ഹൈദരാബാദ്: സൂപ്പര്‍ ഹിറ്റായ പുഷ്പയുടെ രണ്ടാം ഭാഗത്തിനായി ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. ചിത്രത്തിൻ്റെ നിർമാണത്തിൽ മുഴുകിയിരിക്കുകയാണെന്നും ഷൂട്ടിങ് അതിവേഗം പുരോഗമിക്കുകയാണെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിൻ്റെ ഷൂട്ടിങ് ഇപ്പോൾ റാമോജി ഫിലിം സിറ്റിയിൽ പുരോഗമിക്കുകയാണ്.
സിനിമയുടെ സുപ്രധാന രംഗങ്ങൾ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ് പ്രൊഡക്ഷൻ ടീം. ഈ സീനുകൾക്കും സ്വീക്വൻസുകൾക്കും ജീവൻ നൽകുന്നതിനായി മറ്റ് അഭിനേതാക്കൾക്കൊപ്പം കഠിന പ്രയത്നത്തിലാണ് നടൻ അല്ലു അർജുൻ. സുകുമാറിൻ്റെ സംവിധാനത്തിൽ പിറക്കുന്ന 'പുഷ്പ 2' പ്രേക്ഷകർക്ക് മറ്റൊരു സിനിമാറ്റിക് അനുഭവം നൽകുമെന്നതിൽ സംശയമില്ല.
പുഷ്പയുടെ ശ്രീവല്ലിയായ രശ്മിക മന്ദാന ലീഡ് റോളിൽ എത്തുന്നുവെന്നത് പ്രേക്ഷകരുടെ ആവേശം വർധിപ്പിക്കുന്നു. മൈത്രി മൂവി മേക്കേഴ്സിൻ്റെ ബാനറിൽ നവീൻ യേർനേനിയും രവിശങ്കറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.