പ്രേക്ഷകരുടെയും നിരൂപകരുടെയും സിനിമ പ്രവർത്തകരുടെയും പ്രശംസകള്‍ നേടി രണ്ടാം വാരത്തിലേക്കു വിജയകരമായി കടക്കുകയാണ് മുസ്‌തഫ സംവിധാനം ചെയ്‌ത 'മുറ'.സുരാജ് വെഞ്ഞാറമൂടും പുതുമുഖങ്ങളും പ്രധാന കഥാപാത്രങ്ങളായെത്തിയ 'മുറ'യെ പ്രശംസിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി.
സിനിമയെ ബ്രാന്‍ഡ് ന്യൂ ബാച്ച് എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി വിശേഷിപ്പിച്ചിരിക്കുന്നത്. നടി സുരഭി ലക്ഷ്‌മിയും 'മുറ'യെ പ്രശംസിച്ചു. തിരക്കഥയിലും സംഗീതത്തിലും എഡിറ്റിംഗിലും ക്യാമറയിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന ചിത്രമാണ് 'മുറ'യെന്ന് സുരഭി ലക്ഷ്‌മി പറഞ്ഞു. ഫേസ്‌ബുക്കിലൂടെയായിരുന്നു സുരഭിയുടെ പ്രതികരണം.
"മുസ്‌തു.... ഇന്നലെ മുറ മൂവി കണ്ടു. നിങ്ങളുടെ അഭിനയക്കളരിയിൽ പുതുമുഖ അഭിനേതാക്കൾ ഹൃദു ഹാറൂണ്‍, അനുജിത്ത്, യെദു, ജോബിന്‍ എല്ലാവരും അതിഗംഭീരം. ഒപ്പം പാർവ്വതി ചേച്ചിയും സുരാജേട്ടനും തകർത്തു. മാർഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന് കരുതുന്ന തലമുറയോട്, അത് മുറ പോലെ തല പോകാനുള്ള പണിയാണെന്ന ഒരു ഓർമ്മിപ്പിക്കലാണ് ഈ 'മുറ'.
വിജയത്തിന് കുറുക്കുവഴികളില്ല. ഹാർഡ് വർക്ക് ചെയ്യു, എന്ന് പറഞ്ഞു പഠിപ്പിച്ച, പ്രോത്സാഹിപ്പിക്കുന്ന പ്രിയ മുസ്‌തു... നിങ്ങൾക്കും എല്ലാം "മുറ" പോലെ വന്നു ചേരട്ടെ.... സ്ക്രിപ്റ്റും, മ്യൂസിക്കും, ക്യാമറയും, എഡിറ്റും എല്ലാം തകർത്തു.. മുറയുടെ എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ..."-സുരഭി ലക്ഷ്‌മി കുറിച്ചു.
സുരാജ് വെഞ്ഞാറമൂടിനെ കൂടാതെ ഹൃദു ഹാറൂൺ, കനി കുസൃതി, മാല പാർവതി, കണ്ണൻ നായർ, യെദു കൃഷ്‌ണ, ജോബിൻ ദാസ്, വിഘ്‌നേശ്വർ സുരേഷ്, അനുജിത് കണ്ണൻ, കൃഷ് ഹസന്‍, സിബി ജോസഫ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. എച്ച് ആർ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ റിയ ഷിബുവാണ് 'മുറ'യുടെ നിർമ്മാണം. സുരേഷ് ബാബുവാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - റോണി സക്കറിയ, ഛായാഗ്രഹണം - ഫാസിൽ നാസർ, എഡിറ്റിംഗ് - ചമൻ ചാക്കോ, സംഗീത സംവിധാനം - ക്രിസ്‌റ്റി ജോബി, കലാസംവിധാനം - ശ്രീനു കല്ലേലിൽ, മേക്കപ്പ് - റോണെക്‌സ് സേവ്യർ, വസ്ത്രാലങ്കാരം - നിസാർ റഹ്‌മത്ത്, ആക്ഷൻ - പിസി സ്‌റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ - ജിത്ത് പിരപ്പൻകോട്, പിആർഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്‍റ് - പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.