ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ റൈഫിൽ ക്ലബ്ബ്. വമ്പന്‍താരനിരയോടെ ഡിസംബർ 20 ന് ഈ ചിത്രം തിയറ്റുകളിൽ എത്തുകയാണ്. കഴിഞ്ഞദിവസം പുറത്തിറക്കിയ ട്രെയിലർ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ ആളിപ്പടരുകയാണ്. റൈഫിൽ ക്ലബ്ബ് എന്ന ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്‌തിരിക്കുന്ന നടൻ വിഷ്‌ണു അഗസ്ത്യ സിനിമയുടെ വിശേഷങ്ങൾ ഇ ടി വി ഭാരതുമായി പങ്കുവയ്ക്കുന്നു.
ആർ ഡി എക്‌സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ റോബർട്ടിനെയും ഡോണിയെയും സേവിയറേയും കിടുകിട വിറപ്പിച്ച ഒരു വില്ലനെ മലയാളി അത്രപെട്ടെന്ന് മറക്കാൻ ഇടയില്ല. ടെലിവിഷൻ മേഖലയിൽ നിന്നും സിനിമ മേഖലയിലെത്തി തന്റേതായ ഒരു സ്ഥാനം വിഷ്‌ണു അഗസ്ത്യ ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു. നിരവധി സിനിമകളിൽ വേഷങ്ങൾ കൈകാര്യം ചെയ്‌തിട്ടുണ്ടെങ്കിലും ആർ ഡി എക്‌സ് എന്ന ചിത്രം കരിയറിലെ വഴിത്തിരിവായി. ആർ ഡി എക്‌സിലെ വില്ലൻ വേഷം തന്നെയാണ് റൈഫിൽ ക്ലബ് പോലുള്ള വമ്പൻ സിനിമകളിലേക്ക് വിഷ്‌ണു അഗസ്ത്യ എന്ന നടനെ പ്രധാന വേഷങ്ങളിലൊക്കെ പരിഗണിക്കുന്നതിന് കാരണമായത്. തന്‍റെ സിനിമ വിശേഷങ്ങളെ കുറിച്ച് ഇടിവി ഭാരതുമായി വിഷ്‌ണു അഗസ്‌ത്യ സംസാരിച്ചു തുടങ്ങുകയാണ്.
സീനിയറായ അഭിനേതാക്കള്‍
വളരെയധികം സീനിയർ ആയിട്ടുള്ള അഭിനേതാക്കളോടൊപ്പം വർക്ക് ചെയ്യാനുള്ള ഒരു ഭാഗ്യം സിദ്ധിച്ചു എന്നുള്ളതാണ് റൈഫിൾ ക്ലബ്ബ് എന്ന സിനിമയെക്കുറിച്ച് ആദ്യം തന്നെ പറയാനുള്ളത്. ആഷിക് അബുവിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന മികച്ചൊരു ചിത്രം തന്നെയാണ് റൈഫിൾ ക്ലബ്ബ്. സിനിമ സ്വപ്‌നം കണ്ട് തുടങ്ങുന്ന കാലത്ത് തന്നെ ആഷിക് അബുവിനെ പോലുള്ള സംവിധായകരോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്നു.
വാണി വിശ്വനാഥ്, വിജയരാഘവൻ, ഹനുമാൻ കൈന്‍ഡ്, സുരഭി ലക്ഷ്‌മി, അനുരാഗ് കഷ്യപ് തുടങ്ങി സീനിയർ താരങ്ങളോടൊപ്പം ഉള്ള ഷൂട്ടിംഗ് മുഹൂർത്തങ്ങൾ ഒരു അഭിനേതാവ് എന്നുള്ള രീതിയിൽ തന്നെ ഒരുപാട് കാര്യങ്ങൾ ഉൾക്കൊള്ളുവാനും പഠിക്കുവാനും സഹായിച്ചു. ഗോഡ്ജോ എന്നൊരു കഥാപാത്രമാണ് ഡാനി സിനിമയിൽ അവതരിപ്പിക്കുന്നത് എന്ന് വിഷ്‌ണു അഗസ്ത്യ പറഞ്ഞു.
ആയുധം വച്ചുള്ള പരിപാടി
തോക്കും മറ്റ് ആയുധങ്ങളും ഒക്കെ വച്ചുള്ള ഒരു പരിപാടിയാണ്. വെറുതെ നമ്മൾ സിനിമയിൽ ഒക്കെ മുൻപ് കാണുന്നതുപോലെ തോന്നിയ രീതിയിൽ ഒന്നും ആയുധങ്ങൾ കൈകാര്യം ചെയ്യുവാൻ സാധിക്കില്ല. തോക്ക് ഉപയോഗിക്കുന്നതെങ്ങനെ അത് പിടിക്കുന്നത് എങ്ങനെ എന്നതിനെക്കുറിച്ചൊക്കെ മനസ്സിലാക്കി തരാൻ പ്രൊഫഷണൽ ആയിട്ടുള്ള ആളുകൾ എപ്പോഴും സെറ്റിൽ ഉണ്ടായിരുന്നു. തോക്കു കൊണ്ടുള്ള രംഗങ്ങളൊക്കെ ചിത്രീകരിക്കുന്നതിന് മുൻപ് തന്നെ നേരത്തെ പറഞ്ഞ പ്രൊഫഷണൽ ആയിട്ടുള്ള ആൾക്കാർ നമുക്ക് കൃത്യമായ ട്രെയിനിങ് തരും.
വാണി വിശ്വനാഥ് എന്ന ഫയര്‍ ബ്രാന്‍ഡ്
ഈ സിനിമയിലെ ഏറ്റവും വലിയ ഒരു പ്രത്യേകതയായി എനിക്ക് തോന്നിയത് വാണി വിശ്വനാഥിന്‍റെ ശക്തമായ ഒരു തിരിച്ചുവരവ് തന്നെയാണ്. വളരെ സൂപ്പർ കൂൾ ആയിട്ടുള്ള വ്യക്തിത്വമാണ് വാണി ചേച്ചിയുടേത്. ഒരു അഭിനേതാവ് എന്നുള്ള നിലയിൽ ചേച്ചിയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ ഒരുപാട് കാര്യങ്ങളുണ്ട്. സെറ്റിലെത്തി രണ്ടുദിവസം കഴിഞ്ഞപ്പോൾ തന്നെ വാണി ചേച്ചിയുമായി മികച്ച ഒരു സൗഹൃദം സൃഷ്ടിക്കാൻ സാധിച്ചു.
എനിക്ക് തോന്നുന്നില്ല മലയാളത്തിൽ ഇത്രയും ബോൾഡ് ആയിട്ടുള്ള ഒരു അഭിനയത്രി ഉണ്ടെന്ന്. ആക്ഷൻ രംഗങ്ങളിൽ വാണി ചേച്ചിയെ പോലെ ഫൈറ്റ് ചെയ്യാനൊക്കെ കപ്പാസിറ്റിയുള്ള മറ്റൊരു ആക്ട്രസ് വേറെയില്ല. നടന്ന് വരുന്ന ആറ്റിട്യൂട് കാണാൻ തന്നെ വളരെ രസമാണ്. തോക്കൊക്കെ എടുത്ത് പിടിക്കുന്ന രംഗങ്ങളൊക്കെ എത്ര പെർഫെക്റ്റ് ആണെന്ന് അറിയാമോ. തോക്ക് ഉപയോഗിക്കാൻ വാണി ചേച്ചി ആരും പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ?
ഹനുമാന്‍ കൈന്‍ഡിനൊപ്പമുള്ള അനുഭവം
സെറ്റിലെ നല്ല സൗഹൃദങ്ങളിൽ ഒരാളായിരുന്നു ഹനുമാൻ കൈൻഡ്. ഈ സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് അദ്ദേഹത്തിന്‍റെ ബിഗ് ഡോഗ്‌സ് എന്ന ആൽബം പുറത്തിറങ്ങിയിട്ടില്ല. ഈ സിനിമയുടെ ലൊക്കേഷൻ പലയിടത്തും കൃത്യമായ മൊബൈൽ കവറേജ് ലഭിക്കുമായിരുന്നില്ല. ആ സമയത്ത് പ്രിയപ്പെട്ട ഫുട്ബോൾ ക്ലബ് ആയ ആഴ്സണൽ എഫ് സി യുടെ മാച്ച് ലൈവ് ഉണ്ടായിരുന്നു. ഫോണിന് കവറേജ് ഇല്ലാത്തത് കാരണം ഹനുമാൻ കൈൻഡിന് ആ മാച്ചുകൾ കാണാൻ ബുദ്ധിമുട്ടുണ്ടായി. ആ സമയത്ത് തന്റെ ഫോണിൽ റേഞ്ച് ഉണ്ടായിരുന്നതുകൊണ്ട് മാച്ച് കാണാൻ ഹനുമാൻ കൈൻഡിന് തന്റെ ഫോൺ നൽകി. എല്ലാ മാച്ചും ഹനുമാൻ കൈൻഡ് തന്റെ ഫോണിലൂടെയാണ് കണ്ടത്.
അനുരാഗ് കഷ്യപുമായി തനിക്ക് കോമ്പിനേഷൻ രംഗങ്ങൾ ഇല്ല. തന്‍റെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താതിരിക്കുന്നത് സിനിമ കാണുമ്പോൾ ആ കഥാപാത്രത്തിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സർപ്രൈസ് ഇലമെന്‍റ് നഷ്ടപ്പെടുത്തണ്ട എന്ന് കരുതിയാണ്. സംഭവം വേറെ ലെവലാണ്. കഥാപാത്രത്തെ ഉൾക്കൊള്ളാനും അവതരിപ്പിക്കാനും എനിക്ക് വലിയ ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല. അതെന്തുകൊണ്ടെന്നാൽ നമ്മൾ എന്താണെന്നും നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നും നമ്മുടെ മാസ്റ്റേഴ്സിനു കൃത്യമായിട്ട് അറിയാം. നമ്മൾ അറിയാതെ നമ്മളിൽ നിന്ന് എന്തൊക്കെ വേണമോ അതെല്ലാം അവർ ചോർത്തിയെടുക്കും. എന്തെങ്കിലും തരത്തിലുള്ള മികച്ച ഒരു അഭിനയ മുഹൂർത്തം കാഴ്ചവെച്ചിട്ടുണ്ടെങ്കിൽ അത് സംവിധായകന്‍റെ ക്രാഫ്‌റ്റിന്‍റെ കൂടി പരിണിതഫലമാണ്.