കേരള സർക്കാരിൻ്റെ ഏറ്റവും വലിയ വരുമാന മാർഗങ്ങളിൽ ഒന്നാണ് എൻ്റർടെയ്‌ൻമെൻ്റ് ഇൻഡസ്ട്രി. പ്രത്യേകിച്ച് സിനിമ. വലിയൊരു ശതമാനം വരുമാനം സർക്കാറിന് ഈ മേഖല നേടിത്തരുന്നുണ്ടെങ്കിലും പ്രായോഗികതലത്തിൽ മറ്റു മേഖലകൾക്കുള്ള പ്രാധാന്യം ഒന്നും തന്നെ സിനിമ മേഖലയ്ക്ക് ലഭിക്കാറില്ല.
വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ അക്ഷരാർത്ഥത്തിൽ മലയാള സിനിമയും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി എന്ന് വേണം പറയാൻ. നാടിന് താങ്ങായി നിരവധി സിനിമാതാരങ്ങൾ ഇതിനോടകം സജ്ജരായി മുന്നോട്ടുവന്നു കഴിഞ്ഞു. 2018 പ്രളയകാലത്ത് നടൻ ടോവിനോ തോമസ് നേരിട്ട് ഇറങ്ങി രക്ഷാപ്രവർത്തനത്തിലും പ്രളയബാധിതർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും മുന്നിട്ടുനിന്ന് പ്രവർത്തിച്ചത് മാതൃകാപരമായിരുന്നു. വയനാട് ദുരന്തം സംഭവിച്ചപ്പോൾ ആൾബലത്തിൽ ഇല്ലെങ്കിലും കടുത്ത പിന്തുണയുമായി മലയാളിക്കൊപ്പം സിനിമ ലോകവും ഉണ്ട്.
മമ്മൂട്ടി, വിക്രം, രശ്‌മിക മന്ദാന, സൂര്യ, കാർത്തി, ജ്യോതിക, കമൽഹാസൻ, പേളി മാണി തുടങ്ങിയവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് വലിയ തുകകളാണ് കഴിഞ്ഞദിവസം സംഭാവന ചെയ്‌തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പേരിലുള്ള വ്യാജ പ്രചരണത്തിനെതിരായി നടനും സംവിധായകനുമായ ബേസിൽ ജോസഫ് തൻ്റെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തികച്ചും സുതാര്യമാണെന്നും അതിലേക്ക് പണം അയക്കാൻ ആശങ്കപ്പെടേണ്ടതില്ല എന്നും ബേസിൽ ജോസഫ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിലൂടെ പ്രസ്‌താവിക്കുന്നുണ്ട്. ദുരന്തം നടന്ന ആദ്യ ദിനങ്ങളിൽ നടി നിഖില വിമലടക്കം സന്നദ്ധ പ്രവർത്തനങ്ങൾക്ക് സജ്ജരായി മുന്നോട്ടുവന്നിരുന്നു.
ദുരന്തബാധിതർക്കുള്ള സാധനസാമഗ്രികൾ ശേഖരിക്കുന്നതിനും, മറ്റു സഹായങ്ങൾ ലഭ്യമാക്കുന്നതിനും സർക്കാർ നിയന്ത്രണം പ്രഖ്യാപിച്ചതോടെ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ സർക്കാർ അനുവർത്തിത സഹായ കേന്ദ്രങ്ങളിലേക്ക് ദുരിതബാധിതർക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കാനുള്ള മാർഗനിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നു. മഞ്ജു വാര്യർ, ടൊവിനോ തോമസ് തുടങ്ങി മുൻനിര താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ വയനാട് ദുരന്ത നിവാരണത്തിന് ആവശ്യമായ മാർഗനിർദേശങ്ങൾ കൃത്യമായ ഇടവേളകളിൽ പോസ്റ്റ് ചെയ്യപ്പെടുന്നു.
പേളി മാണി അടക്കമുള്ള പല പ്രമുഖരും സിഎം ഡിസാസ്റ്റർ ഫണ്ടിലേക്ക് പണം അയച്ച റെസീപ്റ്റ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്‌താണ് മാതൃക കാട്ടിയത്. സിനിമാ മേഖലയിൽ ഉള്ളവരുടെ സഹായം കൃത്യമായ ഇടവേളകളിൽ ജനങ്ങൾക്കും സർക്കാരിനും ലഭ്യമാകുന്നുണ്ട്. എന്നാൽ ദുരന്തഭൂമിയില്‍ ജീവന്‍ പണയം വച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായവരെ നടൻ മോഹൻലാൽ അഭിനന്ദിച്ചു.
"വയനാട് ദുരന്തബാധിതർക്ക് വേണ്ടി പ്രവർത്തിക്കുന്ന നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പൊലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു. ദുരിതാശ്വാസ ദൗത്യത്തിൽ മുൻപന്തിയിൽ നിന്ന എൻ്റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിൻ്റെ പ്രയത്നങ്ങൾക്ക് ഞാൻ കൃതഞ്ജതയുള്ളവനാകുന്നു." മോഹൻലാൽ കുറിച്ചു.
ജനങ്ങൾക്കൊപ്പം ബാധിക്കപ്പെട്ടത് മലയാളം സിനിമ മേഖല കൂടിയാണ്. മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തുന്ന ഫൂട്ടേജ്, ആസിഫ് അലിയുടെ അടിയോസ് അമിഗോ, ചിത്തിനി തുടങ്ങി നിരവധി സിനിമകൾ അനിശ്ചിതമായി റിലീസ് മാറ്റിവെച്ചിട്ടുണ്ട്. മലയാള സിനിമയ്ക്ക് 30 കോടി രൂപ വരെയുള്ള നഷ്‌ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ കണക്കാക്കുന്നത്.
എന്നാൽ അത്തരം ഒരു കണക്ക് തികച്ചും വസ്‌തുത വിരുദ്ധമാണെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ പരമാവധി 10 മുതൽ 15 കോടി രൂപ വരെ മാത്രമാകും നഷ്‌ടം എന്നും തിയറ്റർ ഓണേഴ്‌സ് അസോസിയേഷൻ അംഗവും തിയേറ്റർ ഉടമയുമായ സുരേഷ് ഷേണായി ഇടിവി ഭാരതിനോട് പ്രതികരിച്ചു. "കഴിഞ്ഞ ആറുമാസത്തിനുള്ളിൽ മലയാള സിനിമയുടെ ബിസിനസ് ഏകദേശം ആയിരം കോടി രൂപയിലേക്ക് എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടാഴ്‌ചയായി കേരളത്തിൽ അങ്ങോളം ഇങ്ങോളം കളക്ഷൻ പൊതുവേ കുറവായിരുന്നു".
"റിലീസ് ചെയ്‌ത ചിത്രങ്ങളെല്ലാം തന്നെ ഹോൾഡ് ഓവർ ആകുന്ന ഒരു ഘട്ടം. പുതിയ ചിത്രങ്ങളുടെ റിലീസിന് ഒരുങ്ങുമ്പോഴാണ് വയനാട് ദുരന്തം സംഭവിക്കുന്നത്. 2018 വെള്ളപ്പൊക്ക സമയത്ത് എന്തായിരുന്നോ തീയറ്ററുകളുടെ അവസ്ഥ അതേ അവസ്ഥ തന്നെയാണ് ഇപ്പോഴും പ്രതിഫലിക്കുന്നത്. പി വി ആർ ഒഴികെയുള്ള 99% കമ്പനികളും ഇൻഡിവിജ്വൽ കമ്പനികൾ ആയതുകൊണ്ട് തന്നെ സിനിമാ വ്യവസായത്തിൽ എന്തെങ്കിലും സംഭവിച്ചത് കൊണ്ട് ഓഹരി വിപണിയിൽ അത്തരമൊരു നഷ്‌ടം പ്രതിഫലിക്കണമെന്നില്ല. സ്വകാര്യ വ്യക്തികൾക്കും നികുതി ഇനത്തിൽ സർക്കാരിനുമാണ് നഷ്‌ടം"- സുരേഷ് ഷേണായി പ്രതികരിച്ചു.
ഇടുക്കി പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ അതിഭീകര മഴയും കലുഷിതമായ അന്തരീക്ഷവും കാരണം 30% സിനിമകളുടെ ഷൂട്ടിങ് നിർത്തിവച്ചതായാണ് നിർമാതാക്കളുടെ സംഘടന പ്രതികരിച്ചത്. പക്ഷേ എമ്പുരാൻ അടക്കമുള്ള വലിയ ചിത്രങ്ങൾ പലതും കേരളത്തിലെ തെക്കൻ മേഖലകളിലും കേരളത്തിന് പുറത്തും ചിത്രീകരണം തുടരുന്നുണ്ട്.
ആർട്ടിസ്റ്റുകളുടെ ഡേറ്റ്, ലൊക്കേഷൻ പെർമിഷൻ, നിർമ്മാതാക്കൾക്ക് പണം ലഭിക്കുന്ന ഉറവിടങ്ങളിൽ നിന്നുള്ള സമ്മർദം തുടങ്ങിയതൊക്കെ മാറ്റിവെച്ചാൽ ചിത്രീകരണം താത്‌കാലികമായി നിർത്തിവച്ചിരിക്കുന്ന സിനിമകളുടെ നിർമാതാക്കൾക്കും വലിയ നഷ്‌ടം നികത്താൻ ഇല്ല. ഒടിടി സബ്‌സ്ക്രിപ്ഷൻ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് കൊണ്ട് തന്നെ വയനാട് ദുരന്തം കേരളത്തിലെ പ്രേക്ഷകരുടെ ട്രാഫിക്കിൽ എന്തെങ്കിലും കുറവ് വരുത്തിയിട്ടുണ്ടോ എന്ന് വരും ദിവസങ്ങളിൽ വെളിവാകും.
Also Read: വയനാടിനെ നെഞ്ചോട് ചേര്‍ത്ത് സിനിമ താരങ്ങളും; ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി