കമല്‍ സംവിധാനം ചെയ്‌ത 'മഞ്ഞുപോലൊരു പെൺകുട്ടി' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് ജയകൃഷ്‌ണൻ. 'ചന്ദ്രോത്സവം', 'സുഭദ്രം' തുടങ്ങി നിരവധി ചിത്രങ്ങളിൽ നായകനായും സഹ നടനായും വേഷമിട്ട ജയകൃഷ്‌ണൻ ഒരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും അഭിനയ രംഗത്ത് സജീവമാവുകയാണ്. ഫ്ലവേഴ്‌സ് ടിവി സംപ്രേഷണം ചെയ്യുന്ന 'പഞ്ചാഗ്‌നി' എന്ന സീരിയലിൽ കേന്ദ്ര കഥാപാത്രമായാണ് ജയകൃഷ്‌ണന്‍റെ പുതിയ വേഷപ്പകർച്ച.
മലയാളം ടെലിവിഷൻ റേറ്റിംഗിൽ കഴിഞ്ഞ രണ്ട് ആഴ്‌ചകളായി മികച്ച സ്ഥാനം നിലനിര്‍ത്തുന്ന 'പഞ്ചാഗ്‌നി'യിലെ അഭിമന്യു എന്ന പ്രണയ നായകനെ മലയാളികൾ നെഞ്ചോട് ചേർക്കുകയാണ്. അഭിനയ രംഗത്ത് ഇടവേളകൾ സംഭവിച്ചെങ്കിലും കലാമേഖലയിൽ ഒരിക്കലും ഒരു ബ്രേക്ക് ഉണ്ടായിട്ടില്ലെന്നാണ് ജയകൃഷ്‌ണന്‍ പറയുന്നത്. ക്യാമറയ്ക്ക് പിന്നിലും സജീവമായിരുന്നു നടന്‍. തന്‍റെ പുതിയ വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ് നടന്‍ ജയകൃഷ്‌ണന്.
'നാടക മേഖലയിൽ നിന്നാണ് കമൽ സാർ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലേയ്‌ക്ക് എന്നെ ക്ഷണിക്കുന്നത്. സംവിധായകൻ പ്രശാന്ത് നാരായണനുമായുള്ള ബന്ധം എടുത്തു പറയേണ്ടതാണ്. മലയാളത്തിലെ പ്രമുഖ മാധ്യമം സംഘടിപ്പിച്ച എംടി സാറിന്‍റെ 'നവതി വന്ദനം' എന്ന പരിപാടിയിൽ 'മഹാസാഗരം' എന്ന നാടകത്തിൽ പ്രധാന വേഷം ചെയ്യാൻ സാധിച്ചു.
മുടി നീട്ടി വളർത്തിയിരുന്ന സമയത്താണ് ആ കഥാപാത്രം ചെയ്യേണ്ടതായി വന്നത്. പക്ഷേ തിരിച്ചറിയാനാകാത്ത വിധം, പട്ടണം റഷീദ് എന്ന മേക്കപ്പ് കലാകാരൻ എന്നെ അടിമുടി മാറ്റി. നാടകമാണ് വേര്. ഒരു അഭിനേതാവിനെ മൂർച്ച കൂട്ടാൻ എപ്പോഴും നാടകങ്ങൾ സഹായിക്കും. സ്വന്തമായി സംവിധാനം ചെയ്യാനിരിക്കുന്ന സിനിമയുടെ പണിപ്പുരയിലാണിപ്പോള്‍. കുറച്ചു കാലങ്ങളായി ആ പ്രോജക്‌ട് നീണ്ടു പോകുന്നു.
പലപ്പോഴും കൃത്യമായ ഇടവേളകളിൽ എന്നെ കാണുന്നവർക്ക് പെട്ടെന്ന് എന്‍റെ രൂപം തിരിച്ചറിയാനാകില്ല. സ്വയം മാറിക്കൊണ്ടിരിക്കും. ചിലപ്പോൾ നല്ല ശരീരഭാരം കാണും. ജീവിതത്തിൽ അക്കാലത്ത് അടുക്കും ചിട്ടയും ഒന്നും ഉണ്ടാകില്ല. പിന്നീട് സ്വയം ബോധ്യത്തിൽ ശരീരം സംരക്ഷിക്കാൻ ആരംഭിച്ച് പൂർവസ്ഥിതിയിലാകും. ഇപ്പോൾ അഭിനയിക്കുന്ന പരമ്പരയിലെ കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം 67 കിലോയിലേക്ക് എത്തിച്ചു.' -ജയകൃഷ്‌ണന്‍ പറഞ്ഞു.
അഭിനയത്തിൽ താല്‍പ്പര്യക്കുറവ് ഒന്നുമില്ല എന്നായിരുന്നു അഭിനയം ഇഷ്‌ടമല്ലേ എന്ന ചോദ്യത്തിനുള്ള ജയകൃഷ്‌ണന്‍റെ മറുപടി. ക്യാമറയ്ക്ക് പിന്നിൽ പണിയെടുക്കാനാണ് ജയകൃഷ്‌ണന് കുറച്ചു കൂടി ഇഷ്‌ടം. എങ്കിലും അഭിനയവും മുന്നോട്ടു കൊണ്ടുപോകാനാണ് നടന്‍റെ തീരുമാനം. പരസ്യ ചിത്ര സംവിധായകൻ, നർത്തകൻ, ടെലിവിഷൻ അവതാരകൻ തുടങ്ങി മേഖലകളിലും ജയകൃഷ്‌ണൻ സജീവമാണ്.