നാഗ് അശ്വിന്‍റെ സംവിധാനത്തിൽ പ്രഭാസ് പ്രധാന വേഷത്തിൽ എത്തിയ 'കൽക്കി 2898 എഡി' പുതിയ ബോക്‌സോഫിസ് റെക്കോഡുകളുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്‌തിട്ട് ഒരു മാസത്തിലേറെയായെങ്കിലും മികച്ച അഭിപ്രായങ്ങളുമായി ചിത്രം പ്രദർശനം തുടരുകയാണ്. വലിയ കാത്തിരിപ്പുകൾക്കൊടുവിൽ ചിത്രം കഴിഞ്ഞ മാസമാണ് റിലീസ് ചെയ്‌തത്.
ബോക്‌സോഫിസിൽ ഷാരൂഖ് ഖാൻ്റെ വമ്പൻ ഹിറ്റായ ജവാനെ മറികടക്കാനാണ് ചിത്രം ഇപ്പോൾ ലക്ഷ്യമിടുന്നത്. അതിനു മുന്നേ വടക്കേ അമേരിക്കയിലെ എസ്ആർകെയുടെ പഠാൻ നേടിയ റെക്കോഡുകളെ കൽക്കി 2898 എഡി തകർത്തെറിഞ്ഞിരിക്കുകയാണ്.
വടക്കേ അമേരിക്കയിലെ നേട്ടം : വടക്കേ അമേരിക്കയിൽ ചിത്രത്തിന്‍റെ കലക്ഷൻ ഷാരൂഖ് ഖാൻ്റെ പഠാൻ സിനിമയെ മറികടന്നതായി ചിത്രത്തിൻ്റെ നിർമാതാക്കൾ. സോഷ്യൽ മീഡിയയിൽ പുതിയ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി കൽക്കി 2898 എഡി മാറിയതായി അണിയറപ്രവർത്തകർ അറിയിച്ചത്. വടക്കേ അമേരിക്കയിൽ ചിത്രം ഇതുവരെ 18.5 മില്യൺ ഡോളർ കലക്ഷൻ നേടി. അതേസമയം 17.45 മില്യൺ ഡോളറാണ് പഠാൻ നേടിയത്.
കൽക്കിയുടെ ഇന്ത്യയിലെ നേട്ടം : 633.89 കോടി രൂപയാണ് കൽക്കി 2898 എഡിയുടെ ഇന്ത്യയിലെ മൊത്തം കലക്ഷൻ. തിയ്യേറ്ററുകളിലെത്തി 34-ാം ദിവസം ചിത്രത്തിന്‍റെ തെലുഗു പതിപ്പ് 0.84 കോടിയും ഹിന്ദി പതിപ്പ് 0.51 കോടിയുമാണ് നേടിയത്. 57 ദിവസം കൊണ്ട് 640.25 കോടി നേടിയ ഷാരൂഖ് ഖാൻ്റെ ജവാനെ മറികടക്കാൻ ചിത്രത്തിന് ഇനി 7 കോടി കൂടെ നേടിയാൽ മതി.
ആരാധകർക്കായി പ്രത്യേക ഷോ : കൽക്കിയുടെ വിജയത്തിന്‍റെ ഭാഗമായി തെരഞ്ഞെടുത്ത ആരാധകർക്കായി പ്രത്യേക ഷോ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അമിതാഭ് ബച്ചൻ അടുത്തിടെ തൻ്റെ ബ്ലോഗിൽ പരാമർശിച്ചിരുന്നു. അതേസമയം ഇത് ആസൂത്രണ ഘട്ടത്തിലാണെന്നും യാഥാർഥ്യമാകുമോ എന്നത് നിശ്ചയമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.