'ദൃശ്യം 2' എത്തിയതോടെ സിനിമയ്‌ക്ക് മൂന്നാം ഭാഗം ഉണ്ടാകുമോ എന്നായിരുന്നു ആരാധകരുടെ സംശയം. എന്നാല്‍ അതിന് ഉത്തരവുമായാണ് മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. മലയാളത്തിന്‍റെ ക്ലാസിക് ത്രില്ലര്‍ 'ദൃശ്യ'ത്തിന്‍റെ മൂന്നാം ഭാഗം വരുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മലയാളത്തിന് ഒരു പാന്‍ ഇന്ത്യന്‍ റീച്ച് കൊണ്ടുവന്ന സിനിമയാണ് ദൃശ്യമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
ദൃശ്യം റിലീസായി എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തിയ 'ദൃശ്യം' രണ്ടാം ഭാഗവും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ദൃശ്യം 2 വിന് ശേഷം മറ്റു ഭാഷക്കാര്‍ കൂടുതല്‍ മലയാളം സിനിമ കാണാന്‍ തുടങ്ങിയതെന്നും താരം പറഞ്ഞു. തന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ബറോസി'ന്‍റെ പ്രമോഷന്‍ പരിപാടിക്കിടെ സുഹാസിനിക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ 'ദൃശ്യം' മൂന്നാം ഭാഗം വരുന്നുവെന്ന കാര്യം സ്ഥിരീകരിച്ചത്.
മോഹന്‍ലാലിന്‍റെ വാക്കുകള്‍
"ചിത്രീകരിക്കുന്നതിന്‍റെ അഞ്ചുവര്‍ഷം മുന്‍പേ സംവിധായകന്‍റെ തിരക്കഥയായിരുന്നു ദൃശ്യം. ഒട്ടേറെ പേരോട് തിരക്കഥ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പക്ഷേ അവര്‍ക്കൊന്നും ഈ സിനിമ ബോധ്യപ്പെട്ടില്ല. ആന്‍റണിയാണ് ഇങ്ങനെയൊരു വിഷയം ഉണ്ടെന്ന് പറഞ്ഞ് അത് കേള്‍ക്കാന്‍ പറയുന്നത്. കഥ കേട്ടപ്പോള്‍ ഞെട്ടിപ്പോയി. അവിശ്വസനീയമായ ഒന്നായിരുന്നു അത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കുടുംബത്തിന് വേണ്ടി നില്‍ക്കുന്ന ഒരാള്‍ എന്നതായിരുന്നു ആ ചിത്രത്തില്‍ ആളുകള്‍ക്ക് താത്പര്യമുണ്ടാക്കിയ ഘടകം. ആറു വര്‍ഷത്തിന് ശേഷം ദൃശ്യം 2 ഒരുക്കാനിരിക്കുമ്പോഴാണ് കോവിഡ് വന്നത്. എന്നാല്‍ അത് മലയാള സിനിമാ മേഖലയ്ക്ക് ഗുണകരമായി.
കാരണം ലോകമെമ്പാടുമുള്ളവര്‍ ആ ചിത്രം കണ്ടു. അടുത്തിടെ ഗുജറാത്തില്‍ ചിത്രീകരണം നടക്കുമ്പോള്‍ ദൃശ്യം സിനിമ കാരണം അവിടുത്തുകാര്‍ എന്നെ തിരിച്ചറിയുന്നുണ്ടായിരുന്നു. ദൃശ്യം 2 വിന് ശേഷം അന്യഭാഷക്കാര്‍ കൂടുതല്‍ മലയാളം സിനിമ കാണാന്‍ തുടങ്ങി. മലയാളത്തിന് ഒരു പാന്‍ ഇന്ത്യന്‍ റീച്ച് കൊണ്ടുവന്ന സിനിമയാണ് ദൃശ്യം 2. ദൃശ്യത്തിന്‍റെ മൂന്നാം ഭാഗം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞങ്ങളിപ്പോള്‍", മോഹന്‍ലാല്‍ പറഞ്ഞു.
നേരത്തെ 'ദൃശ്യം 3'യുടെ തിരക്കഥ ലോക്കായെന്നും 2025ല്‍ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 2025 ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായി എന്ന വാര്‍ത്ത തെറ്റാണെന്ന് ജീത്തു ജോസഫ് അന്ന് പ്രതികരിച്ചിരുന്നു.
മലയാള സിനിമയുടെ ഗതിമാറ്റിയ ചിത്രമായിരുന്നു ദൃശ്യം. 2013ല്‍ റിലീസായ ഈ ചിത്രം മലയാളികള്‍ അതുവരെ കണ്ടു ശീലിച്ച ത്രില്ലറുകളില്‍ നിന്നും വളരെ വ്യത്യസ്‌തമയാണ് ഒരുക്കിയിട്ടുള്ളത്. മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ഈ ചിത്രത്തെ മലയാളത്തിലെ ക്ലാസിക്ക് ചിത്രമായാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഏഴ് ഭാഷകളിലാണ് ഈ ചിത്രം റിലീസ് ചെയ്‌ത്.