മലയാളത്തിന്‍റെ പ്രിയപ്പെട്ട സംവിധായകൻ ഹരികുമാർ കഴിഞ്ഞ ദിവസമാണ് നമ്മളെയെല്ലാം വിട്ടുപിരിഞ്ഞത്. പെരുമ്പടവം ശ്രീധരൻ രചിച്ച 'ആമ്പൽ പൂവ്' മുതൽ 'സുകൃതം', 'ഉദ്യാനപാലകൻ', 'പുലി വരുന്നേ പുലി', തുടങ്ങി 2022 ൽ റിലീസ് ചെയ്‌ത 'ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ' വരെ മലയാളിയുടെ സിനിമാസ്വാദനത്തിന്‍റെ തലത്തിന് പുതുഭാവം കുറിച്ച ഒരു പിടി മലയാള ചിത്രങ്ങൾ.
ഹരികുമാർ എന്ന വ്യക്തിയെ ഹരികുമാർ എന്ന സംവിധായകൻ ആക്കുന്നതിന് കൊല്ലം ജില്ലയ്ക്ക് വ്യക്തമായ പങ്കുണ്ട്. വർഷങ്ങൾക്ക് മുമ്പ് ജില്ലയുടെ നഗരസഭ ഉദ്യോഗസ്ഥനായി കവിതയും സാഹിത്യവും ജീവശ്വാസമായ ഒരു ചെറുപ്പക്കാരൻ കൊല്ലത്ത് എത്തിച്ചേരുന്നു. നഗരസഭ ഉദ്യോഗസ്ഥൻ ആയിരിക്കെ തന്നെ കൊല്ലം ജില്ലയുടെ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളുടെ ഭാഗമായി.
നിരവധി എഴുത്തുകാരെയും മാധ്യമപ്രവർത്തകരെയും സുഹൃത്തുക്കളായി സമ്പാദിച്ചു. കൊല്ലം നഗരത്തിൽ നിന്നും മാറി വളരെ പ്രശസ്‌തമായ ഒരു മാൻഷൻ അക്കാലത്ത് ഉണ്ടായിരുന്നു. പാറപ്പാട് ബിൽഡിങ് എന്നറിയപ്പെടുന്ന ആ കെട്ടിടത്തിലെ ഒരു മുറിയിലാണ് ഹരികുമാർ ദീർഘകാലം താമസിച്ചത്. ഒരു സ്വപ്‌നലോകം ആയിരുന്നു ആ മുറി.
കൊല്ലം നഗരത്തിലെ ഏതൊരു ലൈബ്രറിയിൽ ഉള്ളതിനേക്കാൾ പുസ്‌തകങ്ങൾ അദ്ദേഹത്തിന്‍റെ മുറിയിൽ ഉണ്ടായിരുന്നു എന്നുള്ളതാണ് വാസ്‌തവം. പിൽകാലത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്ന പുസ്‌തകങ്ങളുടെ കളക്ഷൻ എവിടെ നഷ്‌ടപ്പെട്ടുപോയി എന്ന് അടുത്ത സുഹൃത്തുക്കൾക്ക് പോലും ധാരണയില്ല. കൊല്ലം ജില്ലയിലെ പ്രശസ്‌തരായ സിനിമാക്കാരുടെയും എഴുത്തുകാരുടെയും സ്ഥിരം താവളം ആയിരുന്നു ഹരികുമാറിന്‍റെ പാറപ്പാട് ബിൽഡിങ്ങിലെ മുറി.
സാഹിത്യം, സിനിമ, കുറച്ച് ലോക വിശേഷം അങ്ങനെ ജോലിക്ക് അപ്പുറമുള്ള സമയങ്ങൾ തനിക്ക് ഇഷ്‌ടമുള്ളത് പോലെ ജീവിക്കാൻ ഹരികുമാർ ആരംഭിച്ചു. സാംസ്‌കാരിക കൊല്ലത്ത് പ്രവർത്തിച്ചുവന്നിരുന്ന അതിപ്രശസ്‌തമായ ഫിലിം സൊസൈറ്റിയിൽ പിന്നീട് ഹരികുമാറും അംഗത്വം എടുത്തു. ഫിലിം സൊസൈറ്റിയുടെ ഭാഗമായി അതിപ്രശസ്‌തരായ മലയാള സിനിമയിലെ പ്രഗൽഭന്മാരെ കൊല്ലത്തേക്ക് കൊണ്ടുവരുന്നതിൽ മുഖ്യ പങ്ക് ശ്രീഹരികുമാർ വഹിച്ചിട്ടുണ്ട്.
സിനിമ പ്രവർത്തനങ്ങൾ ഉച്ചസ്ഥായിയിൽ എത്തിയതോടെ ആദ്യ സിനിമയ്ക്കുള്ള ചുക്കാൻ പിടിക്കുന്നതിന് സുഹൃത്തുക്കളും ഒപ്പം നിന്നു. മലയാളത്തിന്‍റെ വിഖ്യാത സംവിധായകനായ ലെനിൻ രാജേന്ദ്രൻ ഹരികുമാറിന്‍റെ മുറിയിലെ സിനിമ ചർച്ചകളിൽ സജീവ സാന്നിധ്യമായിരുന്നു. അക്കാലത്ത് ലെനിൻ രാജേന്ദ്രൻ സംവിധായകൻ ആയിട്ടില്ല.
അക്കാലത്ത് ശ്രീ പെരുമ്പടവം ശ്രീധരൻ എഴുതിയ 'ആമ്പൽ പൂവ്' എന്ന നോവൽ കറങ്ങിത്തിരിഞ്ഞ് ഹരികുമാറിന്‍റെ കയ്യിലെത്തി. മലയാള സാഹിത്യത്തെ അത്രമാത്രം സ്നേഹിക്കുന്ന ഹരികുമാർ ആമ്പൽപൂവിനെ സിനിമയാക്കാൻ തീരുമാനിക്കുന്നു. ചിത്രത്തിന്‍റെ തിരക്കഥ എഴുതിയത് പെരുമ്പടവം ശ്രീധരൻ ആണെങ്കിലും സംവിധായകൻ എന്ന നിലയിൽ ഹരികുമാറിന്‍റെ കോൺട്രിബ്യൂഷൻ തിരക്കഥ രചന സമയത്ത് ധാരാളമുണ്ടായിരുന്നു.
പിന്നീട് ഹരികുമാറിന്‍റെ പ്രിയപ്പെട്ട സിനിമ നഗരമായി കൊല്ലം മാറി. 'ആമ്പൽപ്പൂവ്', 'സ്നേഹപൂർവ്വം മീര', 'പുലി വരുന്നെ പുലി', 'ഊഴം' തുടങ്ങിയ ചിത്രങ്ങൾക്ക് കൊല്ലം പ്രധാന ലൊക്കേഷനായി. താനൊരു സംവിധായകനായ ചവിട്ടുപടി കൊല്ലമാണെന്ന് ഹരികുമാർ എപ്പോഴും പറയുമായിരുന്നു. പിൽക്കാലത്താണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് താമസം മാറുന്നത്.
സംവിധായകനായതോടെ സർക്കാർ ജോലി ഉപേക്ഷിച്ചു. സുഹൃത്തുക്കളുടെ ഓർമ്മയിൽ അദ്ദേഹം അവസാനമായി കൊല്ലത്തെ ഒരു പൊതുചടങ്ങിൽ പങ്കെടുക്കുന്നത് മുൻപ് അച്ചടിയിൽ ഉണ്ടായിരുന്ന കുങ്കുമം കേരള ശബ്‌ദം മാസികകളുടെ പത്രാധിപർ ആയിരുന്ന ശ്രീ ഡോക്‌ടർ രാജേഷിന്‍റെ അനുസ്‌മരണ ചടങ്ങിലാണ്. കൊല്ലത്തെ പ്രശസ്‌തനായ നിർമ്മാതാവ് കെ രവീന്ദ്രൻ, അദ്ദേഹത്തിന്‍റെ തന്നെ മാനേജരായ രാജശേഖരൻ നായർ, സങ്കീർത്തനം പബ്ലിക്കേഷൻസിന്‍റെ എഡിറ്റർ ഇൻ ചീഫായിരുന്ന ആശ്രാമം ഭാസി, പത്രപ്രവർത്തകനായ പാലക്കാട് സ്വദേശി ശ്രീകണ്‌ഠൻ, പത്രാധിപരായിരുന്ന വിബിസി മേനോൻ തുടങ്ങിയവരായിരുന്നു കൊല്ലത്തെ ഹരികുമാറിന്‍റെ പ്രധാന മിത്രങ്ങൾ.
കൂടുതലും സാഹിത്യകാരന്മാരും മാധ്യമ പ്രവർത്തകരുമായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ ബന്ധം. സിനിമയുടെ ഭാഗമായുള്ള യാത്രകളിൽ സുഹൃത്തുക്കളെ ഒപ്പം കൂട്ടും. യാത്രകളിൽ സിനിമയും സാഹിത്യവും മാത്രമാവും ചർച്ചകളിൽ വരിക. തിരുവനന്തപുരത്തേക്ക് താമസം മാറിയിട്ടും മിക്ക സുഹൃത്തുക്കളുമായും അദ്ദേഹം സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.
വിഖ്യാത സംവിധായകനായ ശേഷമാണ് എംടിയുമായി ചേർന്ന് സുകൃതം എന്ന ചിത്രം ഒരുക്കുന്നത്. ചിത്രം ഹരികുമാറിന്‍റെ കരിയറിൽ തന്നെ വഴിത്തിരിവായി. പിൽക്കാലത്ത് സുകൃതം ഹരികുമാർ എന്ന അഭിസംബോധന ചെയ്‌ത് അദ്ദേഹത്തെ വിളിക്കുന്നതിന് വരെ ഇടയുണ്ടായി എന്നുള്ളതാണ് വാസ്‌തവം.
ഒരിക്കൽ കൊല്ലത്ത് ഒരു ചടങ്ങിൽ പങ്കെടുക്കവേ ആരോ ഒരാൾ അദ്ദേഹത്തെ സുകൃതം ഹരികുമാർ എന്ന് അഭിസംബോധന ചെയ്യുകയുണ്ടായി. ഇത് കേട്ട ഹരികുമാറിന്‍റെ മറുപടി ഇങ്ങനെ.. 'സുകൃതം ഞാൻ ചെയ്‌ത ഒരു ചിത്രം മാത്രമാണ്. സുകൃതത്തിനു മുമ്പും ശേഷവും ഞാൻ ധാരാളം സിനിമകൾ സംവിധാനം ചെയ്‌തിട്ടുണ്ട്. ഞാൻ സുകൃതം ഹരികുമാർ അല്ല. വെറും ഹരികുമാർ'.
സിനിമ മേഖലയിൽ ഹരികുമാർ കർക്കശക്കാരനാണെന്ന് പറയുമെങ്കിലും മിത ഭാഷിയെന്നാണ് സുഹൃത്തുക്കളുടെ അഭിപ്രായം. ഹരികുമാർ ഒരു ചിത്രം ഒരുക്കുമ്പോൾ ഒരിക്കലും തന്‍റെ സുഹൃത്തുക്കളെ മാറ്റി നിർത്തിയിരുന്നില്ല. ആ സമയത്ത് ഒപ്പമുള്ള എല്ലാ സുഹൃത്തുക്കളും ആ സിനിമയുടെ നിർമ്മാണ പ്രവർത്തനത്തിൽ ഏതെങ്കിലും ഒരു മേഖലയിൽ പങ്കാളിയായിരിക്കും. കഴിഞ്ഞ കുറച്ചു നാളുകളായി അടുത്ത സുഹൃത്തുക്കൾക്ക് പോലും അദ്ദേഹവുമായി സംസാരിക്കുവാൻ കഴിഞ്ഞിരുന്നില്ല.
പലരും ഹരികുമാറിനെ വിളിക്കുമ്പോൾ അദ്ദേഹം ഫോൺ എടുക്കാറില്ല. അതെന്തുകൊണ്ടാണെന്ന് പലർക്കും മനസിലായതുമില്ല. രോഗാവസ്ഥ പോലും പല അടുത്ത സുഹൃത്തുക്കളിൽ നിന്നും മറച്ചുവച്ചു. മാധ്യമങ്ങളിലൂടെയും സിനിമ മേഖലയിലുള്ളവരിലൂടെയും ഒക്കെയാണ് പല അടുത്ത സുഹൃത്തുക്കളും ഹരികുമാറിന്‍റെ രോഗാവസ്ഥയെക്കുറിച്ച് ബോധവാന്മാരാകുന്നത്. തന്‍റെ കഷ്‌ടപ്പാടുകൾ തന്‍റെ സുഹൃത്തുക്കളെ അറിയിച്ചു വിഷമിപ്പിക്കേണ്ട എന്നുള്ളതായിരിക്കാം അദ്ദേഹത്തിന്‍റെ ചിന്താഗതി. എന്തായാലും ഹരികുമാറിന്‍റെ വിയോഗം കൊല്ലത്തെ ആശ്രാമം മണ്ണിനെയും ഈറനണിയിച്ചിട്ടുണ്ടാകണം.