സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പ്രേക്ഷകരിലേയ്‌ക്ക് എത്തിച്ച 'പല്ലൊട്ടി 90's കിഡ്‌സ്' എന്ന സിനിമയുടെ വിജയത്തിൽ താരങ്ങളെയും അണിയറപ്രവർത്തകരെയും അഭിനന്ദിച്ച് മോഹൻലാൽ. സിനിമയിൽ മികവുറ്റ അഭിനയം പ്രകടിപ്പിച്ച മാസ്‌റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്‌റ്റർ നീരജ് എന്നിവരെ മോഹൻലാൽ ചേർത്തുനിർത്തി അഭിനന്ദിച്ചു.
മികച്ച പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന 'പല്ലൊട്ടി 90'സ് കിഡ്‌സ്' മികച്ച ചിത്രം, മികച്ച ബാല താരം, മികച്ച പിന്നണി ഗായകൻ എന്നിങ്ങനെ മൂന്ന് കേരള സംസ്‌ഥാന അവാർഡുകളാണ് കരസ്ഥമാക്കിയത്.
തൊണ്ണൂറുകളിലെ സൗഹൃദവും ഗൃഹാതുരത്വവും ആശയമായി എത്തിയ ചിത്രം പ്രേക്ഷക ഹൃദയങ്ങളിൽ ഇടംപിടിച്ചു. സൗഹൃദത്തിന്‍റെ ആഴവും ബാല്യത്തിന്‍റെ നിഷ്‌കളങ്കതയും പ്രമേയത്തിന്‍റെ ഗാഢത വർദ്ധിപ്പിക്കുന്നു. പലപ്പോഴും ആത്‌മവിശ്വാസക്കുറവ് കൊണ്ട് പിന്നോട്ട് പോകുന്ന മനുഷ്യരെ ചേർത്ത് പിടിക്കണമെന്ന് 'പല്ലൊട്ടി' എന്ന ചിത്രം സംവദിക്കുന്നുണ്ട്.
സൈജു കുറുപ്പ്, അർജുൻ അശോകൻ, ബാലു വർഗീസ്, സുധി കോപ്പ, നിരഞ്ജന അനൂപ്, ദിനേഷ് പ്രഭാകർ, വിനീത് തട്ടിൽ, അബു വളയംകുളം തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരന്നു.
നവാഗതനായ ജിതിൻ രാജ് ആണ് സംവിധാനം. സിനിമാ പ്രാന്തൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിൻ രാധാകൃഷ്‌ണൻ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിർമ്മാണം. ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി വിതരണത്തിനെത്തിക്കുന്ന സിനിമയാണ് 'പല്ലൊട്ടി 90'സ് കിഡ്‌സ്'.
ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും മുമ്പ് തന്നെ 'പല്ലൊട്ടി'ക്ക് ജെസി ഡാനിയൽ ഫൗണ്ടേഷൻ പുരസ്‌കാരം നേടിയിരുന്നു. മാത്രമല്ല ബാംഗ്ലൂർ ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്‌റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമ കാറ്റഗറിയിലിലേയ്‌ക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.