ഹൈദരാബാദ് : തനിക്കും മക്കള്‍ക്കും എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്രോളുകളില്‍ പ്രതികരിച്ച് പവൻ കല്യാണിൻ്റെ മുൻ ഭാര്യ രേണു ദേശായ്. രേണു ദേശായിയും മക്കളായ ആധ്യയും അകിരയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്രോളുകൾക്ക് വിധേയരായിരുന്നു. സോഷ്യൽ മീഡിയ ട്രോളുകള്‍ക്ക് മറുപടിയുമായി രേണു തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിൽ എത്തിയിരിക്കുകയാണ് ഇപ്പോള്‍.
പവൻ കല്യാണ്‍, ഭാര്യ അന്ന ലെസിനോവ, ആദ്യ ഭാര്യയിലെ മക്കളായ ആധ്യ, അകിര എന്നിവർക്കൊപ്പമുള്ള ചിത്രം വൈറലായതിന് പിന്നാലെയാണ് രേണുവിനെ ട്രോളന്മാർ ലക്ഷ്യമിട്ടത്. മക്കളായ അകിര, ആധ്യ എന്നിവര്‍ക്കും രണ്ടാം ഭാര്യ അന്ന ലെഷ്‌നേവയ്‌ക്കുമൊപ്പമുള്ള പവൻ കല്യാണിൻ്റെ ഫോട്ടോ, ക്രോപ്പ് ചെയ്‌ത് രേണു തൻ്റെ ചിത്രം വച്ച് പോസ്റ്റുചെയ്‌തതായി ആരോപിച്ച് മീം പേജുകൾ രേണുവിനെ പരിഹസിച്ചിരുന്നു. ഇതിനെതിരെ, എങ്ങനെയാണ് മനുഷ്യർ വിവേകശൂന്യരായ ജീവികളായി മാറുന്നതെന്ന് രേണു ചോദിച്ചു.
'ഈ ചിത്രം ഞാൻ ക്രോപ്പ് ചെയ്‌തു എന്ന് പറഞ്ഞ് നിങ്ങള്‍ തമാശകള്‍ ഉണ്ടാക്കുന്നു, നിങ്ങൾക്കും ഒരു കുടുംബമുണ്ടെന്ന് ദയവായി ഓർക്കുക. ഇന്ന് രാവിലെ എൻ്റെ മകൾ ഒരുപാട് കരഞ്ഞു, അവളുടെ ഇൻസ്റ്റഗ്രാം പേജിൽ അവളുടെ അമ്മയെ കളിയാക്കികൊണ്ടുള്ള ഒരു പോസ്‌റ്റ് അവള്‍ കണ്ടു. സെലിബ്രിറ്റികളെയും രാഷ്ട്രീയക്കാരെയും കളിയാക്കുന്ന നിങ്ങൾ എല്ലാവരും ഒരിക്കൽ ഓർക്കുക, നിങ്ങളുടെ വീട്ടിലും അമ്മമാരും സഹോദരിമാരും പെൺമക്കളും ഉണ്ടെന്ന്' -എന്നാണ് രേണു ദേശായ് ഇൻസ്റ്റഗ്രാമില്‍ കുറിച്ചത്.
'ഇന്ന് എൻ്റെ മകൾ അനുഭവിച്ച വേദന ഓർക്കുക, അവളുടെ കണ്ണുനീർ നിങ്ങളോട് എങ്ങനെ പകരം ചോദിക്കുമെന്ന് ഓർക്കുക. പോളിനയേയും മാർക്കിനെയും നിർവികാരമായ കമൻ്റുകളും മീമുകളും ബാധിക്കുമെന്നും ഓർമിക്കുക. ഒരമ്മയുടെ ശാപം നിങ്ങള്‍ ചുമക്കുമെ'ന്നും അവര്‍ കുറിച്ചു.
ജൂൺ 12 ന് ചന്ദ്രബാബു നായിഡുവിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെയാണ് പവന്‍ കല്ല്യാണ്‍ ഭാര്യയും മക്കളുമൊത്തുള്ള ഫോട്ടോ എടുക്കുന്നത്. ചന്ദ്രബാബു നായിഡു മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി പവൻ കല്യാണും അതേചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. 2024 ലെ ആന്ധ്രാപ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിൽ പിതപുരം സീറ്റിൽ നിന്നാണ് വൻ ഭൂരിപക്ഷത്തിൽ രാഷ്ട്രീയക്കാരനും നടനുമായ പവൻ വിജയിച്ചത്.
ALSO READ : ബ്രിട്ടാനിയ ബംഗാള്‍ വിടില്ല; വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് അമിത് മിത്ര