ഹൈദരാബാദ്: പുഷ്‌പ 2 സിനിമ പ്രദര്‍ശനത്തിനിടെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്‌റ്റിലായ നടന്‍ അല്ലു അര്‍ജുന് ജാമ്യം. തെലുഗാന ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
നടനെ ഹൈദരാബാദ് നാമ്പള്ളി മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നടപടി. ജസ്‌റ്റിസ് ശ്രീദേവിയാണ് ജാമ്യഹര്‍ജി പരിഗണിച്ചത്. മനപൂര്‍വമല്ലാത്ത നരഹത്യക്കുറ്റം നിലനില്‍ക്കുമോയെന്ന് കോടതി സംശയം ഉന്നയിച്ചു. ബോധപൂര്‍വം ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്ന വകുപ്പും നടനെതിരെ എടുക്കാനാകുമോയെന്നും കോടതി ആരാഞ്ഞു.
ബോധപൂര്‍വം ആരേയും ഉപദ്രവിക്കാന്‍ അല്ലു അര്‍ജുന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തിക്കും തിരക്കും നിയന്ത്രിക്കേണ്ടത് പോലീസാണെന്നും അതിനാല്‍ അല്ലു ഇതിന് ഉത്തരവാദിയല്ലെന്നുമാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ദുരന്തം ഉണ്ടാകുമ്പോള്‍ താരം തിയേറ്ററിനുള്ളില്‍ ആയിരുന്നുവെന്നും അന്വേഷണവുമായി സഹകരിക്കാന്‍ താരം തയാറാണെന്നും നടന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.
അതേസമയം സിനിമയുടെ പ്രീമിയര്‍ ദിവസം അപ്രതീക്ഷിതമായി അല്ലുവും സംഘവും തിയേറ്ററില്‍ എത്തിയത് വലിയ ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയെന്നും അതിനാലാണ് അപകടമുണ്ടായതെന്നും അല്ലുവിന് ജാമ്യം നല്‍കരുത് എന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.
വെള്ളിയാഴ്‌ച ഉച്ചയോടെയാണ് അല്ലു അര്‍ജുന്‍റെ വസതിലെത്തി തെലുഗാന പോലീസ് നടനെ അറസ്‌റ്റ് ചെയ്‌തത്. തുടര്‍ന്ന് താരത്തിന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം അല്ലു അര്‍ജുനെ നാമ്പള്ളി കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ മാസം 27 വരെയാണ് അല്ലു അര്‍ജുനെ നാമ്പള്ളി കോടതി റിമാൻഡ് ചെയ്‌തതിരുന്നത്. ഇതേ തുടര്‍ന്നാണ് അശ്വാസം തേടി അല്ലു അര്‍ജുനും, താരത്തിന്‍റെ ലീഗല്‍ ടീമും തെലുങ്കാന ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ചിക്കഡ്പ്പള്ളി പൊലീസ് അസിസ്‌റ്റന്‍റ് കമ്മീഷണര്‍ക്ക് തങ്ങള്‍ നേരത്തെ തന്നെ കത്ത് നല്‍കിയിട്ടുണ്ടെന്ന് വ്യക്‌തമാക്കി സന്ധ്യ തിയേറ്റർ മാനേജ്‌മെന്‍റും രംഗത്തെത്തി. 'പുഷ്‌പ 2 ദി റൂള്‍' പ്രീമിയര്‍ ഷോയുമായി ബന്ധപ്പെട്ട് ആരാധകരുടെ തിരക്ക് മുന്നില്‍ കണ്ടാണ് തിയേറ്റര്‍ അധികൃതര്‍ സംരക്ഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.
ഡിസംബർ 4ന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ നടന്ന 'പുഷ്‌പ 2: ദി റൂള്‍' പ്രീമിയര്‍ ഷോയ്‌ക്കിടെ തിക്കിലും തിരക്കിലും പെട്ടാണ് യുവതി മരിച്ചത്. സിനിമയുടെ പ്രീമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (35) യാണ് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കര്‍, മക്കളായ ശ്രീതേജ്, സാന്‍വിക്ക് എന്നിവര്‍ക്കൊപ്പമാണ് രേവതി 'പുഷ്‌പ 2'വിന്‍റെ പ്രീമിയര്‍ ഷോ കാണാനെത്തിയത്.
ഇതിനിടെ അല്ലു അര്‍ജുന്‍ തിയേറ്ററിലേയ്‌ക്ക് അപ്രതീക്ഷിതമായി എത്തുകയും ആരാധകരുടെ തിരക്ക് വര്‍ദ്ധിക്കുകയും ചെയ്‌തു. ഈ അവസരത്തില്‍ തിയേറ്ററിലേയ്‌ക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ രേവതിയും അവരുടെ അവരുടെ 13 വയസ്സ് പ്രായമുള്ള മകന്‍ ശ്രീതേജും കുഴഞ്ഞു വീഴുകയായിരുന്നു. യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീ തേജ് ചികിത്സയില്‍ തുടരുകയാണ്.
തുടര്‍ന്ന് അപകടം നടന്ന സന്ധ്യ തിയേറ്റര്‍ ഉടമ, തിയേറ്റര്‍ മാനേജര്‍, സെക്യൂരിറ്റി ചീഫ് എന്നിവരെ പ്രതിയാക്കി പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. ശേഷമാണ് കേസില്‍ അല്ലു അര്‍ജുനെ പ്രതി ചേര്‍ക്കുന്നത്. അല്ലു അർജുനും താരത്തിന്‍റെ സുരക്ഷാ ടീമിനും തിയേറ്റർ മാനേജ്‌മെന്‍റിനും എതിരെ 105, 118 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തു.
അതേസമയം അപകടത്തില്‍ മരിച്ച യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് അല്ലു അർജുൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ശ്രീ തേജിൻ്റെ ചികിത്സ ചെലവുകൾ വഹിക്കുമെന്നും കുടുംബത്തെ നേരില്‍ കാണുമെന്നും താരം വാഗ്‌ദാനം ചെയ്‌തിരുന്നു.