ഹൈദരാബാദ്: ദക്ഷിണേന്ത്യന്‍ മെഗാതാരം രജനീകാന്തിന്‍റെയും ഭാര്യ ലതാ രജനീകാന്തിന്‍റെയും 43ാം വിവാഹ വാര്‍ഷിക ദിനമാണ് ഫെബ്രുവരി 27. ഇരുവര്‍ക്കും ഇളയപുത്രി സൗന്ദര്യ രജനീകാന്ത് എക്സിലൂടെ ആശംസകള്‍ നേര്‍ന്നു. ഇരുവരുടെയും മനോഹരമായ ചിത്രങ്ങളും അതിമനോഹരമായ ആശംസകുറിപ്പിനൊപ്പം സൗന്ദര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വിവാഹ ദിനത്തില്‍ അമ്മ അണിയിച്ച മാലയും മോതിരവും എല്ലാക്കൊല്ലവും വിവാഹ വാര്‍ഷിക ദിനത്തില്‍ അച്ഛനെക്കൊണ്ട് അണിയിക്കാറുണ്ടെന്ന് സൗന്ദര്യ ആശംസ പോസ്റ്റില്‍ വെളിപ്പെടുത്തുന്നു. രണ്ട് പേരും എപ്പോഴും ഒന്നിച്ച് പാറ പോലെ ഇങ്ങനെ ഉറച്ച് നില്‍ക്കട്ടെയെന്നും സൗന്ദര്യ ആശംസിക്കുന്നു.
ലതയും രജനിയും ഒരുമിച്ച് നിന്ന് അവരുടെ മാലകളും മോതിരങ്ങളും കാട്ടുന്ന അതിമനോഹരമായ ചിത്രങ്ങളാണ് സൗന്ദര്യ പോസ്റ്റില്‍ പങ്കുവച്ചിരിക്കുന്നത്. 1981 ഫെബ്രുവരി 28നായിരുന്നു പരമ്പരാഗത ചടങ്ങുകള്‍ പ്രകാരം ഇരുവരും വിവാഹിതരായത്. ഒരു കെട്ടുകഥപോലെ അതിമനോഹരമാണ് ഇവരുടെ പ്രണയകഥ. 1980ല്‍ 'തില്ലു മുല്ലു' എന്ന ചിത്രത്തിന്‍റെ ചിത്രീകരണ വേളയിലാണ് ഒരു കോളജ് മാഗസിന് വേണ്ടി അഭിമുഖത്തിനായുള്ള അഭ്യര്‍ത്ഥനയുമായി ഒരു വിദ്യാര്‍ത്ഥിനി രജനിയുടെ മുന്നിലെത്തുന്നത്. ആ അഭിമുഖത്തിലൂടെ തന്‍റെ എക്കാലത്തെയും ആത്മസുഹൃത്തിനെ രജനി കണ്ടെത്തുകയായിരുന്നു. ലത രംഗാചാരി എന്ന ആ പെണ്‍കുട്ടിയാണ് പിന്നീട് രജനിയുടെ ജീവിതം പങ്കിടാന്‍ പിറ്റേക്കൊല്ലം തന്നെ എത്തിച്ചേര്‍ന്നത്.
രജനിയെ സംബന്ധിച്ചിടത്തോളം ഇത് ആദ്യദര്‍ശനത്തിലെ അനുരാഗമായിരുന്നു. അവള്‍ തനിക്കുള്ളതാണെന്ന് അപ്പോഴേ രജനി കുറിച്ചു. അഭിമുഖത്തിനിടയില്‍ തന്നെ തന്‍റെ പ്രണയം അവളോട് ധൈര്യപൂര്‍വം രജനി തുറന്ന് പറഞ്ഞു. എന്നാല്‍ മാതാപിതാക്കളുടെ അനുവാദം വാങ്ങാനായിരുന്നു അവളുടെ മറുപടി. പിന്നീട് തന്‍റെ ആത്മസുഹൃത്ത് വൈ ജി മഹേന്ദ്രന് ലതയുമായി കുടുംബപരമായ ബന്ധമുണ്ടെന്ന് രജനി മനസിലാക്കുന്നു.
ലതയുടെ മാതാപിതാക്കളുടെ അനുവാദം തേടും മുമ്പ് സിനിമയിലെ തന്‍റെ പല മുതിര്‍ന്നവരുടെയും പിന്തുണ തേടി. ക്രമേണ ലതയുടെ മാതാപിതാക്കള്‍ക്കും വിവാഹത്തിന് സമ്മതം മൂളേണ്ടി വന്നു. ആന്ധ്രാപ്രദേശിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ വച്ച് രജനി ലതയുടെ കഴുത്തില്‍ താലി ചാര്‍ത്തി. ഇരുവര്‍ക്കും രണ്ട് പെണ്‍മക്കളാണുള്ളത്. ഐശ്വര്യയും സൗന്ദര്യയും. ഇനിയും ഇനിയും ഒരുപാടൊരു കൊല്ലം ഈ പ്രണയപ്പുഴ തടസമില്ലാതെ ഒഴുകട്ടെ എന്നാണ് തെന്നിന്ത്യയിലെ രജനീ ആരാധകരും ആശംസിക്കുന്നത്.