ഹൈദരാബാദ്: ബോളിവുഡ് നടൻ അജയ് ദേവ്ഗൺ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് 'മൈദാൻ'. റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തിന്‍റെ ഫൈനൽ ട്രെയിലർ പുറത്തുവന്നു. അജയ് ദേവ്ഗണിന്‍റെ പിറന്നാളിനോട് അനുബന്ധിച്ചാണ് നിർമാതാക്കൾ ചൊവ്വാഴ്‌ച (ഏപ്രിൽ 02) ട്രെയിലർ പുറത്തുവിട്ടത്.
ഇന്ത്യൻ ഫുട്‌ബോളിലെ ഇതിഹാസ പരിശീലകൻ സയ്യിദ് അബ്‌ദുൾ റഹീമിൻ്റെ ജീവിതകഥയാണ് ഈ ചിത്രം തിരശീലയിലേക്ക് പകർത്തുന്നത്. ജീവചരിത്ര-സ്‌പോർട്‌സ് ഡ്രാമയായാണ് 'മൈദാൻ' അണിയിച്ചൊരുക്കുന്നത്. നേരത്തെ തന്നെ ഈ സിനിമയുടെ ആകാംക്ഷാഭരിതമായ ടീസറുകളും പോസ്റ്ററുകളും നിർമാതാക്കൾ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ട്രെയിലറും ആരാധകർക്കിടയിൽ ആവേശം സൃഷ്‌ടിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="">
സയ്യിദ് അബ്‌ദുൾ റഹീം ഇന്ത്യൻ ഫുട്‌ബോൾ രംഗത്ത് ചെലുത്തിയ സ്വാധീനം എടുത്തുകാണിക്കുന്നതാണ് ട്രെയിലർ. അജയ് ദേവ്ഗൺ തന്നെയാണ് തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെ അവസാന ട്രെയിലർ പുറത്തിറക്കിയത്. 'എസ് എ റഹീമിൻ്റെയും ടീം ഇന്ത്യയുടെയും ഇതുവരെ പറയാത്ത യഥാർഥ കഥയ്‌ക്ക് സാക്ഷിയാകൂ' എന്ന് കുറിച്ചുകൊണ്ടാണ് അജയ് ദേവ്ഗൺ ട്രെയിലർ റിലീസ് ചെയ്‌തത്.
കോച്ച് എസ് അബ്‌ദുൾ റഹീമും ഇന്ത്യൻ ഫുട്ബോൾ ടീമും ഫുട്ബോൾ ലോകത്ത് ചരിത്രം സൃഷ്‌ടിക്കാൻ ലക്ഷ്യമിടുന്നതിനിടെ നേരിടുന്ന വിവിധ വെല്ലുവിളികളും ട്രെയിലറിൽ ദൃശ്യമാണ്. കോച്ച് സയ്യിദ് അബ്‌ദുൾ റഹീമിൻ്റെ അശ്രാന്തമായ അർപ്പണബോധവും രാഷ്‌ട്രത്തെ ഉയർത്താനുള്ള അദ്ദേഹത്തിന്‍റെ ശക്തമായ ആഗ്രഹവുമെല്ലാം ഈ സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നു.
ആധുനിക ഇന്ത്യൻ ഫുട്ബോളിൻ്റെ ശിൽപിയായി അറിയപ്പെടുന്ന സയ്യിദ് അബ്‌ദുൾ റഹീമിന്‍റെ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അജയ് ദേവ്ഗൺ അവതരിപ്പിക്കുന്നത്. അമിത് രവീന്ദർനാഥ് ശർമ്മ സംവിധാനം ചെയ്‌ത 'മൈദാനി'ൽ മലയാളികളുടെ പ്രിയതാരം പ്രിയാമണിയും പ്രധാന വേഷത്തിലുണ്ട്. ഗജരാജ് റാവു, ബംഗാളി നടൻ രുദ്രനിൽ ഘോഷ് എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.
1952 മുതൽ 1962 വരെയുള്ള ഇന്ത്യൻ ഫുട്‌ബോളിൻ്റെ സുവർണ കാലഘട്ടത്തെ കേന്ദ്രീകരിച്ചാണ് ഈ സിനിമയുടെ ആഖ്യാനം. സീ സ്റ്റുഡിയോസ് & ബേവ്യൂ പ്രൊജക്‌ട്‌സും ഫ്രഷ് ലൈം ഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന 'മൈദാൻ' സിനിമയ്‌ക്കായി തിരക്കഥ രചിച്ചിരിക്കുന്നത് സൈവിൻ ക്വാഡ്‌രാസാണ്. സംഭാഷണങ്ങൾ റിതേഷ് ഷായും രചിച്ചിരിക്കുന്നു. മനോജ് മുൻതാഷിർ ശുക്ലയുടെ വരികൾക്ക് എആർ റഹ്‌മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
സീ സ്റ്റുഡിയോസ്, ബോണി കപൂർ, അരുനവ ജോയ് സെൻഗുപ്‌ത, ആകാശ് ചൗള എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'മൈദാൻ' ഈ വർഷം ഏപ്രിലിൽ ഈദ് റിലീസായി പ്രേക്ഷകരിൽ എത്താനുള്ള തയ്യാറെടുപ്പിലാണ്. ഐമാക്‌സ് ഫോർമാറ്റിൽ കാഴ്‌ചക്കാർക്ക് ആവേശകരമായ സിനിമാറ്റിക് അനുഭവവും ഈ ചിത്രം വാഗ്‌ദാനം ചെയ്യുന്നു.
ALSO READ: ആരാധകരെ 'വിറപ്പിച്ച' ബോളിവുഡിലെ തകർപ്പൻ ഹിറ്റ്; 'ശൈത്താൻ' ഇനി ഒടിടിയിൽ - Shaitaan Ott Release