എറണാകുളം: ലൈംഗികാരോപണ കേസിൽ നടൻ നിവിൻ പോളിക്കെതിരായ ആരോപണത്തിൽ പുതിയ വഴിത്തിരിവ്. നിവിന്‍ പോളിയെ പ്രതിപ്പട്ടിയകയില്‍ നിന്നൊഴിവാക്കി അന്വേഷണ സംഘം. സ്പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ ടീം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കോതമംഗലം ജില്ലാ കോടതിയാണ് നിവിൻ പോളിയെ കുറ്റവിമുക്‌തനാക്കിയത്.
കേസിൽ നിവിൻ പോളിയെ മാത്രമാണ് പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയത്. അതേസമയം യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള മറ്റ് ആറ് പ്രതികൾക്കെതിരായ അന്വേഷണം തുടരുമെന്നും കോടതി അറിയിച്ചു.
ദുബൈയില്‍ വച്ച് തന്നെ പീഡിപ്പിച്ചെന്ന ആരോപണവുമായി കോതമംഗലം സ്വദേശിയായ യുവതിയാണ് നിവിൻ പോളിക്കെതിരെ രംഗത്തെത്തിയത്. അവിടെ വച്ച് തന്നെ ശാരീരികമായി ഉപയോഗിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തു എന്നായിരുന്നു യുവതി നിവിൻ പോളിക്കെതിരെ നൽകിയ പരാതി.
യുവതിയുടെ പരാതിയ്‌ക്ക് പിന്നാലെ ഉടൻ തന്നെ വിശദീകരണവുമായി നിവിൻ പോളി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു. ആരോപണം ഉന്നയിക്കുന്ന ദിവസങ്ങളിൽ താൻ വിദേശത്ത് ഉണ്ടായിരുന്നില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും നിവിൻ പോളി വാർത്ത സമ്മേളനത്തിൽ പ്രസ്‌താവിച്ചിരുന്നു.
പീഡനം ആരോപിച്ച ദിവസങ്ങളിൽ നിവിൻ പോളി 'വർഷങ്ങൾക്ക് ശേഷം' എന്ന സിനിമയുടെ സെറ്റിൽ ആയിരുന്നു എന്ന തരത്തിലുള്ള തെളിവുകളുമായി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും രംഗത്തെത്തിയിരുന്നു.
വിനീത് ശ്രീനിവാസൻ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ ടീം നടത്തിയ അന്വേഷണത്തിൽ യുവതി പീഡനം ആരോപിച്ച ദിവസങ്ങളിൽ നിവിൻ പോളി വിദേശത്ത് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. യുവതിയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉള്ളതായും സ്പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ ടീം കണ്ടെത്തി.