തിരുവനന്തപുരം: കുറ്റകൃത്യത്തെ കുറിച്ച് വിവരം ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്തത് ക്രിമിനൽ കുറ്റമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭയിൽ ചോദ്യോത്തര വേളയിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം വിഷയത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. ജസ്‌റ്റിസ് ഹേമ സ്വകാര്യത സൂക്ഷിക്കണമെന്ന് നിർദേശം നൽകിയെന്നും, ഹൈക്കോടതി കേസ് പരിഗണിക്കുന്നതിന് മുൻപ് തന്നെ അന്വേഷണ കമ്മീഷനെ നിയോഗിച്ചെന്നുമായിരുന്നു സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍റെ പ്രതികരണം.
പരാതികൾ മുഴുവൻ പരിശോധിച്ചതായും ഇനി പരാതിയുണ്ടോ എന്ന് പ്രതിപക്ഷ നേതാവിന് വേണമെങ്കിൽ തെളിയിക്കാമെന്നും മന്ത്രി വ്യക്തമാക്കി. സിനിമ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി. പരിഹാര സെൽ ഉറപ്പു വരുത്തിയാൽ മാത്രമെ രജിസ്ട്രേഷൻ ഉറപ്പാക്കൂ. പരിഹാര സെൽ ഷൂട്ടിംഗ് സെറ്റുകളിൽ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി ചോദ്യോത്തര വേളയിൽ പറഞ്ഞു.
"സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പുതിയ നിയമം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. ഹേമ കമ്മറ്റിയിൽ ഒരു പേരും മറച്ചു വച്ചിട്ടില്ല. വ്യക്‌തികളുടെ സ്വകാര്യത മാനിച്ചാണ് ചില പേജുകൾ പുറത്തു വിടാത്തത്. നിയമോപദേശം ലഭിച്ചാൽ ഉടൻ പുതിയ നയം കൊണ്ടു വരും." -മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.