പ്രശാന്ത് വർമ്മ - തേജ സജ്ജ കൂട്ടുകെട്ടിൽ പിറന്ന 'ഹനുമാൻ' ചരിത്രവിജയമാണ് സ്വന്തമാക്കിയത്. ആഗോളതലത്തിൽ 350 കോടിയിലേറെ തുകയാണ് ഈ ചിത്രം വാരിക്കൂട്ടിയത്. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ (പിവിസിയു) ആദ്യ സിനിമയായിരുന്നു ഇത്.
ഇപ്പോഴിതാ തന്‍റെ പുതിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് പ്രശാന്ത് വർമ്മ. 'ജയ് ഹനുമാൻ' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ രണ്ടാമത്തെ സിനിമയായാണ് തിയേറ്ററുകളിൽ എത്തുന്നത്. 'ജയ് ഹനുമാൻ' സിനിമയുടെ പുതിയ പോസ്റ്ററാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഹനുമാൻ ജയന്തി ആഘോഷ വേളയിലാണ് ഏറെ കൗതുകമുണർത്തുന്ന പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
കൈയിൽ ഗദയുമായി ഒരു പർവതത്തിന് മുകളിൽ നിൽക്കുന്ന ഹനുമാനാണ് പോസ്റ്ററിൽ. ഹനുമാന്‍റെ തലയ്‌ക്ക് മുകളിലായി ആകാശത്ത് വലിയൊരു ഡ്രാഗണെയും കാണാം. തിയേറ്ററുകളിൽ വെന്നിക്കൊടി പാറിച്ച 'ഹനുമാൻ' സിനിമയുടെ രണ്ടാം ഭാഗമാണ് 'ജയ് ഹനുമാൻ'. മികച്ച സാങ്കേതികവിദ്യകളുടെ സഹായത്തോടെ, വലിയ ക്യാൻവാസിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.
ഐമാക്‌സ് 3ഡിയിലാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. പുതിയ പോസ്റ്ററിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അതേസമയം അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടന ദിവസമാണ് 'ജയ് ഹനുമാൻ സിനിമയുടെ പ്രാരംഭ ഘട്ടത്തിന് പ്രശാന്ത് വർമ്മ തുടക്കമിട്ടത്. ഹൈദരാബാദിലെ ഹനുമാൻ ക്ഷേത്രത്തിലെ ഹനുമാൻ വിഗ്രഹത്തിന് മുന്നിൽ തിരക്കഥ സമർപ്പിച്ച പ്രശാന്ത് വർമ്മയുടെ ചിത്രങ്ങൾ വൈറലായിരുന്നു.
വമ്പൻ താരങ്ങളാകും ഈ സിനിമയിൽ അണിനിരക്കുക എന്നാണ് വിവരം. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ വരും ദിവസങ്ങളിലായി പുറത്തുവിടും. അതേസമയം തേജ സജ്ജയ്‌ക്കൊപ്പം വരലക്ഷ്‌മി ശരത്കുമാർ, അമൃത അയ്യർ എന്നിവരാണ് ഹനുമാനിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. പ്രൈം ഷോ എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയാണ് ഈ ചിത്രത്തിന്‍റെ നിർമാണം. ശ്രീമതി ചൈതന്യയാണ് ഹനുമാൻ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്.
ALSO READ