നാഗ് അശ്വിൻ്റെ സയൻസ് ഫിക്ഷൻ ചിത്രം 'കൽക്കി 2898 എഡി' (ഹിന്ദി) നെറ്റ്‌ഫ്ലിക്‌സ് സ്ട്രീമിംഗില്‍ കൊടുങ്കാറ്റായി മാറി. ജൂണ്‍ 27ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം, രണ്ട് മാസങ്ങള്‍ക്ക് ശേഷം ഓഗസ്‌റ്റ് 22നാണ് ചിത്രം ഒടിടിയില്‍ സ്‌ട്രീമിംഗ് ആരംഭിച്ചത്. ഒരേസമയം നെറ്റ്‌ഫ്ലിക്‌സിലും ആമസോണിലും സ്‌ട്രീമിംഗ് നടത്തുന്ന കല്‍ക്കിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
ഇപ്പോഴിതാ പ്രഭാസ് നായകനായി എത്തിയ പാൻ ഇന്ത്യൻ ചിത്രം നെറ്റ്‌ഫ്ലിക്‌സില്‍ തരംഗം സൃഷ്‌ടിക്കുകയാണ്. 2.6 ദശലക്ഷം കാഴ്‌ചക്കാരുമായി കല്‍ക്കി ഇപ്പോള്‍ ആദ്യ പത്തില്‍ ഒന്നാം സ്ഥാനത്താണ്. 'അണ്‍ടെയിമിഡ് റോയല്‍സ്', '(അണ്‍)ലക്കി സിസ്‌റ്റേഴ്‌സ്', 'നൈസ് ഗേള്‍സ്' തുടങ്ങി ചിത്രങ്ങളെ പിന്നിലാക്കിയാണ് 'കൽക്കി 2898 എഡി' നെറ്റ്‌ഫ്ലിക്‌സില്‍ ഒന്നാം സ്ഥാനത്ത് സ്ട്രീമിംഗ് തുടരുന്നത്.
ആഗോള കളക്ഷനില്‍ 1000 കോടി ക്ലബ്ബിലും കല്‍ക്കി ഇടംപിടിച്ചു. റിലീസ് ദിനത്തിൽ തന്നെ 'കെജിഎഫ് ചാപ്റ്റർ 2' (159 കോടി രൂപ), 'സലാർ' (158 കോടി രൂപ), 'ലിയോ' (142.75 കോടി രൂപ) എന്നീ ചിത്രങ്ങളുടെ ഓപ്പണിംഗ് റെക്കോർഡുകളും 'കൽക്കി 2898 എഡി' തകർത്തെറിഞ്ഞിരുന്നു.
വെറും 15 ദിവസങ്ങൾ കൊണ്ട് 'ബാഹുബലി 2: ദി കൺക്ലൂഷൻ' എന്ന സിനിമയ്‌ക്ക് ശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്‌സ് ഓഫീസ് കളക്ഷൻ നേടുന്ന തെലുഗു ചിത്രം എന്ന റെക്കോഡും 'കൽക്കി 2898 എഡി' സ്വന്തമാക്കി.
'കാശി, 'കോംപ്ലക്‌സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്‌ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നത്.
പ്രഭാസിനെ കൂടാതെ ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചൻ, ഉലഗനായകൻ കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ, ശോഭന, പശുപതി തുടങ്ങി വന്‍ താരനിരയാണ് അണിനിരന്നത്.
ഭൈരവ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പ്രഭാസ് അവതരിപ്പിച്ചത്. നായിക കഥാപാത്രമായി സുമതിയായ് ദീപിക പദുക്കോണും വേഷമിട്ടു. അശ്വത്ഥാമാവായി അമിതാഭ് ബച്ചനും, യാസ്‌കിന്‍ ആയി കമൽ ഹാസനും, ക്യാപ്റ്റനായി ദുൽഖർ സൽമാനും, റോക്‌സിയായി ദിഷാ പടാനിയും വേഷമിട്ടു.
വൈജയന്തി മൂവീസിന്‍റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫാറർ ഫിലിംസാണ്. പിആർഒ - ആതിര ദിൽജിത്ത്.