'ബാഹുബലി'ക്ക് ശേഷം ഇന്ത്യയിലൊട്ടാകെ തന്നെ വലിയ സ്വീകാര്യത ലഭിച്ച നടനാണ് പ്രഭാസ്. താരത്തിന്‍റെ ഓരോ സിനിമകൾക്കായും ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കാറ്. പ്രഭാസ് പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കൽക്കി 2898 എഡി'.
നാഗ് അശ്വിൻ സംവിധാനം ചെയ്‌ത 'കൽക്കി 2898 എഡി' ഒരു സയൻസ് ഫിക്ഷൻ ത്രില്ലറാണ്. ജൂൺ 27ന് ആഗോള തലത്തിൽ റിലീസിനൊരുങ്ങുകയാണ് ഈ ചിത്രം. ഇപ്പോഴിതാ പ്രീ-ബുക്കിങ്ങിലെ കൽക്കിയുടെ ചരിത്രനേട്ടത്തിന്‍റെ വാർത്തകളാണ് പുറത്തുവരുന്നത്.
കൽക്കിയുടെ പ്രീ-ബുക്കിങ് വിദേശത്ത് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ, രാജമൗലിയുടെ 'ആർആർആർ' എന്ന ചിത്രത്തിൻ്റെ റെക്കോഡ് തകർക്കാൻ കൽക്കിക്കായി. ദശലക്ഷം ഡോളർ പ്രീ-സെയിൽ ബിസിനസാണ് ഈ ചിത്രം നടത്തിയത്. ഇപ്പോൾ വിൽപ്പന രണ്ടു മില്യൺ ഡോളറിലെത്തിയതായാണ് വിവരം.
ശ്രദ്ധേയമായ കാര്യമെന്തെന്നാൽ വടക്കേ അമേരിക്കയിൽ മാത്രം 2 ദശലക്ഷം ഡോളറിൻ്റെ ബിസിനസാണ് നടന്നത്. ഇതോടെ റിലീസിന് മുമ്പേ ഏറ്റവും വേഗത്തിൽ ടിക്കറ്റ് വിറ്റഴിയുന്ന ആദ്യ ഇന്ത്യൻ ചിത്രമായി 'കൽക്കി' മാറി. റിലീസിന് 9 ദിവസം ബാക്കി നിൽക്കെ കണക്കുകൾ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ഓസ്‌ട്രേലിയയിൽ ഇതുവരെ 5000 ടിക്കറ്റുകൾ വിറ്റഴിച്ചതായി സിനിമ യൂണിറ്റ് പറയുന്നു.
അതേസമയം പുരാണങ്ങളുമായി സമന്വയിപ്പിക്കുന്നതാണ് ഈ സയൻസ് ഫിക്ഷൻ സിനിമ. ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമയുമാണ് കൽക്കി എന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ സെൻസർഷിപ്പിന് ശേഷമുള്ള കൽക്കി 2898 എഡിയുടെ ആദ്യ അവലോകനവും പുറത്തിറങ്ങി.
സിബിഎഫ്‌സിയിൽ നിന്ന് യു/എ സർട്ടിഫിക്കറ്റാണ് കൽക്കി നേടിയത്. 175 മിനിറ്റാണ് ഈ സിനിമയുടെ ദൈർഘ്യം. സെൻസർ ബോർഡിൻ്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ചിത്രത്തിൻ്റെ ആദ്യ നിരൂപണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
കൽക്കി 2898 എഡി ഹോളിവുഡ് നിലവാരവുമായി പൊരുത്തപ്പെടുന്നുണ്ടെന്നാണ് ആദ്യ കാഴ്‌ചക്കാർ അഭിപ്രായപ്പെടുന്നത്. സിബിഎഫ്‌സി അംഗങ്ങളിൽ നിന്ന് പ്രശംസ നേടാനും സിനിമയ്‌ക്കായി. ഇന്ത്യൻ സിനിമ ഇന്നുവരെ കാണാത്ത അഭൂതപൂർവമായ ദൃശ്യങ്ങളും ബോക്‌സ് ഓഫീസ് വിജയത്തിന് നിർണായകമായ കഥാ സന്ദർഭവും ഈ ചിത്രത്തിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഭൈരവ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ പ്രഭാസ് അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം ദീപിക പദുക്കോണാണ് കൽക്കിയിൽ നായികയായി എത്തുന്നത്. വൈജയന്തി മൂവീസിന് കീഴിൽ അശ്വിനി ദത്ത് നിർമിക്കുന്ന ഈ ചിത്രത്തിൽ ഇതിഹാസ താരങ്ങളായ അമിതാഭ് ബച്ചനും കമൽഹാസനും പ്രധാന വേഷങ്ങളിലുണ്ട്.
"ദ പ്രെലൂഡ് ഓഫ് കൽക്കി 2898 എഡി" എന്ന പേരിൽ ഒരു പ്രൊമോഷണൽ സീരീസ് നിർമ്മാതാക്കൾ അടുത്തിടെ പുറത്തിറക്കിയിരുന്നു. ആദ്യ എപ്പിസോഡിൽ നാഗ് അശ്വിൻ സിനിമയുടെ ആശയത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. മഹാഭാരതത്തിന് സമാന്തരമായി നിലകൊള്ളുന്ന സിനിമയെകുറിച്ചും കലിയുഗത്തിലേക്കുള്ള പരിവർത്തനം പര്യവേക്ഷണം ചെയ്യുന്നതിനെപറ്റിയുമെല്ലാം സംവിധായകൻ പരാമർശിക്കുന്നുണ്ട്. 'സന്തോഷ് നാരായണനാണ് ഈ സിനിമയുടെ സംഗീത സംവിധാനം. ജോർഡ്ജെ സ്‌റ്റോജിൽകോവിച്ചിൻ്റെ ഛായാഗ്രഹണവും എടുത്തുപറയേണ്ടതാണ്.
ALSO READ: ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് വേണ്ട, വെബ്‌സീരീസ് സ്വന്തമായി റിലീസ് ചെയ്‌ത് രക്ഷിത് ഷെട്ടി