ടൊവിനോ തോമസ് നായകനായി എത്തിയ 'അജയന്‍റെ രണ്ടാം മോഷണം' തിയേറ്ററുകളില്‍ എത്തിയതിന് പിന്നാലെ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെ സിനിമയ്‌ക്കകത്തും പുറത്തും വിഷയം വലിയ ചര്‍ച്ചയായിരിക്കുകയാണ്. 'എആര്‍എം' വ്യാജ പ്രിന്‍റ് ട്രെയിനിലിരുന്ന് കാണുന്ന ഒരു യാത്രക്കാരന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ രോഷം പ്രകടിപ്പിച്ച് സംവിധായകന്‍ ജിതിന്‍ ലാലും നിർമ്മാതാവ് ലിസ്‌റ്റിൻ സ്‌റ്റീഫനും രംഗത്തെത്തിയിരുന്നു.
തമിഴ് ബ്ലാസ്‌റ്റേഴ്‌സ് എന്ന പേരിൽ റീ ലോഞ്ച് ചെയ്‌ത തമിഴ് റോക്കേഴ്‌സ് വർഷങ്ങളായി ഇന്ത്യൻ സിനിമയുടെ കാമ്പ് കടിച്ചു തിന്നുന്ന പരാദഭോജികൾ ആണ്. വിഎച്ച്എസ് കാസറ്റുകൾ ഇറങ്ങുന്ന കാലം മുതൽ ഇത്തരം തിയേറ്റർ പ്രിന്‍റുകൾ പ്രചാരത്തിലുണ്ട്. ഏതൊരു ചെറിയ വിഷയത്തിനും ഗുണനിലവാരം വേണമെന്ന് ചിന്തിക്കുന്ന ഇന്ത്യൻ ജനത എന്തുകൊണ്ട് ഇത്തരം മങ്ങിയ തിയേറ്റർ ക്യാപ്‌ചർ പ്രിന്‍റുകൾക്ക് പുറകെ പോകുന്നു എന്നുള്ളത് വസ്‌തുതാപരമായി നിരീക്ഷിക്കേണ്ട സംഗതിയാണ്.
പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന്, റിലീസ് ചെയ്‌ത ചിത്രത്തെ കുറിച്ച് ബോധ്യം ഉണ്ടാകണമെന്ന് ധാരണയുള്ള ഒരു വിഭാഗം പ്രേക്ഷകർ. അവർ സിനിമയെ ജീവിതത്തിന്‍റെ പ്രധാനപ്പെട്ട ഒരു വിനോദോപാധിയായി കണക്കാക്കുന്നില്ല. പ്രമുഖ ട്രേഡ് അനലിസ്‌റ്റുകളുമായി ചർച്ച ചെയ്‌തതിൽ നിന്നും വ്യക്‌തമാകുന്നത് രണ്ട്-മൂന്ന് വിഷയങ്ങളാണ്. സിനിമ എന്ന വിനോദോപാദിക്കായി കൃത്യമായി രണ്ടര മണിക്കൂർ മാറ്റിവയ്ക്കാൻ ഇല്ലാത്ത ഒരു വിഭാഗം ജനങ്ങൾ.
സിനിമ എന്ന കാഴ്‌ച ശ്രവ്യ അനുഭവത്തെ ഒരു വശത്തേക്ക് മാറ്റിനിർത്തി സ്വന്തം നേരമ്പോക്ക് എന്നുള്ള സ്വാർത്ഥ മനോഭാവം. ഇതിനോട് ചേർത്തു വായിക്കേണ്ട മറ്റൊരു വസ്‌തുത കൂടിയാണ്, ഒരു കുടുംബം സിനിമ കാണാൻ തിയേറ്റർ എത്തിയാൽ മിനിമം ചിലവ് ആയിരം രൂപയിൽ അധികമാണ്. എത്രയൊക്കെ സൗകര്യങ്ങൾ നൽകിയാലും ഒരു സാധാരണക്കാരന് 200 രൂപയോളം വരുന്ന ടിക്കറ്റ് ചാർജ്, 100 രൂപയിൽ അധികം വരുന്ന യാത്രാക്കൂലി, ഇതിന് പുറമെ കൊള്ള വിലയിൽ തിയേറ്ററിൽ വിൽക്കുന്ന ഭക്ഷണ സാധനങ്ങൾ, ഇതൊന്നും താങ്ങാൻ ആകുന്നതല്ല.
ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ രാപ്പകൽ കഷ്‌ടപ്പെടുന്ന ഒരു വിഭാഗം ഇത്തരം തിയേറ്റർ പ്രിന്‍റുകൾക്ക് പിന്നാലെ പോകുന്നതിൽ നിന്നും തടയിടാൻ ആകില്ല എന്നാണ് എന്‍റർടെയിന്‍മെന്‍റ് അനലിസ്‌റ്റുകളുടെ കണ്ടെത്തല്‍. ആകെ ചെയ്യാനാവുക, തമിഴ് ബ്ലാസ്‌റ്റേഴ്‌സ് എന്ന കുപ്രസിദ്ധ സിൻഡിക്കേറ്റിനെ എന്നെന്നേക്കുമായി ബ്ലോക്ക് ചെയ്യുക എന്നുള്ളതാണ്.
കേരളത്തിലെ പ്രമുഖ തിയേറ്റർ ഓണേഴ്‌സുമായി ഇതേ വിഷയത്തിൽ ഇടിവി ഭാരത് സംസാരിക്കുകയുണ്ടായി. "റിലീസ് ചെയ്‌തിരിക്കുന്ന തിയേറ്റർ പ്രിന്‍റുകൾ, വളരെ ക്രിയാത്‌മകമായി ചിത്രീകരിച്ചിട്ടുള്ളതാണ്. ഒളിച്ചിരുന്നോ ലഭിക്കുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ചോ സ്ക്രീൻ ക്യാപ്‌ച്ചർ ചെയ്‌തിട്ടുള്ള വീഡിയോകൾ അല്ല കാണാൻ സാധിക്കുന്നത്. ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തണമെങ്കിൽ ഒരു തിയേറ്റർ ഉടമയുടെ സഹായമില്ലാതെ സാധിക്കില്ല.കേരളത്തിലെ ഒരു തിയേറ്റർ ഉടമയും സ്വന്തം കഞ്ഞിയിൽ പാറ്റ ഇടുന്ന ഇത്തരം പ്രവർത്തികൾക്ക് മുതിരില്ല. കേരളത്തിലെ എന്ന് മാത്രമല്ല ഇന്ത്യയിലെയും ഒരു തിയേറ്റർ ഉടമയും ഇത്തരം ക്രിമിനൽ ആക്‌ടിവിറ്റികൾക്ക് കൂടെ നിൽക്കുമെന്ന് തോന്നുന്നില്ല."- തിയേറ്റർ ഓണേഴ്‌സ് വ്യക്തമാക്കി.
തിയേറ്റർ ഓണേഴ്‌സ് അസോസിയേഷന്‍റെ ഭാഗത്ത് നിന്നുള്ള മറുപടി തൃപ്‌തികരമല്ലെന്ന് തോന്നിയതിനാല്‍ നിരവധി ടെക്‌നിക്കൽ എക്സ്പെർട്ട്സുകളുമായും ഇടിവി ടീം സംസാരിച്ചു.
"കാഴ്‌ചയുടെ ഗുണനിലവാരത്തിന് പ്രാമുഖ്യം നൽകുന്നവർ ആരും തന്നെ ഇത്തരം തിയേറ്റർ പ്രിന്‍റുകൾ ഡൗൺലോഡ് ചെയ്‌ത് കാണില്ല. ടെലിഗ്രാം എന്ന കുപ്രസിദ്ധ ആക്‌ടിവിറ്റികൾക്ക് സഹായകരമായ ഒരു പ്ലാറ്റ്ഫോം സാധാരണക്കാരെ ഒരു കുറ്റവാളിയാക്കാൻ പ്രചോദിപ്പിക്കുകയാണ്. തമിഴ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ വെബ്സൈറ്റിൽ കയറി ഒരു സിനിമ ഡൗൺലോഡ് ചെയ്യാൻ സാധാരണക്കാരനായ വ്യക്തിക്ക് പരിമിതികളുണ്ട്. ടെലിഗ്രാമിൽ സുലഭമായി ഇത്തരം സിനിമകളുടെ ഫയൽ ലഭിക്കുന്നതോടെ ഒറ്റ ക്ലിക്കിൽ സിനിമ ഫോണിൽ ഡൗൺലോഡ് ആവും.
ടെലിഗ്രാമിന്‍റെ പ്രധാന ഫീഡർ തമിഴ് ബ്ലാസ്‌റ്റേഴ്‌സ് എന്ന വെബ്സൈറ്റ് തന്നെയാണ്. തമിഴ് ബ്ലാസ്‌റ്റേഴ്‌സ് ഒരു വ്യക്തി മാത്രം നിയന്ത്രിക്കുന്ന ശൃംഖലയല്ല. ഇന്ത്യയ്ക്ക് പുറത്തും ഈ നെറ്റ് വർക്കിന് അഡ്‌മിനിസ്ട്രേഷൻ പാനലുകൾ ഉണ്ട്. പല രാജ്യങ്ങളിലും കോപ്പിറൈറ്റ് ലംഘനം എന്നുള്ളത് കുറ്റകരമല്ല. രാജ്യങ്ങളുടെ പേര് ഇവിടെ പ്രതിപാദിക്കുന്നില്ല. ഇത്തരം കോപ്പിറൈറ്റ് ചട്ട ലംഘനങ്ങൾ ബാധകമല്ലാത്ത രാജ്യങ്ങളിൽ നിന്ന് തിയേറ്റർ പ്രിന്‍റ് ഫീഡ് ചെയ്യുന്നതിന് ഒരു തരത്തിലുമുള്ള നിയമ പ്രശ്‌നങ്ങൾ ബാധകമല്ല. ഇന്ത്യയിൽ ആകെ ചെയ്യാനാകുന്നത് പ്രസ്‌തുത നെറ്റ്‌വർക്കിന്‍റെ യുആർഎൽ ബ്ലോക്ക് ചെയ്യുക എന്നുള്ളതാണ്.
എന്നാൽ യുആർഎൽ ബ്ലോക്ക് ചെയ്യുന്നതോടെ മറ്റൊരു പ്രോക്‌സി യുആർഎലിൽ വെബ്സൈറ്റ് പ്രത്യക്ഷപ്പെടും. 500ൽ അധികം പ്രോക്‌സി യുആർഎലുമായി ഇത്തരം നെറ്റ് വർക്കുകൾ ഏതു പ്രതിസന്ധി നേരിടാനും തയ്യാറായി നിൽക്കുകയാണ്. റോബോട്ടിക് സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ ഒരു വെബ്സൈറ്റിന് തടയിടുന്ന മാത്രയിൽ തന്നെ അടുത്ത യുആർഎൽ ആക്‌ടീവാകും. അതുകൊണ്ട് തന്നെ സിനിമകൾ ഡൗൺലോഡ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകില്ല.
നമ്മുടെ നിയമ സംവിധാനത്തിൽ ഇത്തരമൊരു നിയമ ലംഘനത്തെ നേരിടാൻ പരിമിതികളുണ്ട്. ഡിഫൻസ് അടക്കമുള്ള സേനകളുടെ ഐടി സെൽ അഹോരാത്രം പണിപ്പെട്ടാൽ മാത്രമെ ഇതിനൊരു നിയന്ത്രണം കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. നാല് ഭാഷ സിനിമകൾ മാത്രം ഇത്തരം വെബ്സൈറ്റുകൾ വഴി പ്രചരിക്കുന്നത് കൊണ്ട് തന്നെ കേന്ദ്ര ഐടി സെൽ പ്രസ്‌തുത വിഷയത്തിൽ കൈ കടത്തുക എന്നത് കൂടുതൽ നിയമ സാധ്യത വഴി പരിശോധിക്കേണ്ട കാര്യമാണ്.
പാൻ ഇന്ത്യൻ റിലീസുകളാണ് പ്രധാനമായും ഇത്തരം ചിത്രങ്ങളെ തിയേറ്റർ പ്രിന്‍റായി പ്രചരിപ്പിക്കുവാൻ കാരണമാകുന്നത്. ശക്തമായി എതിർക്കുമ്പോഴും തിയേറ്റർ പ്രിന്‍റുകൾ പുറത്താകുന്നുണ്ടെങ്കിൽ കൂട്ടത്തിൽ ഒരാൾ തന്നെയാണ് കുറ്റവാളി. ഒരു മലയാള ചിത്രത്തിന്‍റെ തിയേറ്റർ പ്രിന്‍റ് വരുന്ന വഴി പരിശോധിച്ചാൽ, പാൻ ഇന്ത്യൻ റിലീസുകളിലൂടെ ഒരു മലയാള ചിത്രം കർണാടകയിലും ആന്ധ്രയിലും മുംബൈയിലും ഒക്കെ റിലീസ് ചെയ്യും. ഏതെങ്കിലും ഒരു ആളൊഴിഞ്ഞ തിയേറ്ററുകളിൽ നിന്നും ചിത്രം തിയേറ്റർ ക്യാപ്‌ചർ ചെയ്‌താൽ ഓഡിയോ റെക്കോർഡ് ചെയ്യുന്നത് കേരളത്തിലെ ഏതെങ്കിലും തിയേറ്ററുകളിൽ നിന്നായിരിക്കും. ഇത് എഡിറ്റിംഗ് സോഫ്റ്റ്‌വെയർ വഴി യോജിപ്പിച്ചാണ് ചിത്രം റിലീസ് ചെയ്യുക."-ടെക്‌നിക്കൽ എക്സ്പെർട്ട്സുകള്‍ പ്രതികരിച്ചു.
അതേസമയം കേരളത്തിലെയും സൗത്ത് ഇന്ത്യയിലെയും മിക്ക തിയേറ്ററുകളുടെ ഇൻഫാസ്ട്രക്‌ച്ചർ ഒരുക്കുന്ന പ്രമുഖ ടെക്‌നിക്കൽ ടീമിന്‍റെ അഭിപ്രായം മറ്റൊന്നാണ്. "കേരളത്തിൽ മാത്രം റിലീസ് ഒതുങ്ങുന്ന ചിത്രങ്ങൾ തിയേറ്റർ പ്രിന്‍റായി എത്തുന്നുണ്ടെങ്കിൽ കേരളത്തിലെ തിയേറ്റർ ഉടമകളിൽ ഒരാൾ തന്നെയാകും കുറ്റവാളി. എന്നാൽ എആർഎം അടക്കമുള്ള സിനിമകളിൽ അങ്ങനെയൊരു സാധ്യത കാണാനാകില്ല. മികച്ച തിയേറ്റർ ഒക്കുപെൻസിയിൽ പ്രദർശനം നടക്കുന്ന ചിത്രങ്ങളെ ഒരു കാരണവശാലും പ്രേക്ഷകർക്കിടയിൽ നിന്ന് ചിത്രീകരിക്കാൻ ആകില്ല. കേരളത്തിലെ ഒട്ടുമിക്ക തിയേറ്ററുകളിലും സിസിടിവി സംവിധാനം ഊർജിതമാണ്. പുറത്തിറങ്ങിയ പ്രിന്‍റുകളുടെ ക്വാളിറ്റി പരിശോധിച്ചാൽ സമാന രീതിയിൽ തിയേറ്റർ ക്യാപ്ച്ചർ ചെയ്യുന്ന ഒരാൾ ക്യാമറയിൽ പതിയുക സ്വാഭാവികം.
അല്ലെങ്കിൽ പ്രൊജക്‌ടർ റൂമിൽ നിന്ന് ഡയറക്‌ട് സ്ക്രീൻ ക്യാപ്ച്ചർ ചെയ്യണം. പക്ഷേ ടെക്‌നിക്കൽ പരമായി പരിശോധിച്ചാൽ ഇപ്പോൾ തിയേറ്റർ പ്രിന്‍റ് ആയി ലഭിക്കുന്ന ചിത്രങ്ങൾ ഒക്കെയും പ്രേക്ഷകർക്കായി ഒരുക്കിയിട്ടുള്ള സീറ്റിൽ ഇരുന്ന് കൊണ്ട് ചിത്രീകരിച്ചവയാണ്. അതും തിയേറ്ററിലെ ഒത്ത നടുക്കാണ് ക്യാമറ ഫിക്‌സ് ചെയ്‌തിരിക്കുന്നത്. അതിനർത്ഥം ഒന്നുകിൽ കേരളത്തിന് പുറത്തെ ഒറ്റപ്പെട്ട സിസിടിവി ഇല്ലാത്ത തിയേറ്ററുകൾ, അല്ലെങ്കിൽ കേരളത്തിലെ ഏതോ ഒരു തിയേറ്റർ ഉടമ, അതുമല്ലെങ്കില്‍ ജീവനക്കാർ അറിഞ്ഞുകൊണ്ട്.
അല്ലാതെ മൊത്തം ഇൻഡസ്ട്രിയെയും തിയേറ്റർ ഉടമകളെയും ടെക്നോളജിയെയും വിഡ്ഢികളാക്കി ഇത്തരം നിയമ ലംഘനങ്ങൾ കേരളം പോലൊരു സംസ്ഥാനത്തിൽ നടക്കുകയില്ല." കേരളത്തിലെയും സൗത്ത് ഇന്ത്യയിലെയും മിക്ക തിയേറ്ററുകളുടെ ഇൻഫാസ്ട്രക്‌ച്ചർ ഒരുക്കുന്ന പ്രമുഖ ടെക്‌നിക്കൽ ടീമിന്‍റേതാണ് മേൽപ്പറഞ്ഞ അഭിപ്രായം.
"സിനിമ മികച്ച കാഴ്‌ച അനുഭവത്തിൽ കണ്ട് ആസ്വദിക്കേണ്ട കലാസൃഷ്‌ടിയാണ്. തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്ന സിനിമസ്വാദനം മറ്റൊരു മാർഗ്ഗത്തിലൂടെയും ലഭിക്കുകയില്ല. അത്തരമൊരു തിരിച്ചറിവ് സ്വയം തോന്നേണ്ടത് പ്രേക്ഷകർക്കാണ്. മങ്ങിയ ദൃശ്യങ്ങളും നിലവാരമില്ലാത്ത ശബ്‌ദവും ഉൾക്കൊള്ളുന്ന ഇത്തരം തിയേറ്റർ പ്രിന്‍റുകൾ കാണുന്നത് കൊണ്ട് പ്രേക്ഷകർക്ക് യാതൊരു തരത്തിലുള്ള ആനന്ദവും ലഭിക്കുകയില്ല.
കോടിക്കണക്കിന് രൂപ മുടക്കി ഒരു സിനിമ തിയേറ്ററില്‍ എത്തിക്കുന്ന നിർമ്മാതാവിന്‍റെയും ആ സിനിമ അന്നമായ നിരവധി അണിയറ പ്രവർത്തകരുടെയും നെറുകയിൽ തറയ്‌ക്കുന്ന ആണി മാത്രമാണ് ഇത്തരം തിയേറ്റർ പ്രിന്‍റുകൾ. തമിഴ് ബ്ലാസ്‌റ്റേഴ്‌സ് എന്ന നെറ്റ്‌വർക്കിന് താഴിടുക അത്ര എളുപ്പമുള്ള കാര്യമല്ല. ഇന്ത്യയിൽ ഇന്‍റർനെറ്റ് സേവനം നൽകുന്ന എല്ലാ ദാദാക്കളും ഒരുമിച്ച് പ്രവർത്തിച്ചാലും ഏതെങ്കിലും ഒരു മാർഗത്തിൽ തമിഴ് ബ്ലാസ്‌റ്റേഴ്‌സ് പുനർജനിക്കും. കാരണം അവരുടെ വേരുകൾ ഇന്ത്യയിലല്ല. അവരുടെ ശാഖകൾ വളർന്ന് ഭ്രാന്തരിച്ചിരിക്കുന്നത് ഇതൊന്നും നിയമ ലംഘനം അല്ലാത്ത നാടുകളിലാണ്. കാഴ്‌ചക്കാർ സ്വയം തീരുമാനിക്കുക, ബോധ്യപ്പെടുക. തിയേറ്റർ പ്രിന്‍റ് കാണില്ല. കാണുന്നത് ക്രിമിനൽ കുറ്റമാണ്." -എന്‍റർടെയിന്‍മെന്‍റ് അനലിസ്‌റ്റുകളുടെയും ടെക്‌നിക്കൽ ഏക്‌സ്‌പെര്‍ട്ടുകളുടെയും സംയുക്ത അഭിപ്രായം.