ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ചിത്രമാണ് 'നുണക്കുഴി'. ഓഗസ്‌റ്റ് 15ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഈ അടുത്ത് ഒടിടിയിലും റിലീസ് ചെയ്‌തിരുന്നു. സെപ്‌റ്റംബര്‍ 13നാണ് 'നുണക്കുഴി' ഒടിടിയില്‍ സ്‌ട്രീമിംഗ് ആരംഭിച്ചത്. തിയേറ്റര്‍ റിലീസ് കഴിഞ്ഞ് ഒരു മാസം പിന്നിടുന്ന വേളയിലാണ് ചിത്രം സീ 5യിലൂടെ ഒടിടി പ്ലാറ്റ്‌ഫോമിലെത്തിയത്.
മലയാളം, തെലുഗു, കന്നഡ എന്നീ ഭാഷകളിലായി ഒടിടിയിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ 'നുണക്കുഴി' 100 മില്യൺ സ്‌ട്രീമിംഗ് വ്യൂവ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്. സിനിമയുടെ ഈ വിജയം ആഘോഷിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വിജയാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ 'നുണക്കുഴി'യുടെ 10,000 ചതുരശ്ര അടി ഡിജിറ്റൽ പോസ്‌റ്റർ ലോഞ്ച് ചെയ്‌തു.
ട്രിവാൻഡ്രം കൊമ്പൻസ് എഫ്‌സിയും തൃശ്ശൂർ മാജിക് എഫ്‌സിയും തമ്മിലുള്ള മാച്ചിന് മുമ്പ് മന്ത്രി ശിവൻകുട്ടി, മുൻ മന്ത്രി ആന്‍റണി രാജു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പോസ്‌റ്റർ ലോഞ്ചിംഗ്. 'നുണക്കുഴി'യിലൂടെ സീ5ന് കേരളത്തിൽ നിന്നും ഏറ്റവും ഉയർന്ന പ്രീ-സബ്‌സ്‌ക്രിപ്‌ഷനും ലഭിച്ചിരുന്നു.
ഔട്ട് ആന്‍റ് ഔട്ട് കോമഡി ഫാമിലി എന്‍റർടെയിനറാണ് ചിത്രം. ബേസിൽ ജോസഫിന്‍റെ കഥാപാത്രമായ എബിയിലൂടെയാണ് സിനിമയുടെ കഥ സഞ്ചരിക്കുന്നത്. ബേസിലിനെ കൂടാതെ ഗ്രേസ് ആന്‍റണി, നിഖില വിമൽ, അജു വർഗീസ്, സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, അൽത്താഫ് സലിം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
'ട്വെൽത്ത് മാൻ', 'കൂമൻ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കെ.ആർ കൃഷ്‌ണകുമാർ ആണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥ ഒരുക്കിയത്. സരിഗമ, ബെഡ് ടൈം സ്‌റ്റോറീസ്, യൂഡ് ലീ ഫിലിംസ് എന്നീ ബാനറുകളിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം. എസ് ശർമ്മയാണ് സിനിമയുടെ സഹ നിർമ്മാണം. ആശിർവാദ് സിനിമാസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്.
കോസ്റ്റ്യൂം ഡിസൈനർ - ലിന്‍റാ ജീത്തു, മേക്കപ്പ് - അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ - പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സുധീഷ് രാമചന്ദ്രൻ, ഡിസൈൻ - യെല്ലോ ടൂത്ത്‌സ്, പിആർഒ - വിവേക് വിനയരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.