സംസ്ഥാന ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനവുമായി മെഗാസ്‌റ്റാര്‍ മമ്മൂട്ടിയും കംപ്ലീറ്റ് ആക്‌ടര്‍ മോഹന്‍ലാലും. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരങ്ങളുടെ പ്രതികരണം. 'ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍' -ഇപ്രകാരമാണ് മമ്മൂട്ടി ഫേസ്‌ബുക്കില്‍ കുറിച്ചത്.
മമ്മൂട്ടിയുടെ ഈ ഫേസ്‌ബുക്ക് പോസ്‌റ്റിന് പിന്നാലെ നിരവധി പേരാണ് കമന്‍റുകളും ലൈക്കുകളുമായി എത്തിയത്. മമ്മൂട്ടിയ്‌ക്ക് അവാര്‍ഡ് ലഭിക്കാത്തതിലുള്ള പരിഭവമാണ് ആരാധകരില്‍ പലരും കമന്‍റുകളായി രേഖപ്പെടുത്തിയിരിക്കുന്നത്. 'മമ്മൂക്ക പ്രേക്ഷകരുടെ അവാര്‍ഡ് ഇക്കയ്‌ക്ക് തന്നെയാണ്. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു മമ്മൂട്ടി സര്‍', 'പ്രേക്ഷകന്‍ എന്ന ജൂറി പണ്ടേ അദ്ദേഹത്തെ അംഗീകരിച്ചു', 'അവാർഡ് കിട്ടാത്ത മമ്മൂട്ടിയ്‌ക്കും ആശംസകൾ നേരുന്നു..! താങ്കൾ ഒരിക്കൽ പറഞ്ഞിരുന്നു.. തോറ്റവരാണ് ചരിത്രം സൃഷ്‌ടിച്ചത്, ജയിച്ചവര്‍ ചരിത്രത്തിന്‍റെ ഭാഗമായി മാറി നിന്നിട്ടേ ഉള്ളൂ.. തോറ്റവന്‍റെ ചരിത്രമാണ് ജയിക്കാൻ വരുന്നവന്‍റെ പ്രചോദനമെന്ന്....' -ഇങ്ങനെ നീണ്ടു പോകുന്നു കമന്‍റുകള്‍.
മോഹന്‍ലാല്‍ രണ്ട് പോസ്‌റ്റുകളിലായാണ് സംസ്ഥാന-ദേശീയ അവാര്‍ഡ് ജേതാക്കളെ പ്രശംസിച്ചത്. 'ആട്ടം' സിനിമയുടെ അണിയറപ്രവര്‍ത്തകരെ പ്രത്യേകം പരാമര്‍ശിച്ച് കൊണ്ടായിരുന്നു മോഹന്‍ലാലിന്‍റെ ഒരു ഫേസ്‌ബുക്ക് പോസ്‌റ്റ്.
'എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കൾക്ക് അഭിനന്ദനങ്ങൾ! മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരം കൊണ്ടുവന്നതിൽ 'ആട്ടം' സിനിമയുടെ മുഴുവൻ ടീമിനെയും ഓർത്ത് ഞാൻ ആവേശത്തിലാണ്. നിങ്ങൾ മലയാള സിനിമയ്ക്ക് അഭിമാനം കൊള്ളിച്ചു. ഋഷബ് ഷെട്ടി, നിത്യ മേനൻ, മാനസി പരേഖ് എന്നിവർക്ക് അവരുടെ മികച്ച നേട്ടത്തിന് കൈയ്യടി. ശ്രീപത്തിനും തരുൺ മൂർത്തിക്കും 'സൗദി വെള്ളക്ക'യുടെ സംഘത്തിനും എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.'-മോഹന്‍ലാല്‍ കുറിച്ചു.
സംസ്ഥാന പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് കൊണ്ടുള്ള മറ്റൊരു പോസ്‌റ്റും മോഹന്‍ലാല്‍ കുറിച്ചു. 'കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കൾക്കെല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! ബ്ലെസി, പൃഥ്വിരാജ്, ഉർവ്വശി, ബീന ആർ ചന്ദ്രൻ എന്നിവർക്ക് എന്‍റെ വലിയ കൈയ്യടി. നിങ്ങളുടെ മികച്ച പ്രകടനങ്ങൾ അഭിമാനകരമായ അവാർഡുകൾക്ക് അർഹമാണ്. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'കാതൽ' ടീമിനും മുഴുവൻ അഭിനന്ദനങ്ങൾ!' മോഹന്‍ലാല്‍ കുറിച്ചു.