ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള കലാരൂപങ്ങളിൽ ഒന്നാണ് സിനിമ. വലിയൊരു ഹാളിൽ ഇരുട്ടിന്‍റെ പശ്ചാത്തലത്തിൽ മനുഷ്യന്‍റെ വൈകാരിക തലങ്ങളെ വളരെ പെട്ടെന്ന് നിയന്ത്രിക്കാൻ സിനിമയ്ക്ക് മാത്രമെ സാധിച്ചിട്ടുള്ളൂ. നിശബ്‌ദതയിൽ നിന്നും ശബ്‌ദ സിനിമകളിലേക്കും ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്ന് കളറിലേക്കും സിനിമ വളർന്നു.
സിനിമ എന്ന വലിയ മാധ്യമ ശക്തിയുടെ അമരക്കാരായവർ പ്രേക്ഷകരുടെ ആരാധനാപാത്രങ്ങളായി. ഫിലിം റീലുകളിൽ നിന്ന് സിനിമ ഡിജിറ്റൽ സംവിധാനത്തിലേക്ക് ചുവടുമാറ്റം നടത്തിയതോടെ ജീവിതത്തിന്‍റെ നേർപകർപ്പ് പോലെ പ്രേക്ഷകർ സിനിമയെ നോക്കിക്കാണാൻ ആരംഭിച്ചു. നമ്മുടെ കണ്ണിൽ ഒരു സെക്കൻഡിന്‍റെ പതിനാറിൽ ഒരു ഭാഗം കാണുന്നത് എന്തോ അത് തങ്ങിനിൽക്കും.
പെര്‍സിസ്‌റ്റന്‍സ് ഓഫ് വിഷന്‍ എന്നറിയപ്പെടുന്ന പ്രതിഭാസമാണ് സെക്കൻഡിൽ 24 ഫ്രെയിം ഓടുമ്പോൾ ചിത്രങ്ങൾക്ക് തുടർച്ച അനുഭവപ്പെടുന്നതെന്ന് ചെറിയ ക്ലാസുകളിൽ നാം പഠിച്ചിട്ടുണ്ട്. എന്നാൽ സിനിമ കാണാൻ നമ്മെ സഹായിക്കുന്ന പ്രതിഭാസം മറ്റൊന്നാണ്. ഫൈ എഫക്‌ട് എന്ന തലച്ചോർ സൃഷ്‌ടിക്കുന്ന ഇല്ല്യൂഷൻ പ്രോസസ് ആണ് ഫ്രെയമുകളിലെ ചിത്രങ്ങൾക്ക് തുടർച്ച സൃഷ്‌ടിക്കാൻ നമ്മെ സഹായിക്കുന്നത്.
ഒരുകാലത്ത് തിയേറ്ററുകളിൽ പോകുമ്പോൾ പ്രൊജക്‌ടർ റൂമിലേക്ക് എത്തിനോക്കാൻ ആഗ്രഹിക്കാത്ത വ്യക്‌തികൾ ആരും തന്നെ ഉണ്ടാകില്ല. പഴയ ഫിലിം പ്രൊജക്‌ടർ മൂളുന്ന ശബ്‌ദം, കഴിഞ്ഞ കാലത്തെ സിനിമ നൊസ്‌റ്റാൾജിയകളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നു. ഡിജിറ്റൽ യുഗത്തിന്‍റെ കടന്നുവരവോടെ പടിയടച്ച് പിണ്ഡം വയ്ക്കപ്പെട്ട അനലോഗ് പ്രൊജക്‌ടറുകളെ നിധി പോലെ കാത്തുസൂക്ഷിക്കുന്ന ഒരാളുണ്ട് തിരുവനന്തപുരത്ത്.. സുനിൽ രാജ്.
പൂർണ്ണമായും ഡിജിറ്റലൈസേഷൻ സംഭവിച്ചതോടെ ഉപേക്ഷിക്കപ്പെട്ട പല ഫിലിം പ്രൊജക്‌ടറുകളും ഇന്ന് സുനിൽ രാജിന്‍റെ പക്കലുണ്ട്. മാധ്യമപ്രവർത്തകൻ ആയതുകൊണ്ട് സദാസമയവും പ്രൊജക്‌ടറുകൾക്കൊപ്പം ചിലവഴിക്കാൻ സമയം കിട്ടാറില്ല സുനില്‍ രാജിന്. ജോലിത്തിരക്ക് കഴിഞ്ഞ് കിട്ടുന്ന സമയങ്ങളിൽ തന്‍റെ പക്കലുള്ള പ്രൊജക്‌ടറുകൾ അറ്റകുറ്റ പണികൾ നടത്തി സംരക്ഷിക്കും.
പഴയ ഫിലിം പ്രൊജക്‌ടര്‍ ഓര്‍മ്മകള്‍ സുനില്‍ രാജ് ഇടിവി ഭാരതിനോട് പങ്കുവച്ചു. പഴയൊരു ഫിലിം പ്രൊജക്‌ടർ പൊടിതട്ടിയെടുത്ത് മോഹൻലാൽ ചിത്രം 'മിഥുനം' കാണാൻ സുനിൽ ഇടിവി ഭാരത് ടീമിനെ ക്ഷണിച്ചു.
സുനിൽ രാജന്‍റെ വീടിന് മുകളില്‍ ചെറുയൊരു തിയേറ്റർ രീതിയിൽ ഒരുക്കിയിട്ടുണ്ട്. 16 mm 35mm slide പ്രൊജക്‌ടർ തുടങ്ങി നിരവധി പ്രൊജക്‌ടറുകൾ അവിടെ സൂക്ഷിക്കുന്നുണ്ട്. ഓടി തീർന്ന മിഥുനത്തിന്‍റെ റീൽ വൃത്തിയാക്കി റീവൈൻഡ് ചെയ്തെടുക്കുന്ന പ്രോസസ് ആണ് ആദ്യം. ഫിലിം പൊട്ടി പോയിട്ടുണ്ടെങ്കിൽ ഒട്ടിച്ച് എടുക്കാനുള്ള സംവിധാനവും സുനിലിന്‍റെ പക്കലുണ്ട്.
പോസിറ്റീവും നെഗറ്റീവും കാർബൺ റോഡുകളും തമ്മിൽ ചേരുമ്പോൾ ലഭിക്കുന്ന വലിയ പ്രകാശത്തെ ഫിലിമിലൂടെ കടത്തിവിട്ട് നിശ്ചിത വേഗതയിൽ പ്രൊജക്‌ടർ മോട്ടോർ തിരിയുമ്പോൾ 35 എംഎം ലെൻസിലൂടെ തെളിയുകയാണ് മലയാളത്തിന്‍റെ കൾട്ട് ക്ലാസിക് മിഥുനം.
സിനിമ പ്രൊജക്‌ടറിലൂടെ പ്രദർശിപ്പിക്കുന്നതിന് പിന്നിലെ ശാസ്ത്രീയതയെ കുറിച്ച് സുനില്‍ വിശദീകരിച്ചു. ഫിലിമിൽ ആലേഖനം ചെയ്‌തിരിക്കുന്ന സൗണ്ട് ട്രാക്കിനെ പ്രൊജക്‌ടർ സംവിധാനത്തിനുള്ളിൽ പ്രകാശകണങ്ങൾ ആക്കുകയും ആ പ്രകാശകണങ്ങളിൽ നിന്ന് ഇലക്ട്രിക് ഫോമിലേക്ക് മാറ്റി ശബ്‌ദ രൂപത്തിൽ കൺവേർട്ട് ചെയ്യുന്നതും സുനില്‍ വിശദീകരിച്ചു.
പണ്ട് തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സ്ലൈഡുകൾ കാണിക്കാനായി ഉപയോഗിക്കുന്ന സ്ലൈഡ് പ്രൊജക്‌റ്റിന്‍റെ പ്രവർത്തനവും സുനിൽ കാട്ടിത്തന്നു. പല വലുപ്പത്തിലും രൂപത്തിലും ഭാവത്തിലുമുള്ള ഫിലിമുകളും ലെൻസുകളും സുനിലിന്‍റെ പക്കലുണ്ട്.