'അമ്മ അഭിനയിച്ച സിനിമ സംവിധാനം ചെയ്യാനും നിർമിക്കാനും ഒപ്പം അഭിനയിക്കാനും ഭാഗ്യം ലഭിച്ച ഈ ലോകത്തിലെ ചുരുക്കം ചില പുത്രന്മാരിൽ ഒരാളാകും ഞാൻ. അച്ഛൻ മരിച്ചപ്പോൾ അമ്മ ഇനി എന്തു ചെയ്യുമെന്നതായിരുന്നു എന്‍റെ ചിന്ത. അതിനുള്ള ഉത്തരമാണ് ഇപ്പോൾ നിങ്ങളുടെ മുന്നിൽ നിൽക്കുന്ന ഞാനും എന്‍റെ ചേട്ടനും' -തൊണ്ടയിടറി പൃഥ്വിരാജ് വേദിയിൽ പറഞ്ഞു.
അരനൂറ്റാണ്ട് കാലം സിനിമയിൽ, അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന കാഴ്‌ചകൾക്കാണ് കഴിഞ്ഞ ദിവസം തലസ്ഥാന നഗരം സാക്ഷിയായത്. 50 വർഷം സിനിമയിൽ സജീവമായി തുടരുക എന്നുള്ളത് വലിയ വെല്ലുവിളിയാണ്. അഭിനയ സപര്യയുടെ അരനൂറ്റാണ്ട് പിന്നിടുകയാണ് മല്ലിക സുകുമാരൻ.
അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പിന്നിട്ട മല്ലിക സുകുമാരനെ ആദരിക്കാന്‍ ഫ്രണ്ട്സ് ആന്‍ഡ് ഫോസ് കൂട്ടായ്‌മ 'മല്ലികാവസന്തം' എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മണിയൻപിള്ള രാജു, പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ, ജി സുരേഷ് കുമാർ, മന്ത്രി പി രാജീവ്, മന്ത്രി ജി ആർ അനിൽ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. 'ഉത്തരായനം' എന്ന ചിത്രത്തിലൂടെ 1974ലാണ് മല്ലിക സുകുമാരന്‍റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.
അതേ വർഷം പുറത്തിറങ്ങിയ 'സ്വപ്‌നാടനം' എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടിയെടുത്തു. പ്രതിസന്ധികളെ അസാമാന്യ ധൈര്യത്തോടെ നേരിട്ട അഭിനേത്രിയും അതോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തിത്വവുമാണ് മല്ലിക സുകുമാരൻ എന്നായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്‌തുകൊണ്ട് മന്ത്രി പി രാജീവ് വേദിയിൽ പറഞ്ഞത്. 50 വർഷം സിനിമയിൽ പൂർത്തിയാക്കുക എന്നത് വലിയ സംഗതിയല്ല. 50 വർഷവും തുടർന്നും സിനിമയിൽ സജീവമായി നിൽക്കുക എന്നുള്ളതാണ് മല്ലിക സുകുമാരനെ വ്യത്യസ്‌തയാക്കുന്നത്.