വിക്രം-പാ രഞ്ജിത് ചിത്രമായ 'തങ്കലാന്‍റെ'യും സൂര്യ-ശിവ ചിത്രമായ 'കങ്കുവ'യുടെയും കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ഗോകുലം ഗോപാലന്‍റെ ജന്മദിനാഘോഷ വേളയിലാണ് ചിത്രങ്ങൾ കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്യുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പിറന്നാൾ ദിനത്തിൽ താങ്കലാൻ, കങ്കുവ എന്നിവയുടെ നിർമാതാക്കളായ സ്റ്റുഡിയോ ഗ്രീൻ ഗോകുലം ഗോപാലന് ആശംസകൾ നേർന്നിരുന്നു.
'പൊന്നിയിൻ സെൽവൻ 1 & 2' ന് ശേഷം വിക്രമിനൊപ്പം 'തങ്കലാനി' ലൂടെ വീണ്ടും പ്രവർത്തിക്കാൻ സാധിച്ചതിലും സൂര്യക്കൊപ്പം ആദ്യമായി 'കങ്കുവ'യിലൂടെ ഒന്നിക്കാൻ സാധിച്ചതിലുമുള്ള സന്തോഷം ശ്രീ ഗോകുലം മൂവീസിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്‌ണമൂർത്തി പങ്കുവെച്ചു. വിക്രം വ്യത്യസ്‌ത വേഷത്തിലെത്തുന്ന 'തങ്കലാനി'ൽ പാർവതി തിരുവോത്താണ് നായികയായെത്തുന്നത്. മാളവിക മോഹൻ, പശുപതി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാർഡ് ജേതാവുമായ ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിട്ടുള്ളത്. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ച ചിത്രത്തിന്‍റെ കലാസംവിധായകൻ എസ് എസ് മൂർത്തിയും സംഘട്ടന സംവിധായകൻ സ്റ്റന്നർ സാമുമാണ്. ഓഗസ്റ്റ് 15-ന് ആഗോള റിലീസായി എത്തുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം മൂവീസാകും തീയേറ്ററുകളിലെത്തിക്കുക.
പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന സൂര്യ- ശിവ ടീമിന്‍റെ 'കങ്കുവ' ഒക്ടോബർ 10-ന് ലോക വ്യാപകമായി 38 ഭാഷകളിലാവും തീയേറ്ററുകളിലെത്തുക. 350 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്.
Also Read: മോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് അനുരാഗ് കശ്യപ്: 'റൈഫിൾ ക്ലബ്ബി'ന്‍റെ ചിത്രീകരണം പൂർത്തിയായി