24 വർഷങ്ങൾക്ക് ശേഷം 4കെ അറ്റ്‌മോസ് ദൃശ്യ ശ്രവ്യ ചാരുതയോടെ ദേവദൂതൻ വീണ്ടുമെത്തിയപ്പോൾ ഇരുകയ്യും നീട്ടി സ്വീകരിച്ച് മലയാളായി പ്രേക്ഷകർ. വിദ്യാസാഗറിന്‍റെ സംഗീത മന്ത്രികതയിലും ലോക നിലവാരത്തിലുള്ള ഫ്രെയിമുകളിലൂടെയും ചിത്രം പ്രേക്ഷകരെ തീയേറ്ററിനുള്ളിൽ ഒരു സ്വപ്‌ന ലോകത്തേക്ക് കൂട്ടികൊണ്ടു പോകുന്നു. 24 വർഷം മുൻപ് പ്രേക്ഷകർ നിഷ്‌കരുണം നിരസിച്ച ചിത്രം ക്ലാസിക് പരിവേഷത്തോടെ പുതിയ ലോകം ഏറ്റെടുത്ത സന്തോഷം നടൻ മോഹൻലാൽ പങ്കുവച്ചു.
ദേവദൂതന്‍റെ റീ-റിലീസ് പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചു കൊണ്ടാണ് മോഹൻലാൽ തന്‍റെ വാക്കുകൾ കുറിച്ചത്. '24 വർഷങ്ങൾക്ക് ശേഷം ദേവദൂതൻ സിനിമ വീണ്ടും കാണാനിടയായി. ഒരു ദേവദൂതൻ്റെ അനുഗ്രഹം അസാധാരണമായ ചാരുതയുള്ള ഓരോ ഫ്രെയിമിലും സ്‌പർശിക്കുന്നതുപോലെ തോന്നുന്നു. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ' -മോഹൻലാലിന്‍റെ വാക്കുകൾ ഇങ്ങനെ. ചിത്രത്തിന്‍റെ പുതിയ പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സിബി മലയിലിന്‍റെ സംവിധാനത്തിൽ 2000ത്തില്‍ റിലീസ് ചെയ്‌ത ചിത്രമാണ് ദേവദൂതൻ. തിരക്കഥ എഴുതിയത് രഘുനാഥ് പലേരി ആയിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് സന്തോഷ് തുണ്ടിയിലാണ്. വിദ്യാസാഗര്‍ സംഗീതം നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ അന്നുമിന്നും ഹിറ്റായി മാറിയിരിക്കുന്നു.
വിശാല്‍ കൃഷ്‍ണമൂര്‍ത്തിയായ മോഹൻലാലിന് പുറമെ ചിത്രത്തില്‍ ജയപ്രദ, മുരളി, ജനാര്‍ദനൻ, ജഗദീഷ്, വിനീത് കുമാര്‍, ശരത് ദാസ്, വിജയലക്ഷ്‍മി, ലെന, രാധിക, സാന്ദ്ര, ജിജോയി രാജഗോപാല്‍, രാജ കൃഷ്‍ണമൂര്‍ത്തി, ജോയ്‌സ്, രാമൻകുട്ടി വാര്യര്‍ എന്നിവരും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മിസ്റ്ററി ഹൊറര്‍ ജോണറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. പിആര്‍ഒ: പി ശിവപ്രസാദ്
Also Read: സ്റ്റൈലിഷ് ലുക്കില്‍ പ്രഭാസ്; 'ദി രാജാസാബ്' ചിത്രത്തിന്‍റെ ആദ്യ ഗ്ലിംപ്‌സ് പുറത്ത്