മോഹൻലാൽ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'എംപുരാൻ'. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂൾ പൂർത്തിയായ വാർത്തയാണ് പുറത്തുവരുന്നത് (Mohanlal starrer L2: Empuraan second schedule complete).
പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്. യുകെയിൽ ആയിരുന്നു രണ്ടാം ഷെഡ്യൂളിന്‍റെ ചിത്രീകരണം. അടുത്ത ഷെഡ്യൂൾ അമേരിക്കയിൽ ആരംഭിക്കുമെന്നാണ് വിവരം. മോഹൻലാൽ ഉടൻ ടീമിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് (Mohanlal - Prithviraj Sukumaran movie L2: Empuraan).
പൃഥ്വിരാജിന്‍റെ സംവിധാനത്തിൽ 2019ൽ റിലീസായ 'ലൂസിഫറി'ന്‍റെ പ്രീക്വലായാകും 'എംപുരാൻ' എത്തുന്നത്. മുരളി ഗോപി തന്നെയാണ് ഈ ചിത്രത്തിനും കഥയും തിരക്കഥയും എഴുതിയത്. 2022 ഓഗസ്‌റ്റിലായിരുന്നു തന്‍റെ മൂന്നാം സംവിധാനം സംരംഭത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം പൃഥ്വിരാജ് നടത്തുന്നത്.
കഴിഞ്ഞ വർഷം ഒക്‌ടോബർ അഞ്ചിനാണ് 'എമ്പുരാ'ന്‍റെ ചിത്രീകരണം ആരംഭിച്ചത്. ലഡാക്കിൽ ആയിരുന്നു സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം നടന്നത്. ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും സംയുക്തമായി നിർമിക്കുന്ന 'എംപുരാൻ' ഇരുപതോളം വിദേശ രാജ്യങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്.
വിദേശ രാജ്യങ്ങൾക്കൊപ്പം ഉത്തരേന്ത്യയും തമിഴ്‌നാടുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. മലയാളത്തിന് പുറമെ തമിഴ്, തെലുഗു, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ഈ ചിത്രം പ്രദർശനത്തിന് എത്തും. സുരേഷ് ബാലാജിയും ജോർജ് പയസ് തറയിലും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാണ് ലൈൻ പ്രൊഡക്ഷൻ.
മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പളളി എന്ന രാഷ്‌ട്രീയക്കാരൻ എങ്ങനെ അബ്‌റാം ഖുറേഷിയായി മാറി എന്നതാകും 'എംപുരാൻ' പറയുന്നത്. ടൊവിനോ തോമസും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ അണിനിരക്കുമെന്നാണ് വിവരം. ഇവർക്കൊപ്പം ഇന്ത്യയിലെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിന്‍റെ ഭാഗമായേക്കും.
നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മികച്ച പ്രതികരണം നേടിയിരുന്നു. യുദ്ധ പശ്ചാത്തലത്തില്‍ കയ്യില്‍ എ കെ 47നുമായി ഒരു ഹെലികോപ്‌റ്ററിന് അഭിമുഖമായി നില്‍ക്കുന്ന മോഹന്‍ലാല്‍ ആയിരുന്നു ഫസ്‌റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. മോഹൻദാസ് ആണ് എംപുരാന്‍ സിനിമയുടെ കലാ സംവിധാനം നിർവഹിക്കുന്നത്. 'എമ്പുരാന്‍റെ' ഔദ്യോഗിക റിലീസ് തീയതി എപ്പോഴെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.