മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുമായി ആദ്യമായി കൈകോർത്ത ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ'. ജനുവരി 25ന് തിയേറ്ററുകളിൽ എത്തിയ ചിത്രം പ്രദർശനം തുടരുകയാണ്. ഇതിനിടെ ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ (Malaikottai Vaaliban making video).
രാജസ്ഥാനിലെയും മറ്റ് ലൊക്കേഷനുകളിൽ നിന്നുമുള്ള കാഴ്‌ചകളാണ് മേക്കിങ് വീഡിയോ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. ചിത്രത്തിലെ നിർണായകമായ സംഘട്ടന രംഗങ്ങളുടെ ചിത്രീകരണ കാഴ്‌ചകളും വീഡിയോ പങ്കുവയ്‌ക്കുന്നുണ്ട്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി നിറഞ്ഞുനിൽക്കുന്ന വീഡിയോയിൽ അദ്ദേഹം അഭിനേതാക്കൾക്കും മറ്റ് ക്രൂ അംഗങ്ങൾക്കും നിർദേശം നൽകുന്നത് കാണാം.
നായകനായ മോഹൻലാൽ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ ടിനു പാപ്പച്ചൻ എന്നിവരും വീഡിയോയിൽ ഉണ്ട്. 'ഈ ഒരു ജോണറിലുള്ള ഒരു ചിത്രം ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല എന്നാണ് എന്‍റെ വിശ്വാസം. വലിയൊരു ക്യാൻവാസിൽ ചെയ്‌ത മലൈക്കോട്ടൈ വാലിബൻ തിയേറ്ററിൽ മുൻവിധികൾ ഇല്ലാതെ ആസ്വദിക്കാൻ സാധിക്കുന്ന നല്ലൊരു സിനിമയാകും' എന്നാണ് മോഹൻലാൽ ഈ ചിത്രത്തെ മുൻപ് വിശേഷിപ്പിച്ചത്.
മോഹൻലാലിന് പുറമെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്‌ദ്, മനോജ് മോസസ്, കഥ നന്ദി, മണികണ്‌ഠൻ ആചാരി തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്‌സ്, കൊച്ചുമോന്‍റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്‍റെ മാക്‌സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവർ ചേർന്നാണ് 'മലൈക്കോട്ടൈ വാലിബ'ന്‍റെ നിർമാണം.
പിഎസ് റഫീഖും സംവിധായകൻ ലിജോയും ചേര്‍ന്നാണ് പിരിയഡ് ആക്ഷൻ ഡ്രാമ ജോണറിൽ ഒരുക്കിയ 'വാലിബന്‍റെ' തിരക്കഥ രചിച്ചത്. മധു നീലകണ്‌ഠൻ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ദീപു ജോസഫാണ് എഡിറ്റർ. കലാസംവിധാനം ഗോകുൽദാസും നിർവഹിക്കുന്നു. പ്രശാന്ത് പിള്ളയാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
അസോസിയേറ്റ് ഡയറക്‌ടർ : രതീഷ് മൈക്കിൾ, വസ്‌ത്രാലങ്കാരം : സുജിത്ത് സുധാകരൻ, രതീഷ് ചമ്രവട്ടം, സ്റ്റണ്ട് : വിക്രം മോർ, സുപ്രീം സുന്ദർ, മേക്കപ്പ് : റോണക്‌സ് സേവ്യർ, കൊറിയോഗ്രഫി : സാമന്ത് വിനിൽ, ഫുലവ ഖംകർ, സൗണ്ട് ഡിസൈൻ : രംഗനാഥ് രവി, ശബ്‌ദമിശ്രണം : ഫസൽ എ ബക്കർ, ലൈൻ പ്രൊഡ്യൂസർ : ആൻസൺ ആന്‍റണി, പ്രൊഡക്ഷൻ കൺട്രോളർ : എൽബി ശ്യാംലാൽ, ഫിനാൻസ് കൺട്രോളർ : ദിനീപ് ഡേവിഡ്, സ്റ്റിൽസ് : അർജുൻ കല്ലിങ്കൽ, ഡിസൈൻ : കെ പി മുരളീധരൻ, വിനയ്‌കൃഷ്‌ണൻ, കൃഷ്‌ണ ചന്ദ്രൻ, മിലൻ മുരളി, പബ്ലിസിറ്റി ഡിസൈൻ : ഓൾഡ്‌മങ്ക്‌സ് എന്നിവർ ഈ ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരാണ്.
ALSO READ: 'അയാളുടെ പേര് മോഹന്‍ലാല്‍ എന്നാണ്, ഇനി വാലിബന്‍റെ തേരോട്ടം'; കുറിപ്പുമായി ഹരീഷ് പേരടി