മലയാളത്തിലെ എക്കാലത്തെയും ഫൺ റൈഡ് ചിത്രങ്ങളിൽ ഒന്നാണ് ജയസൂര്യയുടെ 'ആട്'. 'ആട്' സിനിമയുടെ പുതിയ അപ്‌ഡേറ്റുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. 'ആട്' മൂന്നാം ഭാഗത്തിന്‍റെ തിരക്കഥ പൂര്‍ത്തിയാക്കി മിഥുന്‍ മാനുവല്‍ തോമസ്.
സോഷ്യല്‍ മീഡിയയിലൂടെ മിഥുന്‍ മാനുവല്‍ തോമസ് പങ്കുവച്ച പോസ്‌റ്റിലൂടെ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയെന്നാണ് സൂചന. 'ആട് 3 വണ്‍ ലാസ്‌റ്റ് റൈഡ്' എന്ന ടാഗ് ലൈനോട് കൂടിയാകും ചിത്രം റിലീസ് ചെയ്യുക.
സിനിമയുടെ മൂന്നാം ഭാഗത്തെ കുറിച്ചുള്ള സൂചനകള്‍ പലപ്പോഴായി അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായെങ്കിലും 'ആട് 3' എന്ന്, എപ്പോൾ എന്നീ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിച്ചിരുന്നില്ല. എന്നാല്‍ ഇനി 'ആടി'ന്‍റെ മൂന്നാം ഭാഗത്തിനായി അധികം താമസിക്കേണ്ടി വരില്ലെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതികരണം.
തിരക്കഥ പൂർത്തിയായി കഴിഞ്ഞു. ഏതു നിമിഷവും എപ്പോൾ വേണമെങ്കിലും ചിത്രത്തിന്‍റെ അനൗൺസ്‌മെന്‍റ് പ്രതീക്ഷിക്കാം. 'ആട് 3 വൺ ലാസ്‌റ്റ് റൈഡ്' എന്ന് എഴുതിയിരിക്കുന്ന തിരക്കഥയുടെ ആദ്യ പേജുകൾ തന്‍റെ ലാപ്‌ടോപ്പിൽ പ്രദർശിപ്പിക്കുന്ന രീതിയിൽ ഒരു ചിത്രമാണ് മിഥുന്‍ മാനുവല്‍ തോമസും, നിർമ്മാതാവ് വിജയ് ബാബുവും പങ്കുവച്ചിരിക്കുന്നത്.
'ആട് 1', 'ആട് 2' എന്നീ ചിത്രങ്ങൾക്ക് ലഭിച്ച പ്രേക്ഷക സ്വീകാര്യത നഷ്‌ടപ്പെടാത്ത രീതിയിലുള്ള തിരക്കഥ ഒരുക്കുക എന്നത് വലിയ ചലഞ്ച് ആണെന്ന് മിഥുൻ മാനുവൽ തോമസ് പലപ്പോഴായി അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രേക്ഷകരുടെ പ്രതീക്ഷകൾ കാത്തുസൂക്ഷിക്കുന്ന തരത്തിലാകണം തിരക്കഥ രചന.
മാത്രമല്ല 'ആട്' എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങൾക്കും ആരാധകരുണ്ട്. എല്ലാ കഥാപാത്രങ്ങളെയും കൃത്യമായി തിരക്കഥയിൽ പ്ലെയിസ് ചെയ്യുകയും വേണം. അതുകൊണ്ട് ആട് 3 വരും, പക്ഷേ എപ്പോഴാണെന്ന് കൃത്യമായി പറയാൻ ആകില്ലെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസും നിർമാതാവ് വിജയ ബാബുവും മുൻപൊരിരക്കല്‍ പ്രസ്‌താവിച്ചിരുന്നു.
ജയസൂര്യ, സൈജു കുറുപ്പ്, വിനായകൻ, സണ്ണി വെയ്ൻ, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു തുടങ്ങിയവരാണ് 'ആട്' സീരിസിലെ പ്രധാന കഥാപാതങ്ങൾ. കഥാപാത്ര സൃഷ്‌ടികൊണ്ടും കഥ പറയുന്ന രീതിയിലും വ്യത്യസ്‌തത പുലർത്തിയ 'ആട്' പ്രേക്ഷക പിന്തുണയിൽ മുൻപന്തിയിലുള്ള ചിത്രമാണ്.
അതേസമയം 'ആട്' ആദ്യ ഭാഗം തിയേറ്ററുകളിൽ വലിയ പരാജയമായിരുന്നു. സിനിമയിൽ അവലംബിച്ച പുതുമ തിയേറ്ററുകളിൽ പ്രേക്ഷകർ സ്വീകരിച്ചില്ലെങ്കിലും ചിത്രത്തിന്‍റെ ഓൺലൈൻ പതിപ്പുകൾ എത്തിയതോടെ 'ആടി'ന് ആരാധകർ ഏറി.
ഷാജി പാപ്പനും, അറയ്‌ക്കൽ അബുവും, ഡ്യൂടും, സർബത്ത് ഷമീറുമെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെട്ടു. പ്രേക്ഷകരുടെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്നാണ് തിയേറ്ററിൽ പരാജയപ്പെട്ട 'ആടി'ന് രണ്ടാം ഭാഗം ഒരുങ്ങിയത്. 'ആട്' രണ്ടാം ഭാഗത്തിന് ചരിത്ര വിജയം നേടാനായതോടെ ഷാജി പാപ്പനും പിള്ളേരും മലയാള സിനിമയിലെ ഐക്കോണിക്ക് കഥാപാത്രങ്ങളായി മാറി.
Also Read: പാപ്പനും പിള്ളേരും വരികയായി മക്കളേ...; 'ആട് 3' പ്രഖ്യാപനവുമായി മിഥുൻ മാനുവൽ