എറണാകുളം : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് മലയാള സിനിമ രംഗത്ത് നടക്കുന്ന സംഭവങ്ങളിൽ തുറന്നടിച്ച് നടൻ പൃഥിരാജ്. ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമ മേഖലയെ എങ്ങനെ ബാധിക്കണമോ, അങ്ങനെ തന്നെ ബാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. താര സംഘടനയായ അമ്മയ്ക്ക് വീഴ്‌ച സംഭവിച്ചുവെന്നും പൃഥിരാജ് വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം ആദ്യമായി കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. ഹേമ കമ്മിറ്റി ചൂണ്ടി കാണിച്ച വിഷയങ്ങളിൽ പഴുതടച്ച അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വരുമ്പോൾ തനിക്കൊരു ഞെട്ടലുമില്ല. ഹേമ കമ്മിഷനുമായി ആദ്യം സംസാരിച്ചത് താൻ ആണ്. തുടർ നടപടികൾ എന്താണ് എന്ന് അറിയണമെന്ന് താൽപര്യമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.
സ്ഥാനങ്ങളിൽ ഇരിക്കുന്ന ആളുകൾ ആരോപണം നേരിടുമ്പോൾ സ്ഥാനങ്ങളിൽ നിന്ന് മാറി അന്വേഷണം നേരിടണമെന്നാണ് തൻ്റെ അഭിപ്രായം. നിലവിൽ ആരോപണങ്ങളാണ് ഉയർന്ന് വന്നിട്ടുള്ളത്. ഇതിൽ അന്വേഷണം നടത്തി കുറ്റക്കാരാണെങ്കിൽ മാതൃക പരമായ ശിക്ഷ ലഭിക്കണം. മറിച്ചാണെങ്കിൽ തെറ്റായ ആരോപണം ഉന്നയിച്ചവരും ശിക്ഷിക്കപ്പെടണമെന്നും പൃഥിരാജ് വ്യക്തമാക്കി.
ആരോപണ വിധേയരുടെ പേരുകൾ പുറത്തുവരുന്നത് നമ്മുടെ നിയമ വ്യവസ്ഥ തടയുന്നില്ല. ആരോപണ മുന്നയിക്കുന്നവരുടെ പേരുകളാണ് സംരക്ഷിക്കപ്പെടേണ്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട പേരുകൾ പുറത്ത് വരണമെന്നും പൃഥിരാജ് പറഞ്ഞു.
മലയാള സിനിമയെ നിയന്ത്രിക്കുന്ന പവർ ഗ്രൂപ്പ് ഉണ്ടോയെന്ന് തനിക്ക് പറയാൻ കഴിയില്ല. ഇത്തരമൊരു പവർ ഗ്രൂപ്പുമായി ബന്ധപ്പെട്ട എന്തെങ്കിലും അനുഭവം തനിക്ക് ഉണ്ടായിട്ടില്ല. എന്നാൽ അത് കൊണ്ട് മാത്രം ഇത്തരമൊരു സംഘമില്ലന്ന് പറയാനും കഴിയില്ല. സിനിമ മേഖലയിലെ തിരുത്തലിന് ആവശ്യമായതെല്ലാം ചെയ്യാൻ താൻ തയ്യാറാണ്.
സിനിമയെന്ന തൊഴിലിടം സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയുന്നതാവണം. താൻ ഉൾപ്പടെയുള്ളവർക്കും മാധ്യമങ്ങൾക്കും ഇതിൽ ഉത്തരവാദിത്വമുണ്ടന്നും പൃഥിരാജ് അഭിപ്രായപ്പെട്ടു. WCC അംഗങ്ങൾ ഉൾപ്പെടെ അമ്മയിലേക്ക് തിരിച്ചു വരണം എന്നാണ് തന്‍റെ ആഗ്രഹമെന്നും, സംഘടന എല്ലാവരെയും ഉൾക്കൊള്ളുന്നതാവണമെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമയിലെ തൊഴിൽ നിഷേധത്തിനെതിരെ നടപടിയുണ്ടാവണം. താനും അതിന്‍റെ ഒരു ഇരയായിരുന്നു. അന്വേഷണ സംഘം സമീപിച്ചാൽ താൻ പൂർണമായും സഹകരിക്കും. സിനിമ കോൺക്ലേവ് പ്രശ്‌ന പരിഹാരത്തിനുള്ള വേദിയാകണമെന്നാണ് തൻ്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.