കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാളിദാസ് ജയറാമിന്‍റെയും താരിണി കലിംഗരായരുടെയും വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമായിരുന്നു സമൂഹമാധ്യമങ്ങളില്‍ തരംഗമായികൊണ്ടിരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്. ജയറാമും പാര്‍വ്വതിയും നൃത്തം ചെയ്യുന്നതടക്കമുള്ള ദൃശ്യങ്ങള്‍ പ്രേക്ഷകര്‍ നല്ല രീതിയിലാണ് സ്വീകരിച്ചത്.
ഈ വിവാഹ വീഡിയോ തരംഗമാകുന്നതിനിടയില്‍ തന്നെ മാളവിക ജയറാമിന്‍റെ വെഡ്‌ഡിങ് ഹൈലറ്റ് വീഡിയോയും പ്രേക്ഷകര്‍ക്കിടയില്‍ ഇപ്പോള്‍ ശ്രദ്ധനേടുകയാണ്.ഈ വര്‍ഷം മേയിലായിരുന്നു ജയറാമിന്‍റെ മകള്‍ മാളവികയുടെ വിവാഹം നടന്നത്. വൈറ്റ്‌ലൈന്‍ ഫോട്ടോഗ്രാഫിയാണ് പതിനഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. നവനീത് ഗിരീഷ് ആണ് മാളവികയുടെ ഭര്‍ത്താവ്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇരുവരുടെയും വിവാഹം. തമിഴ് സ്‌റ്റൈലില്‍ പട്ടുസാരി ചുറ്റി, അച്ഛന്‍റെ മടിയിലിരുന്നാണ് മാളവിക വിവാഹിതയായത്. പാലക്കാട് നെന്മാറയിലെ കീഴെപ്പാട്ട് തറവാട്ട് അംഗമായ നവനീത് യുകെയില്‍ ചാര്‍ട്ടെഡ് അക്കൗണ്ടന്‍റായി ജോലി ചെയ്യുകയാണ്. വിവാഹ ശേഷം മാളവിക യുകെയില്‍ ആയിരുന്നു.
വിവാഹ ശേഷം ഒരുക്കിയ ചടങ്ങില്‍ നിരവധി കലാസാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു. മൂന്ന് വിവാഹ സത്കാരങ്ങളാണ് ഒരുക്കിയിരുന്നത്. താലിക്കെട്ടിന് ശേഷം തൃശൂരിലെ നക്ഷത്ര ഹോട്ടലില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് വിരുന്ന്. അതിന് ശേഷം കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കായി വലിയ ചടങ്ങ്. അതിന് പിന്നാലെ നവനീതിന്‍റെ നാടായ പാലക്കാട് വരന്‍റെ വീട്ടുകാര്‍ ഒരുക്കിയ റിസപ്‌ഷന്‍ എന്നിങ്ങനെയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മലയാളത്തിലെ പ്രമുഖ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കം ഒട്ടേറെ പേര്‍ വിവാഹത്തിന് എത്തിയിരുന്നു. ബോളിവുഡില്‍ നിന്ന് ജാക്കി ഷറോഫും തമിഴില്‍ നിന്ന് ഖുഷ്‌ബു, പൂര്‍ണിമ, സുഹാസിനി എന്നിവരടങ്ങുന്ന വലിയ താരനിര തന്നെ പങ്കെടുത്തിരുന്നു.
അതേസമയം കാളിദാസ്- താരിണി വിവാഹ ഹൈലൈറ്റ്സ് വീഡിയോയും പുറത്തു വന്നിട്ടുണ്ട്. വൈറ്റ് ലൈന്‍ ഫോട്ടോഗ്രാഫി എന്ന യൂട്യൂബ് ചാനലിലൂടെയാണ് വിവാഹ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള വെഡ്‌ഡിങ് വീഡിയോയില്‍ നടന്‍ ജയറാമും പാര്‍വതിയും ചക്കിയും ഭര്‍ത്താവും കുടുംബാംഗങ്ങളുമെല്ലാം ഉണ്ട്. വിവാഹ ചടങ്ങിന് എത്തിയ മറ്റ് അതിഥികളും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയുണ്ട്.
നിശ്ചയം കഴിഞ്ഞപ്പോള്‍ താരു ഞങ്ങളുടെ കുടുംബത്തിലെ അംഗമായി കഴിഞ്ഞെന്ന് ജയറാം വീഡിയോയിലൂടെ പറയുന്നുണ്ട്. ഞങ്ങള്‍ ഒരു ചെറിയ കുടുംബമായിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ സ്‌നേഹം ആറുപേരിലേക്ക് കൂടിയായി. ഞങ്ങളുടെ ഒരുപാട് വര്‍ഷത്തെ സ്വപ്‌നമാണ് ഇന്ന് നിറവേറുന്നതെന്ന് ജയറാം പറയുന്നു.
2023 നവംബറില്‍ ചെന്നൈയില്‍ ആയിരുന്നു കാളിദാസിന്‍റെയും താരിണിയുടെയും വിവാഹ നിശ്ചയം. നീലഗിരി സ്വദേശിയാണ് താരിണി.