലുവിളികളെ ധീരമായി നേരിട്ട വ്യവസായി ശ്രീകാന്ത് ബൊല്ലയുടെ ജീവിതം വരച്ചുകാട്ടുന്ന ബയോപിക് സിനിമയാണിത്. ബോളിവുഡ് സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നു.
ശ്രീകാന്തിൻ്റെ ജീവിതത്തെക്കുറിച്ചും അദ്ദേഹത്തിൻ്റെ ഉയർച്ച താഴ്‌ചകളെക്കുറിച്ചും സൂചന നൽകുന്നതാണ് ട്രെയിലർ. ടീ- സീരീസിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന, 2 മിനിറ്റും 28 സെക്കൻഡും ദൈർഘ്യമുള്ള ട്രെയിലർ ചുരുങ്ങിയ സമയംകൊണ്ട് 56 ലക്ഷത്തിലേറെ കാഴ്‌ചക്കാരെ നേടിക്കഴിഞ്ഞു. ശ്രീകാന്ത് ബൊല്ലയായി രാജ്‌കുമാർ റാവു അസാമാന്യപ്രകടനം തന്നെയാണ് കാഴ്‌ചവയ്‌ക്കുന്നതെന്ന് ട്രെയിലർ അടിവരയിടുന്നു.
- " class="align-text-top noRightClick twitterSection" data="">
"ശ്രീകാന്തിൻ്റെ കാഴ്‌ചപ്പാടിലൂടെ ഓരോ നിമിഷവും അസാധാരണമാകുന്ന ഒരു യാത്ര ആരംഭിക്കുക!'' എന്ന് കുറിച്ചുകൊണ്ടാണ് നിർമാതാക്കൾ ട്രെയിലർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. മെയ് 10 ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും. തുഷാർ ഹിരാനന്ദാനിയാണ് ഈ ബയോപിക് സംവിധാനം ചെയ്യുന്നത്.
രാജ്‌കുറിനൊപ്പം തെന്നിന്ത്യയുടെ പ്രിയതാരം ജ്യോതികയും 'ശ്രീകാന്തി'ൽ പ്രധാന വേഷത്തിലുണ്ട്. ടീച്ചറുടെ വേഷത്തിലാണ് താരം എത്തുന്നത്. അലയ എഫ്, ശരദ് കേൽക്കർ എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അതേസമയം യുണൈറ്റഡ് സ്റ്റേറ്റ്സിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മാനേജ്മെൻ്റ് സയൻസ് പഠിച്ച ആദ്യത്തെ അന്തർദേശീയ - കാഴ്‌ച പരിമിതിയുള്ള ആളാണ് ശ്രീകാന്ത് ബൊല്ല. ബൊല്ലൻ്റ് ഇൻഡസ്‌ട്രീസിൻ്റെ സ്ഥാപകനുമാണ് അദ്ദേഹം. കാഴ്‌ച പരിമിതി എന്നത് ഒരാളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഒരു തടസമാകരുതെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത ധീരനായ മനുഷ്യൻ കൂടിയാണ് ശ്രീകാന്ത് ബൊല്ല.
ഒരു ക്ലാസ് മുറിയിൽ കോളജ് വിദ്യാർഥികൾ അവരുടെ കരിയർ ലക്ഷ്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന ദൃശ്യത്തോടെയാണ് സിനിമയുടെ ട്രെയിലർ ആരംഭിക്കുന്നത്. ശ്രീകാന്ത് ബൊല്ല, ഇന്ത്യയിലെ ആദ്യത്തെ കാഴ്‌ച പരിമിതിയുള്ള രാഷ്‌ട്രപതിയാകാനാണ് തന്‍റെ ആഗ്രഹമെന്ന് പറയുന്നു. സാക്ഷാൽ എപിജെ അബ്‌ദുൾ കലാമായിരുന്നു വിദ്യാർഥികളോട് അവരുടെ ലക്ഷ്യങ്ങളെക്കുറിച്ച് ചോദിച്ചത്.
പഠനത്തിൽ മിടുക്കനായ വിദ്യാർഥിയാണെങ്കിലും, സയൻസ് സ്‌ട്രീമിൽ ബൊല്ലയ്‌ക്ക് പ്രവേശനം നിഷേധിക്കപ്പെടുകയാണ്. തുടർന്ന് തൻ്റെ ടീച്ചറുമായി ചേർന്ന്, കാഴ്‌ച പരിമിതിയുള്ള കുട്ടികൾക്ക് സയൻസ് കോഴ്‌സുകളിൽ സീറ്റ് നിഷേധിച്ചതിന് ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ കേസെടുക്കാൻ അദ്ദേഹം ശ്രമിക്കുന്നു. പലപ്പോഴും കടുത്ത വിവേചനം നേരിട്ട ശ്രീകാന്ത് തന്നെപ്പോലെയുള്ളവർക്കായി ഒരു ബിസിനസ് ആരംഭിക്കുന്നതും ട്രെയിലറിൽ കാണാം. ശ്രീകാന്തിൻ്റെ അക്കാദമിക് ജീവിതത്തിനുപുറമെ, അദ്ദേഹത്തിന്‍റെ പ്രണയവും ട്രെയിലറിൽ പ്രതിപാദിക്കുന്നുണ്ട്.
ഏവരെയും പ്രചോദിപ്പിക്കുന്ന ശ്രീകാന്ത് ബൊല്ലയുടെ ജീവിതകഥ ബിഗ് സ്‌ക്രീനിലേക്കെത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷകളും വാനോളമാണ്. 2024-ൽ പുറത്തിറങ്ങുന്ന രാജ്‌കുമാർ റാവുവിൻ്റെ ആദ്യ ചിത്രം കൂടിയാണ് 'ശ്രീകാന്ത്'.
ALSO READ: ബഡേ മിയാൻ ചോട്ടെ മിയാന്‍റെ വരവ് വൈകും; റിലീസ് തീയതിയിൽ മാറ്റം