എറണാകുളം: തന്‍റെ രാഷ്‌ട്രീയം തികച്ചും വ്യക്തിപരമാണെന്ന് അഖിൽ മാരാർ. ഏത് രാഷ്‌ട്രീയ പാർട്ടിയിൽ പ്രവർത്തിക്കണം ആരെ വിമർശിക്കണം അനുകൂലിക്കണം എന്നതൊക്കെ തന്‍റെ ശരികളെ അടിസ്ഥാനപ്പെടുത്തിയാണ് സംഭവിക്കുന്നത്. തന്‍റെ കാഴ്‌ചപ്പാടുകളെ വിമർശിക്കുന്നവരിൽ പലരും പിന്നീട് താൻ പറഞ്ഞതാണ് ശരിയെന്ന് മനസിലാക്കി അനുകൂലിക്കുമെന്നും അഖിൽ മാരാർ പറഞ്ഞു.
ബിഗ് ബോസ് റിയാലിറ്റി ഷോയിലെ കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞതിന് പിന്നാലെ സംഭവിച്ച പ്രശ്‌നങ്ങൾക്ക് പിന്നിലെ വസ്‌തുത ബോധ്യപ്പെടുത്താൻ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയശേഷം മടങ്ങുന്നതിനിടയാണ് അഖിൽ മാരാരുടെ പ്രതികരണം.
'എന്‍റെ കാഴ്‌ചപ്പാടുകളെ വിമർശിക്കുന്നവരിൽ പലരും പിന്നീട് ഞാൻ പറഞ്ഞതാണ് ശരിയെന്ന് മനസിലാക്കി അനുകൂലിക്കും. നടൻ ദിലീപിനെ ഞാൻ അനുകൂലിച്ച് സംസാരിച്ചതും അപ്രകാരമാണ്. ദിലീപിനെതിരെ വലിയ മാധ്യമവേട്ടയാണ് നടന്നത്. എല്ലാവരും അയാളെ തള്ളി പറഞ്ഞപ്പോൾ ഞാൻ അടക്കം ചിലർ മാത്രമാണ് അദ്ദേഹത്തിന് പിന്തുണയുമായി മുന്നോട്ടു വന്നത്. അതിന്‍റെ പേരിൽ എനിക്കും വിമർശനങ്ങൾ ലഭിച്ചു.
പക്ഷേ ഒരു നാൾ പറഞ്ഞതും ചെയ്‌തതുമൊക്കെ തെറ്റാണെന്ന് തിരിച്ചറിഞ്ഞ് ഇവിടത്തെ മാധ്യമങ്ങൾ ദിലീപിനോട് മാപ്പ് പറയും എന്ന് എനിക്ക് ഉറപ്പുണ്ട്. ദിലീപ് വിഷയത്തിൽ ഞാൻ അനുകൂലിച്ച് സംസാരിച്ചപ്പോൾ ആദ്യം വിളിച്ച വ്യക്തി നടൻ സുരേഷ് ഗോപിയാണ്. ഇപ്പോൾ സുരേഷ് ഗോപിയെ അനുകൂലിച്ച് സംസാരിച്ചപ്പോഴും നാട്ടുകാരെല്ലാം കൂടി എന്നെ സംഘിയാക്കി.
തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം സുരേഷ് ഗോപി വിളിച്ചിരുന്നു. ഏഴു മിനിറ്റോളം ഫോണിൽ സംസാരിച്ചു. ഞാൻ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് തെളിയിക്കുന്നത് ആയിരുന്നു തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം. അദ്ദേഹവുമായി മുൻപെങ്ങും ഇല്ലാത്ത ആത്മബന്ധം ഇപ്പോഴുണ്ട്.
ജീവിതത്തിൽ എപ്പോഴും ശരികൾക്കൊപ്പം മാത്രമേ യാത്ര ചെയ്യുകയുള്ളൂ. അല്ലെങ്കിൽ ടോട്ടൽ 4 യു തട്ടിപ്പ് കേസിലെ പ്രതികൾ നിർമിക്കുന്ന വെബ് സീരീസിൽ അഭിനയിക്കാനുള്ള അവസരം നിഷേധിക്കുമായിരുന്നില്ല'- അഖിൽ മാരാർ പറഞ്ഞു.