നടന് ഷാരൂഖ് ഖാനെതിരെ വധഭീഷണി ഉയര്‍ത്തുകയും 50 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്‌ത കേസില്‍ ഒരാള്‍ അറസ്‌റ്റില്‍. ഛത്തീസ്‌ഗഡിലെ റായ്‌പൂര്‍ സ്വദേശിയായ മുഹമ്മദ് ഫൈസന്‍ ഖാന്‍ എന്ന അഭിഭാഷകനെയാണ് ഛത്തിസ് ഗഡ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഷാരൂഖ് ഖാനെതിരെ വധഭീഷണിയുണ്ടായത്. ഹിന്ദുസ്ഥാനി എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു വ്യക്തിയുടെ ഭീഷണി ഫോണ്‍ കോള്‍ എത്തുന്നത്. ബാന്ദ്രയിലെ ഷാരൂഖ് ഖാന്‍റെ വീടായ മന്നത്തിന് പുറത്ത് നില്‍ക്കുകയാണെന്നും 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നുമായിരുന്നു ഭീഷണി. ഇതിന് പിന്നാലെ താരത്തിന് വൈ പ്ലസ് സുരക്ഷ ഒരുക്കിയിരുന്നു. പഠാന്‍, ജവാന്‍ എന്നീ സിനിമകളുടെ വിജയത്തിന് പിന്നാലെയായിരുന്നു ഷാരൂഖ് ഖാന്‍ വധഭീഷണി നേരിട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഭീഷണികോള്‍ വന്ന ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് മുഹമ്മദ് ഫൈസന്‍ ഖാനിലേക്ക് എത്തിയത്. അടുത്ത സ്‌റ്റേഷനില്‍ ഇയാളോട് ഹാജരാകാന്‍ മുംബൈ പോലീസ് ആവശ്യപ്പെട്ടെങ്കിലും അതിന് തയാറായില്ല. ഇതിനെ തുടര്‍ന്നാണ് റായ്‌പൂരിലുള്ള ഇയാളുടെ വീട്ടിലെത്തി അറസ്‌റ്റ് ചെയ്‌തത്.
അതേ സമയം സംഭവത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ആ സമയത്ത് തന്‍റെ ഫോണ്‍ നഷ്‌ടപ്പെട്ട് പോയിരുന്നുവെന്നുമാണ് ഫൈസന്‍ ഖാന്‍ പോലീസിന് നല്‍കിയ മൊഴി. ഇതുമായി ബന്ധപ്പെട്ട് നവംബര്‍ 2ന് പോലീസില്‍ പരാതി നല്‍കിയിരുന്നതായും ഇയാള്‍ പറയുന്നുണ്ട്. ഭാരതീയ ന്യായ സംഹിത പ്രകാരം സെക്ഷന്‍ 308(4), 351(3)(4) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഫായീസിനെതിരെ കേസെടുത്തിരിക്കുന്നത്.
അടുത്തിടെ ബോളിവുഡ് താരം സല്‍മാന്‍ ഖാനും വധഭീഷണി ഉണ്ടായിരുന്നു. സല്‍മാന്‍ ഖാന്‍ മാപ്പ് പറയണമെന്നും അല്ലെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ട് ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽ നിന്നാണ് നടന് വധഭീഷണി ഉണ്ടായത്. ഭീഷണിയെ തുടർന്ന് മുംബൈ പൊലീസ് സൽമാൻ ഖാന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.
അടുത്തിടെയായി ബോളിവുഡ് താരങ്ങൾക്കെതിരെ വധഭീഷണി ഉയരുന്നത് അവരുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക ഉയർത്തിയിട്ടുണ്ട്. ഈ ഭീഷണികളെ പൊലീസ് ഗൗരവമായി കണ്ട് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണിപ്പോള്‍.
Also Read:പാന്‍ ഇന്ത്യന്‍ വിസ്‌മയം 'കല്‍ക്കി 2898 എഡി' ജപ്പാനിൽ റിലീസിന്; ജനുവരിയില്‍ പ്രദർശനം