ലോസ് ഏഞ്ചൽസ്: ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ലോകമെമ്പാടുമുള്ള കലാസ്വാദകർ ആകാംക്ഷയുടെ മുൾമുനയിൽ. ക്രിസ്‌റ്റഫർ നോളന്‍റെ ഓപ്പൺഹൈമർ അടക്കം പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ മികച്ച ചിത്രങ്ങളാണ് ഇക്കുറി മത്സര രംഗത്തുള്ളത്. അതിനാൽ ഇക്കുറി കടുത്ത മത്സരമാണ് നിലനിൽക്കുന്നതെന്നാണ് നിരൂപകരുടെ വിലയിരുത്തൽ.
ആറ്റം ബോംബിന്‍റെ പിതാവെന്ന് അറിയപ്പെടുന്ന ശാസ്‌ത്രജ്ഞൻ ജെ. റോബർട്ട് ഓപ്പൺഹൈമറിന്‍റെ ജീവിതം പറയുന്ന ചിത്രമായ 'ഓപ്പൺഹൈമർ' 13 വിഭാഗങ്ങളിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ബാഫ്റ്റ അടക്കമുള്ള നിരവധി വേദികളിൽ അവാർഡുകൾ വാരിക്കൂട്ടിയ സിനിമയാണെങ്കിലും ഓസ്‌കറിൽ കനത്ത മത്സരമാണ് ചിത്രം നേരിടുന്നതെന്നാണ് നിരൂപകര്‍ പറയുന്നത്.
മികച്ച തിരക്കഥ, എഡിറ്റിങ്, ഒറിജിനൽ സ്‌കോര്‍, മികച്ച ആനിമേറ്റഡ് ഫിലിം, കോസ്റ്റ്യൂം, പ്രൊഡക്ഷൻ ഡിസൈൻ തുടങ്ങിയ വിഭാഗങ്ങളിലും കടുത്ത മത്സരമാണുള്ളത്. പുവര്‍ തിങ്സ്, ബാർബി തുടങ്ങിയ ചിത്രങ്ങൾ ഓപ്പൺഹൈമർ അടക്കമുള്ള എൻട്രികൾക്ക് കടുത്ത വെല്ലുവിളി സൃഷിക്കുന്നു. ഈ സാഹചര്യത്തിൽ വിവിധ വിഭാഗങ്ങളിൽ ഏറ്റവുമധികം നോമിനേഷനുകൾ ലഭിച്ച എൻട്രികളെയും അവയിൽ ഏറ്റവുമധികം വിജയസാധ്യതയുള്ള എൻട്രിയെയും നമുക്ക് പരിചയപ്പെടാം.
മികച്ച ചിത്രം
- ഓപ്പൺഹൈമർ
- അനാട്ടമി ഓഫ് എ ഫാൾ
- ബാർബി
- ദ ഹോൾഡോവർസ്
- കില്ലേഴ്‌സ് ഓഫ് ഫ്ലവർ മൂൺ
- മാസ്ട്രോ
- പാസ്‌റ്റ് ലൈവ്സ്
- പുവര്‍ തിങ്സ്
- ദ സോൺ ഓഫ് ഇന്‍ററസ്‌റ്റ്
വിജയ സാധ്യത: ഓപ്പൺഹൈമർ
ഓസ്‌കറിന് പുറമെ ഗോൾഡൻ ഗ്ലോബ്, ക്രിട്ടിക്‌സ് ചോയ്‌സ്, സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ്, ഡയറക്‌ടേഴ്‌സ് ഗിൽഡ്, പ്രൊഡ്യൂസേഴ്‌സ് ഗിൽഡ്, ബ്രിട്ടീഷ് അക്കാദമി എന്നിങ്ങനെ എല്ലായിടത്തും ഒരേ സിനിമ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയിട്ട് ഒരു ദശാബ്‌ദത്തിലേറെയായി. 2013-ൽ മികച്ച ചിത്രത്തിനുള്ള അക്കാദമി അവാർഡ് നേടിയ ആർഗോ ആയിരുന്നു ഇത്തരത്തില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ അവസാന ചിത്രം. 2008-ൽ പുറത്തിറങ്ങിയ സ്ലംഡോഗ് മില്യണയർ എന്ന സിനിമയും ഇത്തരത്തില്‍ മികച്ച നേട്ടങ്ങള്‍ കൊയ്‌തു. ഇക്കുറി ഓപ്പൺഹൈമറും ഈ ക്ലാസിൽ ചേരുമെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍.
Also Read: ഓസ്‌കറിൽ വോട്ടുചെയ്യാൻ അർഹത നേടി രാം ചരൺ, ജൂനിയർ എൻടിആർ, കരൺ ജോഹർ; അക്കാദമിയിൽ അംഗത്വം
മികച്ച സംവിധായകന്‍
- ജോനാഥൻ ഗ്ലേസർ- ദ സോൺ ഓഫ് ഇന്‍ററസ്‌റ്റ്
- യോർഗോസ് ലാന്തിമോസ്- പുവര്‍ തിങ്സ്
- മാർട്ടിൻ സ്കോർസെസി- കില്ലേഴ്‌സ് ഓഫ് ഫ്ലവർ മൂൺ
- ജസ്‌റ്റിൻ ട്രയറ്റ്- അനാട്ടമി ഓഫ് എ ഫാൾ
വിജയ സാധ്യത: ക്രിസ്റ്റഫർ നോളൻ, ഓപ്പൺഹൈമർ
മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പടുന്നയാളുടേതല്ലാത്ത ഒരു സിനിമ മികച്ച ചിത്രമാകുന്നത് ഓസ്‌കറില്‍ നമ്മള്‍ നേരത്തെ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തവണ അതിന് സാധ്യതയില്ല. ക്രിസ്‌റ്റഫർ നോളൻ ഏകദേശം രണ്ട് പതിറ്റാണ്ടുകളായി ഹോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന മുഖ്യധാര സംവിധായകരിൽ ഒരാളാണ്, ഓപ്പൺഹൈമർ ഒരു ആഗോള വിജയമാകുന്നതിന് മുമ്പുതന്നെ, യഥാർത്ഥ ബ്ലോക്ക്ബസ്‌റ്റർ സിനിമയുടെ പ്രതീകമായിരുന്നു അദ്ദേഹം. ഓപ്പൺഹൈമർ എന്ന സിനിമ നോളന്‍റെ സംവിധാനത്തിന്‍റെ പേരില്‍ കൂടിയാണ് പ്രശസ്‌തമായത്.
മികച്ച നടി
- ലില്ലി ഗ്ലാഡ്‌സ്‌റ്റോൺ- കില്ലേഴ്‌സ് ഓഫ് ഫ്ലവർ മൂൺ
- ആനെറ്റ് ബെനിങ്- ന്യാദ്
- സാന്ദ്ര ഹുള്ളർ- അനാട്ടമി ഓഫ് എ ഫാൾ
- കാരി മുള്ളിഗൻ- മാസ്ട്രോ
- എമ്മ സ്‌റ്റോൺ- പുവര്‍ തിങ്സ്
വിജയ സാധ്യത: ലില്ലി ഗ്ലാഡ്‌സ്‌റ്റോൺ, കില്ലേഴ്‌സ് ഓഫ് ഫ്ലവർ മൂൺ
പുവര്‍ തിങ്സിലെ പ്രകടനത്തിന് എമ്മ സ്‌റ്റോൺ പുരസ്‌കാരം നേടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. നേരത്തെ എമ്മയായിരുന്നു സാധ്യത പട്ടികയിൽ ഒന്നാമത്. എന്നാൽ ജനുവരി 24 ന് സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡുകള്‍ പ്രഖ്യാപിച്ചതോടെ സാദ്ധ്യതകൾ ലില്ലി ഗ്ലാഡ്‌സ്‌റ്റോണിന് അനുകൂലമായി. മികച്ച നടിക്കുള്ള എസ്‌എജി അവാർഡ് നേടുന്ന ആദ്യത്തെ സ്വദേശി നടിയാണ് ലില്ലി. മാർച്ച് 10 ന് ഓസ്‌കാർ അവാർഡ് നേടാനായാല്‍ ഒരു തദ്ദേശീയ അമേരിക്കൻ നടി കൈവരിക്കുന്ന ആദ്യ വിജയമായിരിക്കും.
മികച്ച നടൻ
- സിലിയൻ മർഫി- ഓപ്പൺഹൈമർ
- ബ്രാഡ്ലി കൂപ്പർ- മാസ്ട്രോ
- കോൾമാൻ ഡൊമിംഗോ- റസ്റ്റിൻ
- പോൾ ജിയാമാറ്റി- ഹോൾഡോവർസ്
- ജെഫ്രി റൈറ്റ്- അമേരിക്കൻ ഫിക്ഷൻ
വിജയ സാധ്യത: സിലിയൻ മർഫി, ഓപ്പൺഹൈമർ
പോൾ ജിയാമാറ്റി ക്രിട്ടിക്‌സ് ചോയ്‌സിൽ സിലിയൻ മർഫിയെ പിന്തള്ളുകയും, മികച്ച ശ്രദ്ധ നേടി അഭിനന്ദനങ്ങൾ വാരിക്കൂട്ടുകയും ചെയ്‌തപ്പോൾ ഓപ്പൺഹൈമർ താരം സിലിയൻ മർഫി എസ്എജി ബാഫ്റ്റ എന്നിവയിൽ മികച്ച നേട്ടം കൊയ്‌തു.