ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' ഇന്ന് മുതൽ തിയേറ്ററുകളിൽ. ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ തുടങ്ങിയവർ മറ്റ് പ്രധാന താരങ്ങളായെത്തുന്ന ഈ ചിത്രം ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക്ക് ഫ്രെയിംസാണ് നിർമിച്ചിരിക്കുന്നത്.
തന്‍റെ ഓർമയിൽ ആദ്യമായാണ് ഒരു മലയാള സിനിമ ബുധനാഴ്‌ച റിലീസ് ചെയ്യുന്നതെന്ന് സംവിധായകൻ ഡിജോ ജോസ് പറഞ്ഞു. 'ജനഗണമന'യ്‌ക്ക് ശേഷം തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് 'മലയാളി ഫ്രം ഇന്ത്യ'യുടെ ആശയം ആദ്യം ചർച്ച ചെയ്‌തത് ലിസ്റ്റിന്‍ സ്റ്റീഫനുമായിട്ട് ആയിരുന്നു. കഥയിലെ കേന്ദ്ര കഥാപാത്രമായ ഗോപിയെക്കുറിച്ചും അയാളെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളെ കുറിച്ചും കേട്ടപ്പോൾ ഇതിൽ ഒരു കൃത്യമായ സിനിമയുണ്ടെന്ന് ബോധ്യമായി. എല്ലാവരും കരുതും പോലെ കോമഡിക്ക് മാത്രം പ്രാധാന്യം നൽകിയിട്ടുള്ള ചിത്രം അല്ല ഇതെന്നും പ്രൊമോഷനിടെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.
നിവിൻ പോളി എന്ന അഭിനേതാവിനെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിച്ച സിനിമ കൂടിയാണിത്. അദ്ദേഹത്തിന്‍റെ 360 ഡിഗ്രി പ്രകടനമാണ് ചിത്രത്തിൽ ഉള്ളത്. മലയാള സിനിമയ്‌ക്ക് ഭാഷയുടെ അതിർവരമ്പുകൾ കടന്നും പ്രേക്ഷകർ ഉണ്ടെങ്കിലും ചിത്രം മറ്റ് ഭാഷകളിലേക്ക് ഡബ്ബ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്ന് കഥാകൃത്ത് ഷാരിസ് മുഹമ്മദ് വ്യക്തമാക്കി.
ഈ ചിത്രം ഏതുഭാഷയിലുള്ള പ്രേക്ഷകരും മലയാളത്തിൽ തന്നെ കേൾക്കണം. കാരണം ഇത് മലയാളിയുടെ സിനിമയാണ്. സിനിമയ്‌ക്ക് പ്രൊമോഷന്‍റെ ആവശ്യമില്ലെന്നും സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ കാണാൻ എത്തുമെന്നുമായിരുന്നു അണിയറ പ്രവർത്തകർ ആദ്യം കരുതിയിരുന്നത്. എന്നാൽ 30 കോടി രൂപ മുടക്കിയ ശേഷം ഇങ്ങനെ കെട്ടിപ്പൂട്ടി വച്ചിരിക്കുന്നതിൽ അർഥമില്ല എന്നായിരുന്നു നിർമ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ അഭിപ്രായം. അതുകൊണ്ടാണ് ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച് ഒരു മാധ്യമ സമ്മേളനം സംഘടിപ്പിച്ചത്.
സിനിമയുടെ ആശയം കേട്ടപ്പോൾ തന്നെ ചിത്രത്തിന്‍റെ ഭാഗമാകാൻ തീരുമാനിക്കുകയായിരുന്നു എന്ന് നിവിൻ പോളിയും മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ കരിയറിൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന പരാജയങ്ങളെ വളരെ സീരിയസായാണ് കാണുന്നതെന്നും ഈ ചിത്രം നല്ല രീതിയിൽ വന്നിട്ടുണ്ട് എന്ന് തന്നെയാണ് വിശ്വാസമെന്നും താരം കൂട്ടിച്ചേർത്തു. മഞ്ജു പിള്ള, അജു വർഗീസ്, സെന്തിൽ കൃഷ്‌ണ തുടങ്ങി നിരവധി പ്രേക്ഷകപ്രിയ താരങ്ങളും 'മലയാളി ഫ്രം ഇന്ത്യ'യിലുണ്ട്.
ALSO READ: 'ബോഡി ഷെയിം ചെയ്‌ത് വേദനിപ്പിക്കരുത്': രോഗബാധിതയെന്ന് വെളിപ്പെടുത്തി നടി അന്ന രാജൻ