2023ലെ മികച്ച ചലച്ചിത്രത്തിനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 'കാതൽ- ദി കോറി'ന്. കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ചലച്ചിത്ര നിർമാതാവും ജെസി (JAYCEY) ഫൗണ്ടേഷന്‍റെ ചെയർമാനുമായ ജെ ജെ കുറ്റിക്കാടിൽ നിന്നും 'മമ്മൂട്ടി കമ്പനി'യുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും മമ്മൂട്ടിയുടെ പേഴ്‌സണൽ മേക്കപ്പ്മാനുമായ ജോർജ് സെബാസ്റ്റ്യനും സിനിമയുടെ സംവിധായകൻ ജിയോ ബേബിയും പുരസ്‌കാരം സ്വീകരിച്ചു. ഇസ്‌മയിൽ കൊട്ടാരപ്പാട്ട്, നാഷിദ് നൈനാർ, ജോഷി എബ്രഹാം, പ്രാർഥന സുനിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മമ്മൂട്ടിക്കൊപ്പം ജ്യോതികയും കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് കാതൽ. നവംബർ 23നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്‌തത്. 54-ാമത് ഐഎഫ്‌എഫ്‌ഐയിലും ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. സമകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ വളരെ പക്വതയോടെ അവതരിപ്പിച്ച കാതലിൽ സുധി കോഴിക്കോട്, ലാലു അലക്‌സ്, മുത്തുമണി, ആദര്‍ശ് സുകുമാരന്‍, ചിന്നു ചാന്ദിനി, അനഘ അക്കു, ജോസി സിജോ തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിൽ എത്തിയത്.
പോള്‍സണ്‍ സ്‌കറിയ, ആദര്‍ശ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് കാതലിന്‍റെ രചന നിര്‍വഹിച്ചത്. സാലു കെ തോമസാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് നിർവഹിച്ചത് ഫ്രാൻസിസ് ലൂയിസാണ്. അൻവർ അലി, ജാക്വിലിൻ മാത്യു എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നത് മാത്യൂസ് പുളിക്കൻ ആണ്. സിനിമയിലെ ഗാനങ്ങൾ എല്ലാം മികച്ച പ്രതികരണം നേടിയിരുന്നു.