ബിജു മേനോന്‍, മേതിൽ ദേവിക എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് 'കഥ ഇന്നുവരെ'. ചിത്രത്തിലെ ആദ്യം ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ 'മിന്നും താരങ്ങള്‍' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. അജീഷ് ദാസന്‍റെ ഗാന രചനയില്‍ അശ്വിൻ ആര്യന്‍റെ സംഗീതത്തിൽ കപിൽ കപിലനും നിത്യ മാമനും ചേർന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.
ഗാനത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. 'പുതിയ സിനിമകളില്‍ അപൂര്‍വ്വമായി കേള്‍ക്കുന്ന നല്ല പാട്ടുകള്‍', 'അജീഷിന്‍റെ തൂലികയില്‍ നിന്നും വീണ്ടുമൊരു ഹൃദ്യമായ ഗാനം', 'വരികള്‍ മനസ്സില്‍ പതിഞ്ഞു', 'അശ്വിന്‍ ആര്യന്‍ പുതിയ പ്രതീക്ഷ, കപില്‍ കപിലന്‍ സൂപ്പര്‍', 'നല്ല ഗാനം, ന്യൂജെന്‍ ദാരിദ്ര്യ സൃഷ്‌ടികള്‍ക്കിടയില്‍ ഈ പാട്ടൊക്കെ കേള്‍ക്കുമ്പോള്‍ വലിയൊരു ആശ്വാസം', 'മനോഹരമായ ട്രാക്ക്', 'നല്ല ശബ്‌ദം' -ഇങ്ങനെ നീണ്ടു പോകുന്നു ആരാധകരുടെ കമന്‍റുകള്‍.
'മേപ്പടിയാൻ' എന്ന സിനിമയ്‌ക്ക് ശേഷം ബിജു മേനോനെ കേന്ദ്ര കഥാപാതമാക്കി ദേശീയ അവാർഡ് ജേതാവ് വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'കഥ ഇന്നുവരെ'. സെപ്റ്റംബർ 20ന് ചിത്രം റിലീസ് ചെയ്യും. കേരളത്തിൽ ഐക്കൺ സിനിമാസ് ആണ് ചിത്രത്തിന്‍റെ വിതരണം. ഗൾഫിൽ ഫാർസ് ഫിലിംസും വിതരണം ചെയ്യും.
പ്രശസ്‌ത നർത്തകിയായ മേതിൽ ദേവിക ഇതാദ്യമായാണ് ഒരു സിനിമയിൽ അഭിനയിക്കുന്നത്. മേതിൽ ദേവികയെ കൂടാതെ നിഖില വിമലും ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നുണ്ട്. അനുശ്രീ, അനു മോഹൻ, രഞ്ജി പണിക്കർ, ഹക്കീം ഷാജഹാൻ, സിദ്ദിഖ്, കോട്ടയം രമേശ്, കൃഷ്‌ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
വിഷ്‌ണു മോഹൻ സ്‌റ്റോറീസിന്‍റെ ബാനറിൽ വിഷ്‌ണു മോഹന്‍, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്‌ണ മൂർത്തി എന്നിവര്‍ ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം. ജോമോൻ ടി ജോൺ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. അശ്വിൻ ആര്യൻ ആണ് ചിത്രത്തിലെ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
കോസ്റ്റ്യൂംസ് - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ - സുഭാഷ് കരുൺ, പ്രോജക്‌ട് ഡിസൈനർ - വിപിൻ കുമാർ, വിഎഫ്എക്‌സ് - കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ - ടോണി ബാബു, സ്‌റ്റിൽസ് - അമൽ ജെയിംസ്, ഡിസൈൻസ് - ഇല്യൂമിനാർട്ടിസ്, പ്രൊമോഷൻസ് - 10 ജി മീഡിയ, പിആർഒ - എഎസ് ദിനേശ്, ആതിര ദിൽജിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.