വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നടി കീര്‍ത്തി സുരേഷും ആന്‍റണി തട്ടിലും വിവാഹിതരായി. ഗോവയില്‍ വച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.
ഇപ്പോഴിതാ തന്‍റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തിയുടെ കഴുത്തില്‍ ആന്‍റണി തട്ടില്‍ താലി ചാര്‍ത്തുന്ന ചിത്രം മുതല്‍ വിവാഹ ചടങ്ങിലെ നിരവധി ചിത്രങ്ങള്‍ താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഫോര്‍ ദി ലൗവ് ഓഫ് നൈകേ എന്ന ഹാഷ്‌ടാഗോടു കൂടിയാണ് കീര്‍ത്തി തന്‍റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം വിവാഹാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള ചിത്രവുമായി കീര്‍ത്തി ഇന്‍സ്‌റ്റഗ്രാമില്‍ എത്തിയിരുന്നു. മേക്കപ്പിന് തയ്യാറെടുക്കുന്ന ചിത്രമായിരുന്നു താരം പങ്കുവച്ചത്. 'കിറ്റി' എന്നെഴുതിയ മേക്കപ്പ് ഗൗണുമായി ബ്രൈഡ് ടു ബി ചടങ്ങുകള്‍ക്ക് തയ്യാറെടുക്കുന്ന കീര്‍ത്തിയുടെ ചിത്രമായിരുന്നു അത്. 'കിറ്റി' എന്നത് കീര്‍ത്തിയുടെ ഓമനപ്പേരാണ്.
ബാല്യകാല സുഹൃത്തും ബിസിനസുകാരനുമാണ് കൊച്ചി സ്വദേശിയായ ആന്‍റണി തട്ടില്‍. എഞ്ചിനിയറായ ആന്‍റണി ദുബൈ ബേസ്‌ഡ് ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസിന്‍റെ ഉടമ കൂടിയായ ആന്‍റണിക്ക് കൊച്ചിയില്‍ റിസോര്‍ട്ടുകളും ഉണ്ട്.
പതിനഞ്ച് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ തന്‍റെ പ്രണയം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു നാളിത്രയും കാലം താരം. അടുത്തിടെയാണ് കീര്‍ത്തി സുരേഷ് തന്‍റെ ഭാവി വരനെ ആരാധകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയത്. ഒരു കുറിപ്പിനൊപ്പം പുറം തിരിഞ്ഞു നില്‍ക്കുന്ന ചിത്രമായിരുന്നു താരം അന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
"15 വര്‍ഷം, സ്‌റ്റില്‍ കൗണ്ടിംഗ്. അത് എക്കാലവും അങ്ങനെ തന്നെ" -ഇപ്രകാരം കുറിച്ച് കൊണ്ട് ആന്‍റണി തട്ടിലിനൊപ്പമുള്ള ചിത്രം കീര്‍ത്തി ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവയ്‌ക്കുകയായിരുന്നു.
വിവാഹത്തിന് മുന്നോടിയായി കീര്‍ത്തി ക്ഷേത്രദര്‍ശനം നടത്തിയതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കുടുംബസമേതം തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം സന്ദര്‍ശിക്കുകയായിരുന്നു താരം. അച്ഛന്‍ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ്, സഹോദരി രേവതി സുരേഷ് എന്നിവര്‍ക്കൊപ്പമാണ് കീര്‍ത്തി ക്ഷേത്രദര്‍ശനം നടത്തിയത്.
മോഹന്‍ലാല്‍ ചിത്രം 'ഗീതാഞ്ജലി'യിലൂടെയാണ് കീര്‍ത്തി സുരേഷ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച കീര്‍ത്തി പിന്നീട് തമിഴിലേയ്‌ക്കും തെലുങ്കിലേയ്‌ക്കും ചേക്കേറുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള തെലുങ്ക് ചിത്രം 'മഹാനടി' ആണ് കീര്‍ത്തിയുടെ കരിയറില്‍ വഴിത്തിരിവായത്. ഈ സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തിയ്‌ക്ക് ലഭിച്ചിരുന്നു.