ഓസ്കര് സംഘാടകരുടെ പുതിയ അംഗ്വത്വ സമിതിയിലേക്ക് എസ്എസ് രാജമൗലി, ഭാര്യ രമ രാജമൗലി, ഷബാന ആസ്‌മി, റിതേഷ് സിദ്ധ്വാനി ഉള്‍പ്പടെയുള്ള ഇന്ത്യൻ ചലച്ചിത്ര പ്രതിഭകൾക്കും ക്ഷണം. 57 രാജ്യങ്ങളിൽ നിന്നുള്ള 487 പേര്‍ക്കാണ് ക്ലാസ് ഓഫ് 2024ലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. പുതിയ ക്ഷണിതാക്കളിൽ 19 വിജയികൾ ഉൾപ്പടെ 71 ഓസ്‌കർ നോമിനികളാണ് ഉൾപ്പെടുന്നതെന്ന് അക്കാദമി ഓഫ് മോഷൻ പിക്‌ചർ ആർട്‌സ് ആൻഡ് സയൻസസ് അറിയിച്ചു.
ഛായാഗ്രാഹകൻ രവി വർമ്മൻ, ചലച്ചിത്ര നിർമ്മാതാവ് റിമ ദാസ്, കൊറിയോഗ്രാഫർ പ്രേം രക്ഷിത്, ശീതൾ ശർമ്മ, ആനന്ദ് കുമാർ ടക്കർ, നിഷ പഹൂജ, ഗിതേഷ് പാണ്ഡ്യ എന്നിവരെയും അക്കാദമി ക്ഷണിച്ചിട്ടുണ്ട്. എല്ലാ ക്ഷണിതാക്കളും ക്ഷണം സ്വീകരിക്കുകയാണെങ്കിൽ അക്കാദമിയുടെ മൊത്തം അംഗത്വം 10,910 ആയിഉയരും. 9,000-ത്തിലധികം പേർ 2025-ൽ നടക്കാനിരിക്കുന്ന 97-ാമത് ഓസ്‌കറിൽ വോട്ട് ചെയ്യാനും യോഗ്യരാകും.
അക്കാദമിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് പുതിയ അംഗങ്ങളെ പ്രഖ്യാപിച്ചത്. 2024ലെ ക്ലാസിൽ 44% പേർ സ്‌ത്രീകളാണ്. കൂടാതെ 41% പേർ പ്രാതിനിധ്യമില്ലാത്ത വിവിധ വംശീയ സമൂഹങ്ങളെ പ്രതിനിധീകരിക്കുന്നവരാണെന്നും അക്കാദമി വ്യക്തമാക്കി.
അതേസമയം, എസ്എസ് രാജമൗലിയെ ഈ എലൈറ്റ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയത് ചലച്ചിത്രമേഖലയിലെ അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിൻ്റെ തെളിവായാണ് വിലയിരുത്തുന്നത്. 2022-ലെ ബ്ലോക്ക്ബസ്റ്റർ ആർആർആർ, കൂടാതെ ബാഹുബലി സീരീസ്, ഈച്ച തുടങ്ങിയ മുൻകാല സൃഷ്‌ടികളുടെ വിജയം രാജമൗലിക്ക് അന്താരാഷ്‌ട്ര തലത്തിൽ തന്നെ വലിയ സ്വീകാര്യതയാണ് നൽകിയത്. ഈ സിനിമ നേട്ടങ്ങൾ ഇന്ത്യയിലെ ഏറ്റവും ആദരണീയരായ ചലച്ചിത്ര പ്രവർത്തകരിൽ അദ്ദേഹത്തിന്‍റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്‌തു.
മഹേഷ് ബാബുവിനെ നായകനാക്കി പുതിയ സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് നിലവിൽ രാജമൗലി. ഒരു ആഫ്രിക്കൻ ആക്ഷൻ സാഹസിക ചിത്രവുമായാണ് അദ്ദേഹം ഇത്തവണ എത്തുന്നത്. ഈ സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഇതിലെ വേഷത്തിനായി മഹേഷ് നിരവധി ലുക്ക് ടെസ്റ്റുകൾ ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു എന്നാണ് വിവരം.
ALSO READ: ഒടുവിൽ തീരുമാനമായി ; കങ്കണ റണാവത്തിൻ്റെ 'എമർജൻസി' റിലീസ് സെപ്റ്റംബറിൽ