മലയാളത്തിന്‍റെ താര രാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന വാര്‍ത്ത വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും മഹേഷ് നാരായണന്‍ ചിത്രത്തിലൂടെ ഒന്നിച്ചെത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റും ആരാധകര്‍ ആഘോഷക്കമാറുണ്ട്.
ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്‌ഡേറ്റാണ് പുറത്തുവരുന്നത്. മഹേഷ് നാരായണന്‍റെ ഈ മള്‍ടിസ്‌റ്റാര്‍ സിനിമയുടെ ചിത്രീകരണം ശ്രീലങ്കയില്‍ ഇന്ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ചിത്രീകരണത്തിനായി മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയും ശ്രീലങ്കയിലേയ്‌ക്ക് പറന്നു. ഇതിന്‍റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ളവര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഭാര്യ സുല്‍ഫത്തിനെയും മമ്മൂട്ടി കൂടെ കൂട്ടിയിട്ടുണ്ട്. കൊച്ചിയില്‍ നിന്നാണ് താരം കൊളംബോയിലേയ്‌ക്ക് വിമാനം കയറിയത്. മമ്മൂട്ടിക്കൊപ്പം കുഞ്ചാക്കോ ബോബന്‍, ആന്‍റണി പെരുമ്പാവൂര്‍, ജോര്‍ജ് എന്നിവരെയും വീഡിയോയില്‍ കാണാം. 100 ദിവസത്തിലേറെ മമ്മൂട്ടി ഈ സിനിമയുടെ ചിത്രീകരണത്തിന്‍റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം മോഹന്‍ലാല്‍ രണ്ട് ദിവസം മുമ്പേ കൊളംബോയില്‍ എത്തിയിരുന്നു. ഇരുവരും ഒരേ ഹോട്ടലിലാണ് താമസിക്കുന്നത് എന്നാണ് വിവരം. 80 കോടിക്ക് മുകളില്‍ മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നതെന്നും സൂചനയുണ്ട്. ശ്രീലങ്ക, ദുബൈ, യുകെ, അസര്‍ബൈജാന്‍, ഹൈദരാബാദ്, ഡല്‍ഹി, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് സിനിമയുടെ ഷെഡ്യൂള്‍.
കരണ്‍ ജോഹര്‍ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ മാനുഷാണ് ഈ സിനിമയുടെ ഛായാഗ്രാഹകന്‍. 'ടേക്ക് ഓഫ്', 'ഉയരെ', 'സീ യു സൂണ്‍', 'നായാട്ട്', 'മാലിക്ക്', 'മലയന്‍കുഞ്ഞ്', 'അറിയിപ്പ്', 'മനോരഥങ്ങള്‍' (ഷെര്‍ലോക്ക്) തുടങ്ങി സിനിമകളിലൂടെ പ്രശസ്‌തനാണ് മഹേഷ് നാരായണന്‍.
1982ല്‍ ജിജോ പുന്നൂസ് സംവിധാനം ചെയ്‌ത 'പടയോട്ടം' എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. കമ്മാരന്‍ എന്ന മോഹന്‍ലാലിന്‍റെ അച്ഛന്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. പിന്നീട് 'പടയണി', 'ഗീതം', 'അഹിംസ', 'വാര്‍ത്ത', 'എന്തിനോ പൂക്കുന്ന പൂക്കള്‍', 'അടിയൊഴുക്കുകള്‍', 'നമ്പര്‍ 20 മദ്രാസ് മെയില്‍', 'ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്‌ട്രീറ്റ്' തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു.
ഫാസില്‍ സംവിധാനം ചെയ്‌ത 'ഹരികൃഷ്‌ണന്‍സ്' ഇരുവരും ടൈറ്റില്‍ റോളില്‍ ഒന്നിച്ചെത്തി വിജയം കൈവരിച്ച ചിത്രമാണ്. ജോഷിയുടെ 'ട്വന്‍റി ട്വന്‍റി'യിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ഏറ്റവും ഒടുവില്‍ മുഴുനീള കഥാപാത്രങ്ങളായി ഒന്നിച്ചെത്തിയത്.
Also Read: ഇച്ചാക്കയ്ക്ക് ജന്മദിനാംശസകളുമായി പ്രിയപ്പെട്ട മോഹൻലാല്‍