ഹൈദരാബാദ്: ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ പിതാപുരം മണ്ഡലത്തിൽ മത്സരിച്ച് നിർണായക വിജയം സ്വന്തമാക്കിയ തെലുഗു സിനിമ താരവും ജനസേന നേതാവുമായ പവൻ കല്യാൺ ഇന്ന് ആന്ധ്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. സത്യപ്രതിജ്ഞയുടെ മുന്നോടിയായി അദ്ദേഹത്തിന്‍റെ മുൻ ഭാര്യയും നടിയും സംവിധായകയുമായ രേണു ദേശായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാവുകയാണിപ്പോൾ. ചടങ്ങിൽ പങ്കെടുക്കാനായി മക്കളായ അകിരയും ആദ്യയും തയ്യാറായി നിൽക്കുന്നതിന്‍റെ ഒരു വീഡിയോയാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തത്.
വീഡിയോ കോളിലൂടെയാണ് മക്കൾ ചടങ്ങിൽ പങ്കെടുക്കാനായി ഒരുങ്ങി നിൽക്കുന്നത് താരം കണ്ടത്. ഇതിന്‍റെ സ്‌ക്രീൻഷോട്ടാണ് രേണു ദേശായി സന്തോഷത്തോടെ ആരാധകരുമായി പങ്കുവെച്ചത്. "എൻ്റെ കുട്ടീസ് അവരുടെ നാനയുടെ വലിയ ദിനത്തിന് തയ്യാറായത് ഇങ്ങനെയാണ്" എന്നു പറഞ്ഞാണ് നടി വീഡിയോ പങ്കുവച്ചത്. ക്യബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത തൻ്റെ മുൻ ഭർത്താവ് പവൻ കല്യാണിന് ആശംസകൾ നേരുന്നതായും അദ്ദേഹം സംസ്ഥാനത്തിലും അവിടുത്തെ ജനങ്ങൾക്കും നല്ല മാറ്റം കൊണ്ടുവരുമെന്ന് കരുതുന്നുവെന്നും നടി പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള തന്‍റെ മകൻ അകിരയുടെ ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. ഒരു അമ്മയെന്ന രീതിയിൽ തനിക്കിത് അഭിമാന നിമിഷമാണെന്ന് പറഞ്ഞായിരുന്നു തൻ്റെ മകൻ പ്രധാനമന്ത്രിയെ കണ്ടതിൻ്റെ ആഹ്ലാദം താരം പങ്കിട്ടത്.
Also Read: സിനിമയിൽ മാത്രമല്ല രാഷ്‌ട്രീയത്തിലും പവൻ കല്യാൺ 'പവർ സ്റ്റാർ'