മമ്മൂട്ടി ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയായ 'ടർബോ'യുടെ റിലീസ് തീയതിയിൽ മാറ്റം. ആക്ഷന്‍ - കോമഡി ത്രില്ലര്‍ ജോണറിലുള്ള ഈ ചിത്രം മെയ് 23ന് തിയേറ്ററുകളിലെത്തും. നേരത്തെ ജൂൺ 13ന് ആയിരുന്നു വൈശാഖ് സംവിധാനം ചെയ്‌ത 'ടർബോ'യുടെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാലിതാ ചിത്രം നേരത്തെയെത്തുമെന്ന് അണിയറ പ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.
'ടർബോ'യുടെ പുതുക്കിയ റിലീസ് തീയതി മമ്മൂട്ടി ഉൾപ്പടെ സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചിട്ടുണ്ട്. സംവിധായകൻ കൂടിയായ മിഥുൻ മാനുവൽ തോമസിന്‍റേതാണ് ഈ സിനിമയുടെ തിരക്കഥ. 'പോക്കിരിരാജ', 'മധുരരാജ' എന്നീ സിനിമകൾക്ക് ശേഷം വൈശാഖ് - മമ്മൂട്ടി കൂട്ടുകെട്ടിൽ എത്തുന്ന മൂന്നാമത്തെ സിനിമയാണ് 'ടർബോ'. അതുകൊണ്ട് തന്നെ ആരാധകരുടെ ആവേശവും ഏറെയാണ്.
കന്നഡ താരം രാജ് ബി ഷെട്ടിയും തെലുഗു നടൻ സുനിലും 'ടർബോ'യിൽ ശ്രദ്ധേയ വേഷങ്ങളിലെത്തുന്നുണ്ട്. 'ടർബോ ജോസ്' എന്ന കഥാപാത്രത്തയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ സിനിമകളെല്ലാം തന്നെ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചതിനാൽ ആരാധകരുടെ ആവേശത്തിനും അതിരില്ല.
ആക്ഷനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിനായി വിയറ്റ്നാം ഫൈറ്റേർസാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് വിതരണം ചെയ്യുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് 'ടർബോ'യുടെ ഓവർസീസ് ഡിസ്‌ട്രിബ്യൂഷൻ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന അഞ്ചാമത്തെ സിനിമ കൂടിയാണ് 'ടർബോ'. വമ്പൻ ബജറ്റിലാണ് ഈ ചിത്രത്തിന്‍റെ നിർമാണം.
ജോർജ് സെബാസ്‌റ്റ്യൻ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഈ ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജസ്‌റ്റിൻ വർഗീസാണ്. വിഷ്‌ണു ശർമ്മ ക്യാമറയും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. അരോമ മോഹൻ ആണ് പ്രൊഡക്ഷൻ കൺട്രോളർ.
ലൈൻ പ്രൊഡ്യൂസർ - സുനിൽ സിങ്, പ്രൊഡക്ഷൻ ഡിസൈന്‍ - ഷാജി നടുവേൽ, സഹസംവിധാനം - ഷാജി പാദൂർ,മേക്കപ്പ് - റഷീദ് അഹമ്മദ്, ജോർജ് സെബാസ്‌റ്റ്യൻ, കോസ്‌റ്റ്യൂംസ് - സെൽവിൻ ജെ, അഭിജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രാജേഷ് ആർ കൃഷ്‌ണൻ, ഡിജിറ്റൽ മാർക്കറ്റിങ് - വിഷ്‌ണു സുഗതൻ, പിആർഒ - ശബരി എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.
Also Read: ഇന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ആദ്യ അഞ്ചിൽ നടികറും; ചിത്രം മെയ് മൂന്നിന്