വൈവിധ്യമാർന്ന പകർന്നാട്ടങ്ങളിലൂടെ പ്രേക്ഷകരെ എന്നും അമ്പരപ്പിച്ചുകൊണ്ടേയിരിക്കുന്ന മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന പ്രധാന ചിത്രങ്ങളിലൊന്നാണ് 'ഭ്രമയുഗം' (Mammootty starrer Bramayugam). ഹൊറർ ജോണറിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിനായി പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാസ്വാദകരും കാത്തിരിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കി ചിത്രത്തിന്‍റെ ഒറിജിനൽ മോഷൻ പിക്‌ചർ സൗണ്ട് ട്രാക്ക് പുറത്തുവന്നിരിക്കുകയാണ് (Bramayugam movie's Soundtrack out).
- " class="align-text-top noRightClick twitterSection" data="">
മമ്മൂട്ടി തന്നെയാണ് സൗണ്ട് ട്രാക്ക് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നിർമാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ യൂട്യൂബ് ചാനലിലൂടെയും ട്രാക്ക് പുറത്തുവിട്ടിട്ടുണ്ട്. അതേസമയം തീം ഉൾപ്പടെ ആറ് ട്രാക്കുകളാണ് 'ഭ്രമയുഗ'ത്തിൽ ഉള്ളത്. പാണൻ പാട്ടുകളെ ധ്വനിപ്പിക്കുന്ന, നിഗൂഢതകൾ ഒളിപ്പിച്ച് വയ്‌ക്കുന്ന തരത്തിലുള്ളതാണ് ഈ പാട്ടുകൾ.
ഏതായാലും തിയേറ്ററുകളിൽ ഗാനങ്ങളും പശ്ചാത്തല സംഗീതവുമെല്ലാം ത്രസിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്. പ്രധാന സ്ട്രീമിംഗ് പ്ലാറ്റ് ഫോമുകളിൽ എല്ലാം ട്രാക്കുകൾ ലഭ്യമാണ്. ക്രിസ്റ്റോ സേവ്യർ ആണ് സംഗീത സംവിധാനം വിർവഹിച്ചിരിക്കുന്നത്. ക്രിസ്റ്റോ സേവ്യർ, അഥീന, സായന്ത് എസ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദിൻ നാഥ് പുത്തഞ്ചേരി, അമ്മു മരിയ അലക്‌സ് എന്നിവരാണ് ഗാനരചന.
അതേസമയം സൗണ്ട് ട്രാക്കിനൊപ്പം 'ഭ്രമയുഗം' സിനിമയുടെ പുതിയ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ഒരു മന്ത്രവാദക്കളത്തിന് മുന്നിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ പുറം തിരിഞ്ഞുള്ള രൂപമാണ് പോസ്റ്ററിൽ. നേരത്തെ പുറത്തുവന്ന ടീസറും പോസ്റ്ററുകളുമെല്ലാം ഈ ചിത്രം ഒരു പ്രേത കഥയെയോ മന്ത്രവാദത്തെയോ ആകും പ്രമേയമാക്കുകയെന്ന് സൂചന നൽകിയിരുന്നു, ഇപ്പോഴിതാ പുതിയ പോസ്റ്റർ ഇക്കാര്യം അടിവരയിടുകയാണ്.
രാഹുല്‍ സദാശിവന്‍ ആണ് 'ഭ്രമയുഗം' സംവിധാനം ചെയ്യുന്നത്. 'ഭൂതകാലം' എന്ന ഹൊറർ ചിത്രത്തിലൂടെ കയ്യടി നേടിയ രാഹുല്‍ സദാശിവന്‍റെ പുതിയ സിനിമയ്‌ക്കായി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രം ഫെബ്രുവരി 15ന് തിയേറ്ററുകളില്‍ എത്തും. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് 'ഭ്രമയുഗം' ഒരുക്കിയിരിക്കുന്നത്.
അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് എന്നിവരും 'ഭ്രമയുഗ'ത്തിൽ മമ്മൂട്ടിയോടൊപ്പം സുപ്രധാന വേഷങ്ങളിലുണ്ട്. പ്രശസ്‌ത എഴുത്തുകാരൻ ടി ഡി രാമകൃഷ്‌ണനാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് എന്നതും ഈ ചിത്രത്തിന്‍റെ പ്രധാന ആകർഷണമാണ്. ഹൊറർ ത്രില്ലർ സിനിമകൾക്കായി മാത്രം ആരംഭിച്ച പ്രൊഡക്ഷൻ ഹൗസായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈനോട്ട് സ്റ്റുഡിയോയും ചേർന്നാണ് പ്രേക്ഷകർക്ക് മുന്നിൽ 'ഭ്രമയുഗം' അവതരിപ്പിക്കുന്നത്. ഷെഹ്‌നാദ് ജലാലാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഷഫീഖ് മുഹമ്മദ് അലി ചിത്രസംയോജനവും കൈകാര്യം ചെയ്യുന്നു. പ്രൊഡക്ഷൻ ഡിസൈനർ : ജോതിഷ് ശങ്കർ, കലാസംവിധാനം : ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ : ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്‌സ് : എം ആർ രാജകൃഷ്‌ണൻ, മേക്കപ്പ് : റോണക്‌സ് സേവ്യർ, വസ്‌ത്രാലങ്കാരം : മെൽവി ജെ എന്നിവർ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകരാണ്.