ഹൈദരാബാദ് : ആരാധകനെ സുരക്ഷ ഉദ്യോഗസ്ഥർ തള്ളി നീക്കിയ വീഡിയോ വൈറലായതിന് പിന്നാലെ ആരാധകനെ നേരില്‍ കണ്ട് തെലുഗു സൂപ്പർതാരം നാഗാർജുന. മുംബൈ വിമാനത്താവളത്തിൽ നടന്‍റെ സുരക്ഷ ഉദ്യോഗസ്ഥർ ഭിന്നശേഷിക്കാരനായ ആരാധകനെ തള്ളിയിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ആരാധകൻ നാഗാർജുനയ്‌ക്കൊപ്പമുള്ള ഫോട്ടോയ്ക്കായി സമീപിക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം.
സംഭവത്തിൽ ആരാധകൻ ക്ഷമാപണം നടത്തിയപ്പോൾ 'ഇത് നിങ്ങളുടെ തെറ്റല്ല, ഞങ്ങളുടെ തെറ്റാണ്' എന്നായിരുന്നു നാഗാർജുനയുടെ മറുപടി. ഒപ്പം വിമാനത്താവളത്തിലെ മറ്റ് ആരാധകരുമായി സംവദിക്കാനും ഫോട്ടോകൾക്ക് പോസ് ചെയ്യാനും താരം തയാറായി. സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ നാഗാർജുന തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയും ക്ഷമാപണം നടത്തിയിരുന്നു.
'ഇത് എന്‍റെ ശ്രദ്ധയിൽ പെട്ടത് ഇപ്പോഴാണ്. ഇങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. ഞാൻ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു, ഭാവിയിൽ ഇങ്ങനെ സംഭവിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കും' എന്നായിരുന്നു നാഗര്‍ജുന എക്‌സില്‍ കുറിച്ചത്.
Where has humanity gone? #nagarjuna pic.twitter.com/qnPjJngIxM
— Viral Bhayani (@viralbhayani77) June 23, 2024
വൈറലായ വീഡിയോയില്‍ നാഗാർജുന മുംബൈ വിമാനത്താവളത്തിലൂടെ പുറത്തേക്ക് ഇറങ്ങുമ്പോഴാണ് സംഭവം. കഫേ ജീവനക്കാരൻ പെട്ടെന്ന് നാഗാർജുനയുടെ അടുത്തേക്ക് വരാന്‍ ശ്രമിക്കുന്നത് കാണാം. എന്നാൽ താരത്തിന് അടുത്ത് എത്തും മുന്‍പേ നാഗാർജുനയുടെ സുരക്ഷ ഉദ്യോഗസ്ഥർ അയാളെ തള്ളിയിടുന്നതും വ്യക്തമാണ്. നാഗര്‍ജുന ഇത് കാണാതെ നടന്നു നീങ്ങുന്നത് വീഡിയോയില്‍ കാണാം.
അതേസമയം, D51 ആണ് നാഗാര്‍ജുനയുടേതായി വരാനിരിക്കുന്ന പ്രോജക്‌ട്. ചിത്രത്തില്‍ ധനുഷ്, രശ്‌മിക മന്ദാന എന്നിവർക്കൊപ്പമാണ് താരം എത്തുന്നത്. ശേഖർ കമ്മുലയാണ് ചിത്രത്തിന്‍റെ സംവിധാനം. ജുഹു ബീച്ച് ഉൾപ്പെടെ മുംബൈയിലെ വിവിധ സ്ഥലങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്.
ALSO READ: സർക്കാരിനെ ചോദ്യം ചെയ്യുന്ന സിനിമകൾ നിർമിക്കുന്നത് എളുപ്പമോ? കമൽ ഹാസന് പറയാനുള്ളത്