ബ്ലെസ്സിയുടെ 'ആടുജീവിത'ത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. 16 വര്‍ഷം 'ആടുജീവിത'ത്തിനായി മാറ്റിവച്ച ബ്ലെസ്സി എന്ന സംവിധായകന് അവാര്‍ഡ് ലഭിച്ചതാണ് തന്നെ ഏറെ സന്തോഷിപ്പിക്കുന്നതെന്നും പൃഥ്വിരാജ് പ്രതികരിച്ചു.
താന്‍ ഒരിക്കലും പുരസ്‌കാരങ്ങള്‍ക്ക് വേണ്ടി മോഹിക്കാറില്ലെന്നും കിട്ടുമ്പോള്‍ സന്തോഷിച്ചാല്‍ മതിയല്ലോ എന്നുമാണ് പൃഥ്വിരാജ് പറയുന്നത്. 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട സന്തോഷം ഒരു പ്രമുഖ മാധ്യമത്തോട് പങ്കുവയ്‌ക്കുകയായിരുന്നു പൃഥ്വിരാജ്.
'മികച്ച നടനുള്ള അംഗീകാരം എനിക്ക് ലഭിച്ചു എന്നുള്ളതിനൊപ്പം തന്നെ ആ സിനിമയ്‌ക്ക് ഇത്രയും അംഗീകാരം കിട്ടി എന്നുള്ളതില്‍ ഒരുപാട് സന്തോഷമുണ്ട്. ഈ അംഗീകാരങ്ങള്‍ക്കൊപ്പം തന്നെ ആ സിനിമയ്‌ക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും വലിയ അംഗീകാരം, സിനിമ റിലീസ് ചെയ്‌തപ്പോള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആ സിനിമയ്‌ക്ക് അംഗീകാരം തന്നുവെന്നുള്ളതാണ്. ശേഷമാണ് ഈ അംഗീകാരം കിട്ടുന്നത് എന്നത് സന്തോഷത്തിന് ആക്കം കൂട്ടുന്നു.
എല്ലാ സിനിമയ്‌ക്കും പിന്നില്‍ വലിയൊരു അദ്ധ്യായമുണ്ട്. 'ആടുജീവിത'ത്തിന്‍റെ കാര്യത്തില്‍ അത് വളരെ വലുതാണ്. എന്‍റെ കരിയറില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞ സിനിമയും കഥാപാത്രവുമായിരുന്നു ഇത്. ഈ പുരസ്‌കാരം പ്രഖ്യാപിക്കുന്ന വേളയില്‍ താന്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്നത് നജീബിനെയും അദ്ദേഹത്തിന്‍റെ കഥ ലോകത്തെ അറിയിച്ച ബെന്യാമിന്‍ എന്ന കഥാകൃത്തിനെയും, 16 വര്‍ഷം ഒരു സിനിമയ്‌ക്കും ഒരു കഥയ്‌ക്കും വേണ്ടി ജീവിതം മാറ്റിവച്ച ബ്ലെസ്സി എന്ന സംവിധായകനേയുമാണ്.
മറ്റാരെക്കാളും ഈ സിനിമയ്‌ക്ക് കിട്ടിയ അംഗീകാരങ്ങളില്‍ ഏറ്റവും ക്രെഡിറ്റ് കൊടുക്കേണ്ടത് ബ്ലെസ്സി ചേട്ടനാണ്. അദ്ദേഹത്തിന് കിട്ടിയ അംഗീകാരങ്ങളില്‍ ഒരു അഡീഷണല്‍ അംഗീകാരമാണ് അതില്‍ അഭിനയിച്ച നടന്‍ എന്ന നിലയില്‍ എനിക്ക് കിട്ടിയതെന്നേ ഞാന്‍ കരുതുന്നുള്ളു. ഈ സിനിമയില്‍ അവാര്‍ഡ് ലഭിച്ച എല്ലാവരും അത് അര്‍ഹിക്കുന്നു എന്നുള്ള അഭിപ്രായക്കാരനാണ് ഞാന്‍. സിനിമ കണ്ടവരാര്‍ക്കും അതില്‍ എതിര്‍ അഭിപ്രായം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.' -പൃഥ്വിരാജ് പറഞ്ഞു.
ഇക്കുറി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ എട്ട് പുരസ്‌കാരങ്ങളാണ് ബ്ലെസിയുടെ 'ആടുജീവിതം' സ്വന്തമാക്കിയത്.
ആടുജീവിതം നേടിയ പുരസ്‌കാരങ്ങള്‍
മികച്ച നടന്‍ - പൃഥ്വിരാജ്
മികച്ച സംവിധാനയകന്‍ - ബ്ലെസ്സി
മികച്ച ജനപ്രിയ ചിത്രം - ആടുജീവിതം
മികച്ച അവലംബിത തിരക്കഥ - ബ്ലെസ്സി
മികച്ച ഛായാഗ്രാഹണം - സുനില്‍ കെ എസ്
മികച്ച ശബ്‌ദമിശ്രണം - റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍
മേക്കപ്പ് ആര്‍ട്ടിസ്‌റ്റ് - രഞ്‌ജിത്ത് അമ്പാടി
മികച്ച നടനുള്ള ജൂറി പരാമര്‍ശം - കെ ആര്‍ ഗോകുല്‍