മലയാളി സിനിമാപ്രേമികൾ ആകാംക്ഷപൂർവം കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് - ബ്ലെസി കൂട്ടുകെട്ടിന്‍റെ 'ആടുജീവിതം' (Prithviraj - Blessy Movie Aadujeevitham). പ്രശസ്‌ത എഴുത്തുകാരൻ ബെന്യാമിന്‍റെ വായനക്കാർ നെഞ്ചേറ്റിയ 'ആടുജീവിതം' എന്ന നോവലാണ് അതേ പേരിൽ ബ്ലെസി തിരശീലയിലേക്ക് പകർത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ മൂന്നാമത്തെ പോസ്റ്ററും പുറത്തുവന്നിരിക്കുകയാണ്.
നടൻ ദുല്‍ഖര്‍ സല്‍മാനാണ് തന്‍റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. നേരത്തെ പ്രഭാസും രണ്‍വീര്‍ സിംഗും പുറത്തുവിട്ട ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ പുതിയ പോസ്റ്ററും ശ്രദ്ധനേടുകയാണ്. ഇതുവരെ പുറത്തുവന്നതിൽ നിന്നും ഏറെ വേറിട്ടതാണ് പുതിയ പോസ്റ്റർ (Aadujeevitham movie's third poster out).
ചിത്രത്തിലെ പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രമായ നജീബിന്‍റെ ആദ്യകാല രൂപമാണ് പോസ്റ്റർ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. നേരത്തെ വന്ന പോസ്റ്ററുകൾ മരുഭൂമിയിലെ ജീവിതം നജീബിൽ വരുത്തിയ മാറ്റങ്ങളിലേക്കും ദുരിതപൂർണമായ ജീവിത സാഹചര്യങ്ങളിലേക്കുമാണ് വെളിച്ചം വീശിയിരുന്നത്. ജീവിതത്തിന്‍റെ കഠിനതകളും കയ്‌പ്പുനീരും രുചിക്കുന്നതിന് മുന്‍പുള്ള നജീബിനെയാണ് പുതിയ പോസ്റ്ററില്‍ കാണാനാവുന്നത്.
മലയാളത്തിൽ ഏറ്റവും കൂടുതൽ പതിപ്പുകൾ ഇറങ്ങിയ നോവൽ കൂടിയാണ് ബെന്യാമിന്‍റെ 'ആടുജീവിതം'. ഈ നോവലിന് ദൃശ്യഭാഷ്യമൊരുങ്ങുമ്പോൾ പ്രേക്ഷകർ ഏറെ ആവേശത്തിലാണ്. പ്രഖ്യാപനം മുതൽ തന്നെ സിനിമാപ്രേമികൾ ഈ സിനിമയുടെ വരവും കാത്തിരിപ്പാണ്, വർഷങ്ങൾ നീണ്ട കാത്തിരിപ്പ്. 2008ലാണ് ഈ സിനിമയുടെ പ്രാരംഭ വർക്കുകൾ ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ 14നാണ് നാലരവര്‍ഷം നീണ്ട ആടുജീവിതത്തിന്‍റെ ഷൂട്ടിംഗിന് സമാപനമായത്.
മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് എന്ന കഥാപാത്രമായി മാറുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിച്ചിരുന്നു. പൃഥ്വിരാജിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ കൂടിയാണ് 'ആടുജീവിതം'. ജോർദാനിലായിരുന്നു ഈ ചിത്രത്തിന്‍റെ മുഖ്യ പങ്കും ഷൂട്ട് ചെയ്‌തത്.
ചിത്രത്തിന്‍റെ അരങ്ങിലും അണിയറയിലും പ്രഗൽഭരാണ് അണിനിരക്കുന്നത്. ഓസ്‌കർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാനും റസൂൽ പൂക്കുട്ടിയും ആടുജീവിതത്തിന്‍റെ ഭാഗമാണ്. എ ആർ റഹ്‌മാന്‍റെ സംഗീതവും റസൂൽ പൂക്കുട്ടിയുടെ ശബ്‌ദമിശ്രണവും എല്ലാം ഈ സിനിമയുടെ പ്രധാന ആകർഷണങ്ങളാണ്.
വിഷ്വൽ റൊമാൻസിന്‍റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ അമല പോളാണ് നായികയായി എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്‌ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലും ചിത്രം പ്രേക്ഷകർക്കരികിൽ എത്തും. സുനിൽ കെ എസ് ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവഹിക്കുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ് : ഒബ്‌സ്‌ക്യൂറ എന്‍റർടെയിൻമെൻസ്, പിആർഒ : ആതിര ദിൽജിത്ത്.