എറണാകുളം: നിവിൻ പോളിക്കെതിരെയുള്ള പീഡന ആരോപണം ആസൂത്രിതം. പീഡനം നടന്നുവെന്ന് പറയുന്ന തീയതികളിൽ നിവിൻ പോളി കൊച്ചിയിൽ തന്നെ എന്നതിന് തെളിവ് പുറത്ത്. ലൈംഗികാരോപണ പരാതി ആസൂത്രിതമാണെന്ന് നിർമാതാവ് കൃഷ്‌ണൻ സേതുകുമാർ. പെൺകുട്ടി തന്നെ പീഡിപ്പിച്ചുവെന്ന് പറയുന്ന ഡിസംബർ പതിനാലാം തീയതി നിവിൻ പോളി 'വർഷങ്ങൾക്കുശേഷം' എന്ന ചിത്രത്തിന്‍റെ സെറ്റിൽ ഉണ്ടെന്നുള്ള കാര്യം വ്യക്തമാണെന്ന് കൃഷ്‌ണൻ സേതുകുമാർ വെളിപ്പെടുത്തി. അന്നേ ദിവസം നിവിൻ പോളിക്കൊപ്പമെടുത്ത ഫോട്ടോ കൃഷ്‌ണൻ സേതുകുമാർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

ആസിഫ് അലി ചിത്രം 'ബൈസൈക്കിൾ തീവ്സ്', മമ്മൂട്ടി ചിത്രം 'ഉണ്ട' എന്നീ സിനിമകളുടെ നിർമാതാവായ കൃഷ്‌ണൻ സേതുകുമാർ ഇപ്പോൾ നിർമിക്കുന്ന 'ഫാർമ' എന്ന വെബ് സീരീസിൽ നിവിൻ പോളിയാണ് നായകൻ. വിനീത് ശ്രീനിവാസൻ ചിത്രമായ വർഷങ്ങൾക്കുശേഷത്തിലെ ചില രംഗങ്ങൾ അഭിനയിച്ച് തീർക്കാൻ ഫാർമയുടെ സെറ്റിൽ നിന്നും നിവിൻ പതിമൂന്നാം തീയതിയാണ് വർഷങ്ങൾക്കുശേഷത്തിന്‍റെ സെറ്റിൽ എത്തുന്നത്.
ഫാർമയുടെ ചിത്രീകരണം എറണാകുളത്തും ആലുവയിലും വർഷങ്ങൾക്കുശേഷം എന്ന ചിത്രം എറണാകുളത്തെ ന്യൂക്ലിയസ് മാളിലുമാണ് അപ്പോൾ നടന്നുകൊണ്ടിരുന്നത്. 13, 14 തീയതികളിൽ വർഷങ്ങൾക്കുശേഷത്തിന്‍റെ വർക്കുകൾ പൂർത്തിയാക്കി പതിനഞ്ചാം തീയതി തന്നെ ഫാർമയുടെ സെറ്റിൽ നിവിൻപോളി ജോയിൻ ചെയ്‌തു. ഇത് വളരെ വ്യക്തമായ കാര്യമാണ്.
ദുബായിൽ വച്ച് പീഡിപ്പിച്ചുവെന്ന പരാതി അതുകൊണ്ടുതന്നെ വ്യാജമാണെന്ന് മനസിലാക്കാമെന്ന് കൃഷ്‌ണൻ സേതുകുമാർ ഇടിവി ഭാരതിനോട് പ്രതികരിച്ചു. കൃഷ്‌ണൻ സേതുകുമാർ പറഞ്ഞ അഭിപ്രായം ശരിയാണെന്ന് ഫാർമ വെബ് സീരിസിന്‍റെ സംവിധായകൾ പിആർ അരുണും ഇടിവി ഭാരതിനോട് പറഞ്ഞു.