ഹാസ്യത്തിന്‍റെ പശ്ചാത്തലത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ചിത്രമാണ് 'നടന്ന സംഭവം'. മികച്ച പ്രതികരണം നേടിക്കൊണ്ട് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് ഈ ചിത്രം. ബിജു മേനോനും ഒരു ഇടവേളക്ക് ശേഷം കോമഡിയിൽ തിളങ്ങിക്കൊണ്ട് സുരാജ് വെഞ്ഞാറമ്മൂടും സ്‌ക്രീനിൽ ഒരുമിക്കുമ്പോൾ മികച്ച ദൃശ്യവിരുന്ന് തന്നെയാണ് 'നടന്ന സംഭവം' സമ്മാനിക്കുന്നതെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ഇപ്പോഴിതാ ചിത്രത്തിന്‍റെ വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ് സംവിധായകൻ വിഷ്‌ണു നാരായണൻ.
'നടന്ന സംഭവം' എന്താണെന്ന് അറിയണമെങ്കിൽ തീർച്ചയായും സിനിമ കാണുക തന്നെ വേണം. ചിത്രത്തിൽ പ്രതിപാദിക്കുന്ന വിഷയം നമുക്ക് ചുറ്റും ഒക്കെ നടക്കാൻ സാധ്യതയുള്ളതും നടന്നതും ഒക്കെയാണ്. ബിജു മേനോനും സുരാജും ഒരുമിച്ച് അഭിനയിക്കുന്നത് തന്നെ കാണാൻ രസമായിരുന്നു. ഇരുവരും ഒരുപാട് ചിത്രങ്ങൾ ഒരുമിച്ചിട്ടുണ്ടെങ്കിലും പ്രധാന കഥാപാത്രങ്ങളായി ഒരുമിക്കുന്നത് ഇത് ആദ്യമാണ്. അതുകൊണ്ടുതന്നെ രണ്ടുപേരെയും ഒരുമിപ്പിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ എക്‌സൈറ്റ്‌മെന്‍റ് ഉളവാക്കുന്ന കാര്യമായിരുന്നു.
ഇവരുടെ കോമ്പിനേഷൻ രംഗങ്ങൾ ഷൂട്ട് ചെയ്യുന്നത് തന്നെ രസകരമായിരുന്നു. ആർക്കും ഇഷ്‌ടം തോന്നുന്ന വളരെ ക്യൂട്ടായ ഒരു കഥാപാത്രമാണ് ബിജു ചേട്ടൻ കൈകാര്യം ചെയ്യുന്നത്. അദ്ദേഹം ആ കഥാപാത്രം ചെയ്യുകയാണെങ്കിൽ കഥാപാത്രത്തെ പ്രേക്ഷകർക്ക് വളരെ എളുപ്പത്തിൽ ഉൾക്കൊള്ളാൻ സാധിക്കും. എല്ലാവർക്കും ഒരുപോലെ ഇഷ്‌ടമുള്ള നടനാണല്ലോ ബിജു മേനോൻ.
കഥാപാത്രം വളരെ സട്ടിലാവുകയും എന്നാൽ പ്രവർത്തി കോമഡി ആയി തോന്നുകയും ചെയ്യുന്ന ഒരു കഥാപാത്രത്തെ കൈകാര്യം ചെയ്യാൻ ഇപ്പോൾ മലയാള സിനിമയിൽ സുരാജ് വെഞ്ഞാറമ്മൂടിനെ കഴിഞ്ഞേ ആരും ഉള്ളൂ. സുരാജിന്‍റെ കഥാപാത്രം തിയേറ്ററിൽ ചിരി നിറക്കുന്നുണ്ട്. സിനിമയിലെ കഥാപാത്രങ്ങളെ നിരീക്ഷിച്ചാൽ നമുക്ക് ചുറ്റും കാണുന്നവരാണെന്ന് തോന്നിപ്പോകും.
നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ചാണ് സിനിമ ചർച്ച ചെയ്യുന്നത്. സുധി കോപ്പ അവതരിപ്പിച്ച മഞ്ഞ പത്രക്കാരന്‍റെ വേഷം മാധ്യമ പ്രവർത്തകരെ കളിയാക്കണമെന്ന് ഉദ്ദേശിച്ച് ചെയ്‌തതല്ല. ഉദാഹരണത്തിന് നമ്മുടെ വീട്ടിൽ കറണ്ട് പോയാൽ അപ്പുറത്ത് വീട്ടിലും പോയോ എന്ന് നോക്കുന്ന മാനസികാവസ്ഥ ഉള്ളവർ ഉണ്ടല്ലോ. അതിന്‍റെ വൈകൃതമായ ഒരു വേർഷൻ കാണിച്ചു എന്നേയുള്ളൂ. അത്തരത്തിലുള്ള ആൾക്കാരുടെ പ്രതിഫലനമാണ് സുധി കോപ്പയുടെയും കഥാപാത്രം.
ടോവിനോ തോമസ് നായകനായ മറഡോണ ആയിരുന്നു എന്‍റെ ആദ്യ ചിത്രം. ശേഷം വലിയ രണ്ട് താരങ്ങളെ നായകന്മാരാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനിരുന്നു പ്ലാൻ. എന്നാൽ, കൊവിഡ് തിരിച്ചടിയായി. കൊവിഡ് കാലത്തിനുശേഷം സിനിമയുടെ ആസ്വാദന തലം തന്നെ മൊത്തത്തിൽ മാറി.
പുതുമയുള്ള എന്തെങ്കിലും ചിന്തിച്ചാലോ എന്ന ആലോചനയാണ് ഈ സിനിമയുടെ കഥയിലേക്ക് എത്തിച്ചത്. താരങ്ങളിൽ ബിജു മേനോനോടാണ് ഈ കഥ ഞാൻ ആദ്യമായി പറയുന്നത്. കഥ കേട്ടമാത്രയിൽ തന്നെ ചിത്രം ഉടൻ ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചു. മൂന്ന് മാസത്തിനുള്ളിൽ തന്നെ ചിത്രീകരണം ആരംഭിക്കാനായി.
ഈ ചിത്രത്തിന്‍റെ നിർമാതാവ് അനൂപ് കണ്ണനുമായി മറ്റൊരു പ്രോജക്‌ട് ചെയ്യാൻ ധാരണയുണ്ടായിരുന്നു. പക്ഷേ നടന്ന സംഭവത്തിന്‍റെ കഥ കേട്ടതോടെ തീരുമാനം മാറി, ഈ ചിത്രത്തിന് വേണ്ടിയുള്ള ജോലികൾ ആരംഭിച്ചു. സിനിമ തിയേറ്ററുകളിൽ പ്രേക്ഷകരെ രസിപ്പിക്കുന്നതിനോടൊപ്പം തന്നെ ചിത്രത്തിലെ സന്ദേശം പലരും ഉൾക്കൊള്ളുകയും ചെയ്യുന്നുണ്ട്.
സിനിമ കണ്ട് നിരവധി പേർ നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരു ചേച്ചിയുടെ പ്രതികരണം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണ്. സിനിമ കണ്ടവർക്കറിയാം ചിത്രത്തിൽ വലിയൊരു സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം ചർച്ച ചെയ്യുന്നുണ്ട്. അത്തരമൊരു കാര്യത്തെക്കുറിച്ച് പൊതുവിൽ കുടുംബങ്ങളിൽ ആരും ചർച്ച ചെയ്യാറില്ല. ചേച്ചിക്ക് പത്താം ക്ലാസിൽ പഠിക്കുന്ന ഒരു മകളുണ്ട്. സിനിമ കണ്ട് ഇറങ്ങിയപ്പോൾ മകൾ സിനിമയിൽ പ്രതിപാദിച്ചിരിക്കുന്ന ആ വിഷയത്തെക്കുറിച്ച് ആ ചേച്ചിയോട് ചോദിച്ചു.
അതിനുമുമ്പ് അത്തരം ഒരു കാര്യത്തെക്കുറിച്ച് അമ്മയും മകളും ഒരിക്കലും സംസാരിച്ചിട്ടുണ്ടായിരുന്നില്ല. സിനിമ കണ്ട് തിരിച്ചു പോകുന്ന വഴി ആ ചേച്ചിയും മകളും ആ വിഷയത്തെക്കുറിച്ച് തുറന്നു സംസാരിച്ചു. അത് തന്നോട് വിളിച്ചു പറഞ്ഞപ്പോൾ സന്തോഷം തോന്നി. സിനിമയെക്കുറിച്ച് ലഭിക്കുന്ന ഏറ്റവും ജനുവിനായ അഭിപ്രായം- സംവിധായകൻ വിഷ്‌ണു നാരായണൻ പറഞ്ഞു.
ALSO READ: ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ് കളക്ഷന്‍; കൽക്കി 2898 AD റിലീസ് നാളെ